Tuesday, September 20, 2016

ഉത്തരം താങ്ങിയ ചോദ്യച്ചിഹ്നം



നിന്റെ കണ്ണിലെ തീക്ഷണതയെ അത്രയും
എന്റെ കീറിയ ചുണ്ടാലെ ഒപ്പി ഞാൻ
നിന്റെ കുഞ്ഞിപിരികവും നെറ്റിയും
നെറ്റി ചുളിച്ചൊരാ ആയിരം ചോദ്യവും
ഇല്ല അമ്മക്ക് അതിനൊന്നുമുത്തരം
മുത്തമൊത്തിരി മാത്രമെൻ മുത്തിനായ്
നൽകിയീയമ്മ പോയിടും വൈകാതെ
ഉത്തരം താങ്ങുന്ന ചോദ്യച്ചിഹ്നമായ്

പിന്നെ എന്നുണ്ണിയെ കെട്ടിപ്പിടിച്ചു ഞാൻ
എന്റെ ലോകം കൈയീലൊതുക്കി ഞാൻ
മെല്ലെ ഉയർന്നവൻ അമ്മയെ നോക്കിയോ
കണ്ണിലെൻ ഉണ്ണിയെ നിറച്ചു ഞാൻ പോകുന്നു
കണ്ണു നിറയാതെ നോക്കണം കണ്ണാ നീ
അമ്മയുടെ കണ്ണും നിറഞ്ഞില്ല കണ്ടുവോ

പിന്നെ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ
തുള്ളി കണ്ണീരിറ്റതിൽ വീണപോൽ
ഇനി നീ പോകയീ അമ്മയെ കാണേണ്ട
അമ്മക്കു പോകുവാൻ നേരമായ് നേരമായ്

ഇല്ല പേശികൾ തോലൊട്ടുന്നു എല്ലില്ലായ്
കണ്ണിൽ ഇരുട്ടായി നാക്കും കുഴയുന്നു
ഇല്ല ഞാൻ പെണ്ണായതല്ലയെൻ തെറ്റ്
ഇല്ല കരഞ്ഞില്ല അന്നും ഇന്നും ഞാൻ
കള്ളും കഞ്ചാവും കീറിയ സാരിയിൽ
പോറിയില്ലെൻ മാനം, ഒരുനാൾ നീ അറിയേണം

മോഹങ്ങൾ തീർക്കുന്ന വാത്മീകങ്ങളിൽ
ഉറങ്ങും ഉറക്കം അന്നു ഉണർന്നമ്മ
പൊട്ടിവീഴുന്ന ചിതൽപുറ്റാം മോഹങ്ങൾ
കൂട്ടിപ്പെറുക്കി ഞാൻ വെച്ചതേയില്ലുണ്ണി
ഏതോ ലഹരിയിൽ കുതിർന്നൊരാ ചുണ്ടുകൾ
അമർന്നു നൊന്ത ശിരസ്സോ താഴ്ന്നില്ല
ചോദ്യചിഹ്നമായ് ഇന്നു ഞാൻ പോയാലും
ഉത്തരം കിട്ടാത്ത ചോദ്യമല്ലീയമ്മ

അമ്മയാം ചോദ്യത്തിനുത്തരം നീയല്ലേ
അമ്മതൻ സ്നേഹം മാത്രം ഞാൻ വയ്ക്കുന്നു
നീളത്തിലുള്ള കയറിൽ കുരുക്കായി
ഉത്തരം താങ്ങട്ടെ ഇനിയീ മാംസത്തെ
എയിഡ്സായിരുന്നാലും തൂങ്ങിമരിച്ചാലും
അറിക നിന്നമ്മ സ്നേഹമാണെന്ന്
ഉത്തരം താങ്ങുന്ന ചോദ്യചിഹ്നം ഞാൻ
ഉത്തരം കിട്ടാത്തെ ചോദ്യമില്ലെങ്കിലും

No comments:

Post a Comment