Wednesday, September 7, 2016

ഹോനായിയും പേരേരയും


ഹോനായി
ഒരിടത്തൊരു ഹോനായി ഉണ്ടായിരുന്നു. ജോൺ ഹോനായി.  പേരിലെ വില്ലത്തരമൊന്നും മൂപ്പരുടെ കൈയ്യിലില്ല. ലുക്കാണെങ്കിൽ തീരെയില്ല. ആകെക്കൂടെയുള്ളത് ഒരു ഗമണ്ഡൻ പേരാണ്. അങ്ങനെ ഹോനായിക്ക് ഇരുപത് വയസ്സ് തികഞ്ഞുകാണണം, അപ്പോഴാണ് അവനോട് ആദ്യമായി ഒരു പെണ്ണ് ചോദിച്ചത്. അല്ല ചോദിച്ചില്ലല്ലോ. പറയിപ്പിച്ചു എന്നു വേണം പറയാൻ. ആ കുപ്ലാംകുഴിയിലെ അമ്മൂമ നീട്ടി ഒരു ചോദ്യം ചോദിച്ചു 'വൈ ഡോൺട് യു ടെൽ മീ ഇടിയറ്റ്?' അമ്മൂമ നല്ല ബെസ്റ്റ് ആളാണ്. അമ്മൂമ എന്ന് പറഞ്ഞാ നമ്മുടെ ഹോനിയെക്കാളും ഒരു ആറു മാസം പ്രായം കൂടും. ഒരേ ക്ലാസ്സ് ആണ്. അമ്മൂമ പക്ഷേ പഞ്ചാബിയാണ്. നല്ല വെളുത്ത  ബോഡിയും ആവശ്യത്തിനു വട്ടും.  ഹോനായി ആദ്യം അന്തം വിട്ട് വണ്ടറടിച്ചു നിന്നെങ്കിലും, പിന്നെ ക്ലിക്കായി. ഇതു മറ്റേതാ - പ്രേമം. പിന്നെ  രണ്ടും കൽപ്പിച്ച് അങ്ങ് അടിച്ചുവിട്ടു. യെസ് ഐ ലൗ യു.

പിന്നങ്ങോട്ട് ഹോനായി ആളാകെമാറി. ഹിന്ദി പഠിച്ചു. ഇടക്കിടക്ക് ഠീക്ക് ഹേ, ആ രാം സേ എന്നൊക്കെ പറയാൻ തുടങ്ങി. കേട്ടാൽ മലയാളം പോലെ തോന്നുമെങ്കിലും അവൻ അവന്റെ യുള്ളിൽ തന്നെ അവൻ വളർന്ന് വളർന്ന് ഒരു ഷാറൂഖ് ഖാനായ് മാറിയിരുന്നു. ആദ്യചുംബനവും അതിന്റെ പൊള്ളുന്ന സുഖവും ആലിംഗനങ്ങളും കൂടിയാപ്പോൾ അവൻ ആർത്തുല്ലസിച്ചു. ഇപ്പോഴാണ് ഈ പേരിന് ഒരു കട്ടി വെച്ചത്. പക്ഷെ അമ്മൂമ വെച്ചത് അവനിട്ടായിരുന്നു. അമ്മൂക്ക് ഒന്നിളകി...വട്ടേ. ആ ഇളക്കത്തിൽ അമ്മൂമ ക്ലാസിലെ കവിയും  സ്വയം പ്രഖ്യാപിത ഇന്റലക്ചലുമായ നിശ്ചലിന്റെ ഗേൾഫ്രണ്ടായി. ഹോ ഗയാ. സബ് നിശ്ചൽ ഹോ ഗയാ. എല്ലാം നിശ്ചൽ  കൊണ്ടുപോയി. അവൻ അവനോട് തന്നെ പറഞ്ഞു.
പിന്നെ ഹോനായി നിരാശാ കാമുകനായി കുറച്ചു നടന്നു. കുടിച്ചു. വലിച്ചു. കുറച്ചു നാൾ ജിമ്മിൽ പോയി,  മുട്ടയുടെ വെള്ള കഴിച്ചു, പ്രോട്ടീൻ ഷെയ്ക്ക് കുടിച്ചു. മസിൽ വന്നില്ലെങ്കിലെന്താ. ഓരോ പുഷപ്പിലും അവളേം നിശ്ചലിനേയും ശ്വാസം മുട്ടിച്ചില്ലേ? മനസ്സിലെങ്കിലും.
കാലം വീണ്ടും കടന്നു പോയി. ഹോനായി ജിം വർക്കൗട്ടൊക്കെ നിർത്തിയെങ്കിലും, വലിയും കുട്യും  നിർത്തിയേയില്ല. പോരാത്തതിന് കഞ്ചാവും അത്യാവശ്യത്തിനുണ്ട്. കഞ്ചാവ് അടിച്ചത് വാശിപ്പുറത്താണ്. നിശ്ചലിനേക്കാൾ നന്നായി എഴുതാൻ. നമ്മുടെ ഹോനായി ഇപ്പോൾ വല്യ എഴുത്തുകാരൻ കൂടിയാണ്. ഫേസ്ബുക്കിലെ ഹോനായിയുടെ പോസ്റ്റുകൾ വളരെ ഫേമസ് ആണ്. പക്ഷേ  കുപ്ലാംങ്കുഴിയും അമ്മൂമ്മയും അങ്ങു പുരോഗമിച്ചിരുന്നു. അമ്മൂമ്മ ഇപ്പൊ ഒരു സിംഗപ്പൂർ- മലയാളി എൻ.ആർ.ഐ ചെക്കന്റെ കൂടെ ലിവ് ഇൻ ആണ്. അവന്റെ മുടിഞ്ഞ ഇംഗീഷ് കേട്ടാൽ പണ്ട് ചങ്ങനാശേരി അഭിനയയിൽ കാശ് കൊടുത്ത് ടെർമിനേറ്റർ കണ്ട ഓർമ്മ വരും.
അങ്ങനെ കഞ്ചാവടിച്ച്

 'പഞ്ചപാണ്ടവൻമാർ സഞ്ചിഭാണ്ടങ്ങളിൽ ഇഞ്ചിതോണ്ടിയിട്ടു പിന്നെ കഞ്ചാവും'

എന്ന കാവ്യ ശില്പം രചിച്ച് എഫ് ബി യിൽ പോസ്റ്റ് ചെയ്യുമ്പോഴാണ്, കഞ്ചാവിന്റെ  പുകമറക്കു പിന്നിൽ അവൾ തെളിഞ്ഞു വന്നത്. അവന്റെ മാലാഖ. ഇപ്പൊ ഒരു  ഫ്രണ്ട് റിക്വസ്റ്റിന്റെ രൂപത്തിലാണ്. 'ശകുന്തള'.


ഈ മുനികുമാരിക ഹോനായിയുടെ കളിക്കൂട്ടുകാരിയായിരുന്നു. അപ്പൻ ഹോനായിയും ശകുന്തളയുടെ താതകണ്വനും കൂട്ടുകാരായിരുന്നു. ഇനി സിനിമയിലെ പോലെ അവർ ഇവരുടെ വിവാഹം നേരത്തെ ഉറപ്പിച്ചു വെച്ചിട്ടുണ്ടോ? അറിയില്ല. ആക്രാന്തം മൂത്ത് ഹോനായി റിക്വസ്റ്റ്  അക്സെപ്റ്റ് ചെയ്തു. അങ്ങ് ദൂരെ മദ്രാസിലെ ഏതോ ഹോസ്റ്റൽ മുറിയിൽ ശകുന്തള ഒരു ചുവന്ന പ്ലാസ്റ്റിക് കുടം പിടിച്ച് അവനെ അവളുടെ ചിമ്മുന്ന മാൻമിഴികളാൽ നോക്കിപ്പിടഞ്ഞ് 'നാഥാ...' എന്നു വിളിച്ച് ഒരു ദീർഘനിശ്വാസം വിട്ടതാണോ ഒരു കാറ്റായ് അടിച്ചത്? അവൻ ചിന്തിച്ചു. ദൈവം അവനെ ഒന്ന്  ഊതിയതാണ്  കാറ്റായടിച്ചതെന്ന് അവൻ വളരെ വൈകിയാണ് മനസ്സിലാക്കിയത്.

പിന്നെ ദീർഘദൂര പ്രണയത്തിന്റെ നാളുകളായിരുന്നു. സെൽഫികളും വീഡിയോ ചാറ്റും വിരഹത്തെ കളിയാക്കി.  ഇടക്ക് രണ്ടു മൂന്നു വട്ടം അവർ കണ്ടുമുട്ടുകയും ഉണ്ടായി. അത് വീണ്ടും  സംഭവിച്ചു. ശകുന്തള ഒരു സുപ്രഭാതത്തിൽ ഹോനായിയുടെ സീനിയർ ആയ ഫിബിന്റെ കൂടെ ഒളിച്ചോടി. ഹോനായി തപോഭൂവിലെ താതകണ്വനെ പ്രാസം ചേർത്തും ചേർക്കാതെയും പലവട്ടം സ്മരിച്ചു. വീണ്ടും കഞ്ചാവടിച്ചു. കവിതയെഴുതി.


' പുകഞ്ഞുകത്തി നിറഞ്ഞുകുത്തി  ഉറച്ചുണർത്തി
നീ കഞ്ചാവേ... നീയാണെൻ മസ്തിഷ്കവും മസ്തിഷ്ക പ്രക്ഷോപണവും '


പെരേര
ഇനി പെരേര. സേറ പെരേര. ആളിച്ചിരി ഫേമസ് ആണ്. ആർ.ജെ  സേറ. പലരുടേയും പകലുകൾക്ക് ശുഭാപ്തിവിശ്വാസത്തിന്റെ പോസിറ്റീവ്  എനർജി നൽകുന്നവൾ. എങ്കിലും നമുക്ക് അവളെ ഹോനായി വിളിക്കുന്നപോലെ മിസ്റ്റർ പെരേര എന്നു വിളിക്കാം. പെരേര ആംഗ്ലോ ഇന്ത്യൻ ആണ്. നല്ല ശുദ്ധമായ കൊച്ചി ഭാഷയിൽ മലയാളവും ഇംഗ്ലീഷും പറയുന്നവൾ.  കാണാപ്പാഠം പഠിച്ച് റേഡിയോയിൽ പുലമ്പുന്നതുപോലയേയല്ല ആള്. ശുദ്ധ തറയാണ്. കുശുമ്പും അസൂയയും വക്രബുദ്ധിയും അവൾ കഴിഞ്ഞേ വേറെ ആർക്കെങ്കിലും ഉള്ളൂ. എങ്കിലും ഹോനായി പറയുന്നത് സത്യമാണ് ആളൊരു പാവമാണ്. പെരേരയുടെ ജീവിതത്തിൽ ഈ പറയുന്നപോലെ പ്രണയവും തേപ്പും അധികമൊന്നുമുണ്ടായിട്ടില്ല. 'ആൾക്ക് അയിനൊന്നും ടൈമില്ലാന്നേയ്' തൃശ്ശൂരു വളർന്ന കഷണ്ടിക്കാരൻ അപ്പൻ പെരേര പറയും. പക്ഷേ, ഏതു പെരേരയയേയും പോലെ അവളുടേയും ടൈം വന്നു. അത്  പറയാം.
പെരേര ലുക്കിൽ മോശമല്ല. സായിപ്പിന്റെ വെളുപ്പ്, തവിട്ട്  കൃഷ്ണമണികളുള്ള വലിയ കണ്ണുകൾ, വട്ടമുഖം. പിന്നെ പേരിനും നല്ല കട്ടിയുണ്ടല്ലോ. ഹോനായിയെ പോലെ കഞ്ചാവടിയും ഇല്ല.

ഹോനായിയും പെരേരയും 

ഹോനായി അവന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പട്ടി 'മാക്സി'ന് ബിസ്കറ്റ് വാങ്ങാനായി സൂപ്പർ മാർക്കറ്റിൽ കയറിയതാണ്. പെരേര അവളുടെ പട്ടി 'ലൂക്കി'നായും. ധൃതിയിൽ പെഡിഗ്രീ പാക്കറ്റ് എടുത്ത് രണ്ടു ദിശയിലേക്ക് തിരിഞ്ഞു നടക്കുമ്പോഴാണ് അവർ അറിഞ്ഞത് അവർ രണ്ടു പേരും ഒരു പാകറ്റിന്റെ രണ്ടറ്റത്തായി പിടിച്ചു നിൽക്കുകയാണെന്ന്. എവരി പെരേര ഹാസ് ഹെർ ഡേ എന്നു പറഞ്ഞതെത്ര സത്യമാണ്. പ്രണയം അവളെത്തേടിയും എത്തിയിരുന്നു. ഹോനായിയും പെരേരയും നോക്കിനിന്നു: അറിയാതെ. അവരുടെ ഇടയിലെ പട്ടിബിസ്കറ്റ് കവറിലെ നായ പോലും തെല്ലൊന്നു നാണിച്ചു. പട്ടിബിസ്കറ്റ് അവളെയേല്പ്പിച്ച് ഹോനായി തിരിഞ്ഞു നടക്കുമ്പോൾ കഞ്ചാവില്ലാതെ അവന്റെയുള്ളിൽ ഒരു കവിത വിരിഞ്ഞു. അതവൻ എഫ്.ബിയിൽ പോസ്റ്റ് ചെയ്തില്ല. എന്തായാലും നന്നായി.
അടുത്ത ദിവസം അവൻ അതേസമയം പട്ടിസാമഗ്രികൾ വച്ചിരിക്കുന്നയിടത്തിൽ അവളെ തേടി പോയി. ഹോനായിയെ പെരേര മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അവൾ ഒരു വലിയ പെഡിഗ്രീ കവറും തൂക്കി അവിടെ നിന്നിരുന്നു. അവളുടെ റീബോക്ക്  ഷൂവിനുള്ളിൽ അവൾ കാൽനഖം കൊണ്ട് ഒരു വര വരച്ചോ. അറിയില്ല.
പിന്നെ ഹോനായിയുടെ മാവ് വീണ്ടും പൂത്തു. ഇടക്ക് കുപ്ലാംങ്കുഴിയിലെ അമ്മൂമ അവിടുന്നു തന്നെയുള്ള ഒരു ചേട്ടനെ കല്യാണം കഴിച്ചിരുന്നു. ശുഭം.

ഇല്ല. അങ്ങനെ അങ്ങ് ശുഭമാകുമോ? ഇല്ല. ഒരു ആഗ്ലോ ഇന്ത്യനെ കെട്ടാൻ അപ്പൻ ഹോനായി അനുവദിക്കണ്ടേ? ആകെ സീൻ ആയി. അങ്ങനെ പെരേര അവളുടെ ആദ്യ പ്രേമത്തിന്റെ അന്തിക്കൂദാശ ചൊല്ലി. ഹോനായി കഞ്ചാവടിനിർത്തിയെന്നാണ് കേൾവി. എങ്കിലും കവിതകൾ വരാറുണ്ട്.
' അന്തിച്ചുവപ്പിൻ ചന്തമൂറും  ചുന്തരിപ്പെണ്ണെ നീ എങ്ങു പോയി?'

ചിലത് പെരേക്കുള്ള സന്ദേശങ്ങൾ പോലെ തോന്നും

 'ഓണത്തിനു മുന്നെ ഞായറാഴ്ച്ച ഞാനെത്തുമ്പോൾ ആ ഓട്ടുരുളി ഇപ്പോഴും കമഴ്ന്നിരിക്കുമോ?'





ഹോനായിയും പെരേരയും നമ്മളോരോരുത്തരുമാണ്. ജീവിതത്തിൽ അറിയാതെ അടുത്തവർ. പറയാതെ അകന്നവർ. അവർ ഇപ്പോഴും എവിടെയൊക്കെയോ ജീവിക്കുന്നു. പെരേര സന്തോഷമായിരുന്നാൽ ഹോനായിയും ഹോനായി സന്തോഷമായിരുന്നാൽ പെരേരയും ഹാപ്പിയാണ്.  ഹോനായി എഫ് ബി യിൽ എഴുതിയ പോലെ

 'പ്രാണസഖി ആത്മസഖി ആകണമെന്നില്ല. ആത്മസഖി പ്രാണസഖിയും. അഥവാ ആയാൽ, മനുഷ്യാ നീ ഭാഗ്യവാനാകുന്നു '


ശുഭം. ശരിക്കും.

No comments:

Post a Comment