Monday, September 19, 2016

കവിതക്കറ

കവിതക്കറ

എന്തു കൊണ്ടീ ചില്ലയിൽ പൂത്തില്ല
നല്ല സുന്തര കോമള പുഷ്പങ്ങൾ
രാവിൽ ഞാനെൻ സ്വപ്ന പ്രകാശത്താൽ
മെല്ലെ പൂക്കുന്ന പൂക്കളെക്കണ്ടുവോ
ഗന്ധസൗര്യഭ്യവും ചിന്തിയ കാന്തിയും
കുഞ്ഞുപൂവിന്റെ നിഷ്കളങ്കത്വവും
കണ്ടു ഞാൻ ഇന്നലെ എന്റെ സ്വപ്നങ്ങളിൽ
മിന്നിമായുന്നുവോ മായയോ മോഹമോ

ഇല്ല മുളളില്ല സാധുവാം ചില്ലയിൽ
പണ്ടു ചൊല്ലിയ കവിതക്കറ മാത്രം
കവിതക്കറയതിൽ പറ്റിപ്പിടിച്ചിടും
നിസ്വാർത്ഥ നശ്വര സ്വപ്നധൂളികൾ
പോയ വേനലത് കോറിയ പാടുകൾ
ലാളിച്ച മഞ്ഞുതുള്ളിയോ മാഞ്ഞുപോയ്
പാടുകൾ കറകൾ പിന്നെയീ മോഹങ്ങൾ
എന്തിനോ വീണ്ടും വെറുതെ ചിരിക്കുന്നു

ചത്ത പൂവിന്റെ ഒട്ടുന്ന തേനില്ല
പൂക്കാത്ത മൊട്ടിന്റെ പൊള്ളുന്ന നോവില്ല
ഓണത്തിന്നാടിയ ഊഞ്ഞാലിൻ സ്മാരകം
ആഴത്തിലാർന്ന രണ്ടു മുറിപ്പാട്
കൊക്കിന്റെ കാഠിന്യം കാണിച്ച് നോവിച്ചും
ഇണചേർന്നും കാഷ്ടിച്ചുമെങ്ങോ പോയവർ
എങ്കിലും വീണ്ടുമാ ചില്ല ചിരിക്കുന്നു
പൊള്ളുന്ന വെയിലിലും പൂക്കുന്നു സ്വപ്നങ്ങൾ

പൂക്കാത്ത മോഹങ്ങൾ കവിതയായ് വിരിയുമോ
വിണ്ടുകീറുന്ന വരികളിൽ ചോര ചുനക്കുമോ
വാക്കുകൾ ഇലകളായ് ആടുന്ന കാറ്റിലായ്
കവിതയുടെ ഈണം കേൾക്കാതെ പോകയോ
കവിതയത് പേറുന്ന ചില്ലയുടെ മാറിലായ്
ഒട്ടിപ്പിടിച്ച കറമാത്രം ബാക്കിയായ്

ഇന്നുമീ വീഥിയിൽ ചില്ലയാം കൈനീട്ടി
നിൽക്കുന്നു ഞാനാം പൂക്കാത്ത പൂമരം
എന്റെ ചില്ലയിൽ പൂക്കണ്ട ആ പൂക്കൾ
എന്റെ കവിതയാണെന്റെ ചെമ്പൂമൊട്ട്
നിന്റെ വണ്ടുകൾ തേടുന്ന തേനല്ല
നീറുന്ന ചെഞ്ചോരയാണതിൻ നെഞ്ചത്ത്
എന്റെ കവിതകൾ പൂത്തില്ലയെങ്കിലും
പറ്റിപ്പിടിച്ചിടും കറയായ് എൻ ചില്ലയിൽ

1 comment: