Saturday, October 8, 2016

രാമു

ഇന്നെഴുത്താണ്.
ഇന്നത്തെ എഴുത്തിൽ കഥാപാത്രം രാമുവാണ്. അയ്യേ! ദെന്തു പേരാത്? ശരിയാണ് നല്ല അറുബോറൻ ക്ലീഷേഡ് പേര്. പക്ഷേ ഈ രാമുവിനെ എല്ലാർക്കും ഇഷ്ടമാണ്.
പണ്ട് ദൈവം അവനെ ഭൂമിയിലേക്ക് അയക്കുന്നതിന് മുൻപ് ചെവിയിൽ പറഞ്ഞത് അവന് ചെറിയ ഓർമയുണ്ട്. അങ്ങ് എതോ മലമുകളിൽ തണുപ്പിൽ പച്ചപ്പുൽ ഒരുക്കിയ മെത്തയിൽ 24 മണിക്കൂറും ഉറങ്ങിയും, ആകാശത്തെ നോക്കിയും, പാട്ടു പാടിയുമൊക്കെ ചിലവഴിക്കണമെന്നായിരുന്നു അവന്റെ ജീവിതലക്ഷ്യം. ദൈവം അങ്ങനെ ഓരോന്നൊക്കെ പറയും പക്ഷേ അതുപോലാണോ നമ്മുടെ ലോകം? നമ്മുടെ ലോകത്തിന് അതിന്റേതായ ദൈവങ്ങൾ ഉണ്ട്, പലത്, അതിന്റേതായ രീതികൾ ഉണ്ട്, വിശ്വാസങ്ങൾ ഉണ്ട്. ഇതൊക്കെ പാവം ദൈവം ഓർത്തുകാണില്ല. അല്ലെങ്കിൽ ഇങ്ങനെ ഒരു ജീവിത ലക്ഷ്യം ഒക്കെ ഉണ്ടാക്കുമോ?

എന്തായാലും രാമു പഠിച്ചു. പഠിക്കാതെ ഇവിടെ നിലനിൽക്കമെങ്കിൽ സംസാരിക്കണം. സംസാരിക്കാൻ രാമു അത്ര മിടുക്കൽ അല്ല. പഠിച്ചു പഠിച്ചു രാമു ഒരു ഡോക്ടർ ആയി. നിലനിൽക്കണ്ടേ. രാമു പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. പുഴക്കടവിൽ കളിച്ചുനടക്കേണ്ട ജോസപ്പും, മരംകേറി ചാടി മറിയേണ്ടിയുരുന്ന കുഞ്ഞുമോനും, മഴയിൽ നനഞ്ഞ് മണ്ണിൽ കുഴഞ്ഞ് ചെളിയിൽ അലിഞ്ഞ് ചിരിച്ചു കളിക്കേണ്ടിയിരുന്ന അഞ്ജുവുമൊക്കെ രാമുവിന്റെ ബാച്ച്മേറ്റ്സായിരുന്നു. എങ്കിലും ഇടക്ക് രാമുവിന്റെ സ്വപ്നങ്ങളിൽ ആ താഴ് വാരം തെളിയും. കാടു പിടിച്ചു കിടക്കുന്ന ആ ഒറ്റ മല. പിന്നെ ആ മലമുകളിലെ പച്ചപ്പുൽ വിരിച്ച കൊച്ചു സ്വർഗ്ഗം. അവിടുത്തെ കാറ്റിൽ അലിയുന്ന ഏതോ പാട്ട്. പിന്നെ അവൻ ഉണരും.

ഉണർന്നാൽ പിന്നെ അവന് ഹോസ്പിറ്റലിൽ പോകണം. അവിടെ നല്ല നായാട്ടുകാരനാവേണ്ടിയിരുന്ന പ്ലംബർ ബഷീർ 'ആൽക്കഹോൾ റിലേറ്റഡ് ക്രോണിക്ക് ലിവർ ഡിസീസ് ഇൻ എൻകെഫലോപ്പതി' ആയി കിടക്കുകയാണ്. അയാൾക്ക് രാവിലെ എനിമ കിട്ടിയോ എന്നു നോക്കണം. ബഷീറിന്റെ എനിമയേക്കാൾ വലുതല്ലല്ലോ എന്നും കാണുന്ന സ്വപ്നം. രാമുവിന് ഈ സിദ്ധി ഉള്ള കാര്യം അധികം ആർക്കും അറിയില്ലായിരുന്നു. എനിമ അന്വേഷിക്കുന്ന സിദ്ധി അല്ല കേട്ടോ. മുഖത്തുനോക്കി ജീവിതലക്ഷ്യം പറയുന്ന സിദ്ധി.
അഞ്ജു അന്ന് ലേറ്റ് ആയാണ് വാർഡിൽ എത്തിയത്. പിന്നെ അന്നു മരിച്ച ഏതോ പേഷ്യന്റിന്റെ ഡെത്ത് നോട്ട്സ് അവൾ എഴുതുകയായിരുന്നു. രാമു സ്ക്രീനിട്ടു മറച്ച ആ ബെഡ്ഡിലേക്ക് പോയി. കരയുന്ന ബന്ധുക്കൾക്ക് നടുവിൽ ഒരു ഭാവവ്യത്യാസ സുമില്ലാതെ ധീരയായി അവൾ മരിച്ചു കിടന്നു. മരിച്ച അവളുടെ പേര് അവനറിയില്ല. ചെയ്യാതെ എന്തോ ബാക്കിവെച്ചു പോയതിന്റെ വിഷമം അവൾക്കുണ്ടോ? അറിയില്ല. രാമു അവളെ നോക്കി ചിരിച്ചു. അവൾ അനങ്ങിയില്ല. ബോഡി പാക്ക് ചെയ്യാൻ ആളുകൾ വന്നു. കവിയും രാജാവും തേരാളിയും സന്യാസിയും ആകേണ്ടിയിരുന്നവർ ആ ശവത്തേയും താങ്ങി എങ്ങോട്ടോ പോകുന്നു.
ബഷീറിന്റെ ബെഡിലേക്ക് രാമു നടന്നു. പതിവുപോലെ ഇന്നും ബഷീറവിടെയില്ല. നായാട്ടുകാരനല്ലേ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടാവും.
" ഇന്നിങ്ങള് നേരത്തേയാണല്ലോ?" ബഷീറാണ്
"ഹെപ്പാറ്റിക്ക് എൻകെഫലോപ്പതിക്കാർ എണീറ്റു നടക്കാറില്ല"
"തിരിഞ്ഞു കിടന്നുതരാം, എനിമ തന്നു എനിമ തന്നു എന്തുണ്ടാവാനാണ് ഡോക്ടറേ, ഒന്നുമില്ല, പിന്നെ നിങ്ങളെ കാണുന്നത് ഒരു രസം"
എനിമ കൊടുക്കാൻ സിസ്റ്ററെ ഓർമ്മപ്പെടുത്താനായി നേഴ്സിങ്ങ് സ്റ്റേഷനിലേക്ക് രാമു നടന്നു.
അഞ്ചു സാറിന്റെ വായിലിരിക്കുന്നതൊക്കെ വെറുതേ കേൾക്കുന്നു. അവൾ ഇന്നും എന്തോ ഒപ്പിച്ചിട്ടുണ്ട്. അല്ലെങ്കിലും അവളെ കുറ്റം പറയാൻ പറ്റില്ല രണ്ടു പേരുടെ ജോലിയല്ലേ അവൾ ചെയ്യുന്നത്. അവളുടെയും അവളുടെ മരിച്ചുപോയ കോ - പി.ജി* യുടേയും.
'മരണം ബാക്കിവെച്ചു പോയതായി എന്തെങ്കിലും ഈ ലോകത്തുണ്ടോ?' രാമു ഉറക്കെയാണു ചിന്തിച്ചത് എന്നറിഞ്ഞത് പീതാംബരന്റെ ഉത്തരം കേട്ടിട്ടാണ്
"മണ്ണാങ്കട്ട "
അതെ മരിച്ചു മണ്ണാങ്കട്ട ആയ സ്വപ്നങ്ങളാണ്, ജീവിതലക്ഷ്യങ്ങളാണ് ഈ ലോകം മുഴുവനും
"അപ്പോ നമ്മളോ പീതാംബരേട്ടാ"
"നമ്മൾ വെറും നിഴലുകൾ"
പണ്ടു കുടിച്ച പട്ടച്ചാരായത്തിന്റെ ലഹരി ഇപ്പൊഴും കണ്ണിലെ മഞ്ഞനിറമായും വാക്കിലെ അർത്ഥപ്പെരുമഴയായും വീശിയാടുന്ന കംമ്പൗണ്ടർ പീതാംബരേട്ടൻ. കടലുകൾ താണ്ടി സഞ്ചരിക്കേണ്ടിയിരുന്നയാൾ.

കാന്റീനിലെ മൂലയിലെ ടേബിൾ. പണ്ട് രാമുവും അഞ്ചുവും അവിടെ തന്നെയായിരുന്നു ഇരിക്കാറ്. ഇന്ന് അഞ്ചുവും അവളുടെ പ്രസ്തുത വരനും വീണ്ടും കുട്ടികളായി ചിരിച്ചു കളിച്ചിരിക്കുന്നു .പുഴക്കടവിൽ കളിച്ചു നടക്കേണ്ട ജോസപ്പായിരുന്നു അടുത്ത ടേബിളിൽ. മരംകേറി കുഞ്ഞുമോൻ അവന്റെ കൂടെയുണ്ട്. ജോസഫ് നീരസത്തോടെ അവളെ നോക്കി.

" ഡാ, അതേയ് ഞാനാലോചിക്കുകയായിരുന്നു... നമുക്കങ്ങു കെട്ടിയാലോ?"
വളരെ സിംപിളായും പവർഫുള്ളായും പണ്ട് അഞ്ചു അവളുടെ പ്രേമം പറഞ്ഞതോർത്ത് രാമുവിന് ചിരി വന്നു. റൊമാൻസിന്റെ കാര്യത്തിൽ അവൾ പുലി തന്നെയായിരുന്നു. അവളുടെ കൂടെ ഉണ്ടായിരുന്ന നാളുകൾ മറക്കാനാവില്ല. ആ പുൽതകിടിയിൽ കിടക്കുന്ന സുഖം. അവന്റെ ജീവിതലക്ഷ്യം. അതുകൊണ്ടു തന്നെ അവൻ എപ്പോഴും പറയുമായിരുന്നു 'യൂ ആർ മൗ ലൈഫ്' .ലൈഫായാലും ഡെത്തായാലും അവൾ ഇപ്പോ വേറെ ഏതോ ഒരു അമൂൽ ബേബിയെ കെട്ടുന്നു. വെളുത്തു തുടുത്തു സുന്ദരനായ ഒരാളെ വേറെ എങ്ങനെ കളിയാക്കാനാണ്? പാവം രാമു. അവൻ അവനെത്തന്നെ ഒന്നു നോക്കി. കറുത്ത ശരീരം. ഉയരവും പോര. നല്ല വൃത്തികെട്ട ചിരി. അല്ലെങ്കിലും അവളെ കുറ്റം പറയാൻ പറ്റില്ല.

"എന്റമ്മോ, താങ്ക് ഗോഡ് ഐ ഡിൻറ്റ് മാരി ഹിം. ദാറ്റ് ലൂസർ വാസ് സോ പൊസ്സസ്സീവ്. "
സംഭാഷണം തന്നെക്കുറിച്ചാണെന്നറിഞ്ഞ രാമു ഒന്നു ചിരിച്ചു. ജോസഫിന്റെ മുഖത്ത് നീരസഭാവം കൂടിവന്നിട്ടുണ്ട്. കുഞ്ഞുമോനും രാമുവിന്റെ വശത്താണ്. ഉള്ളിലെ വിഷമം അവൻ പുറത്ത് കാണിക്കാത്തതാണ്.
" അവനെ കെട്ടിയിരുന്നെങ്കിൽ ഞാൻ തീർന്നേനേ " അവൾ തുടർന്നു
" ഓ! എന്നാ തീരാനാ? ഐ വുഡ് ഹാവ് മാരീഡ് യൂ സ്റ്റിൽ. വിധവയായിരുന്നാലും നീ എന്റേതാവണ്ടേതല്ലേ?"
"അതു ചുമ്മാ. മരിച്ചവരെപ്പറ്റി കുറ്റം പറയാൻ പാടില്ല. എങ്കിലും അവനെ സഹിക്കാൻ പറ്റില്ലായിരുന്നു"
ജോസഫിനേയും കുഞ്ഞുമോനേയും നോക്കിച്ചിരിച്ചു രാമു ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഇന്നതിന് രാമുവിന്റെ പേരാണ്. "ഡോ.രാമു മെമ്മോറിയൽ ബസ് സ്റ്റോപ്പ് "

എന്നിട്ട് അവൻ ആ മലമുകളിലേക്ക് പറന്നു. ഉറങ്ങാൻ.



2 comments:

  1. ഒ!!!!.വളരെ ഇഷ്ടമായി വിഷ്ണൂ.ഞാനിതെന്നാ കാണാൻ വൈകിയതെന്നേ ചിന്തിക്കുന്നത്‌!!!!!

    ReplyDelete
    Replies
    1. വളരെ സന്തോഷം സുധിയേട്ടാ. ബൂലോകത്തിലെ രാജാവ്, അല്ലെങ്കിൽ വേണ്ട, ബൂലോകത്തിന്റെ ബാഹുബലി ഈ ചെറിയ ബ്ലോഗ് വായിച്ചല്ലോ. നിമ്മതി!

      Delete