Monday, September 5, 2016

നിന്നെക്കുറിച്ചിനിയെന്തെഴുതുവാൻ

നിന്നെക്കുറിച്ചിനിയെന്തെഴുതുവാൻ!
നീ ഇന്നലെപ്പോയ് മറഞ്ഞ സന്ധ്യ!
ഏതോ സന്ധ്യ.

ഇന്നലെ നീയാ പുഴയിലൊഴുക്കിയോ
ചെമ്മേ നീന്തിയ ചെന്തളിർ പൊട്ടുകൾ?
ഓടിയൊഴുകിയും നാണിച്ചു നാണിച്ചും
നന്നേ ചുവന്നവർ, മൗനമാം ബിംബങ്ങൾ
എങ്കിലും ഓർക്ക നീ, പൊട്ടുകൾ പൊട്ടുകൾ
മൊട്ടിട്ട തുള്ളികൾ എത്രയോ എത്രയോ
ഇപ്പുഴ കണ്ടേപോയ്

മൂകയായ് വന്നു നീ, ചിരിതൂകി വന്നു നീ
ഏതോ കുളിരേകും ചിന്തയായ് വന്നുന്നീ
എന്നോതോന്നിയ അറിയാത്ത ദാഹത്താൽ
വറ്റിയുണങ്ങിയ നാക്കിനായ് നീയേകി
സ്വർണ്ണച്ചഷകത്തിൽ തെളിനീർത്തുള്ളികൾ
പുഴയിൽ തറക്കും പോക്കുവെയിലമ്പുകൾ
ഈ പൂവമ്പുകൾ

ഇന്നാ പൊട്ടുകൾ, ഏതോ കടലിലായ്
ഏതോ തിരയിലായ് മുങ്ങുന്ന സ്വപ്നങ്ങൾ
ഏതോ ചുരമതിൽ ഉഴറിയും പതറിയും
നുരയായും പതയായും ചത്തുപൊങ്ങുമ്പൊഴും
ഇന്നുമീ പുഴയിലായ് നിന്നെയോ തേടിയോ
ചെല്ലമാം തുള്ളികൾ മൊട്ടിട്ട മോഹങ്ങൾ
പളുങ്കുബിംബങ്ങൾ


ഇന്നുനീയില്ലിവിടെ ഇല്ലനിൻഓർമ്മയും
നിൻ ചുവപ്പില്ലിവിടെ ഇല്ലതിന്നീണവും
ഇല്ലനിൻ പ്രണയമില്ലില്ലതിലെ ചതിയതും
മെല്ലെയായൂരിയകസവോ ഇല്ലനിൻ പോക്കുവെയിലാടയിന്ന്
നിൻ നഗ്നമാം മേനിമാഞ്ഞിപ്പൊ രാവായ്
രാവിന്നീണത്തിൽ ഇഴുകിയാനദിയൊഴുകി
ഇന്നീ രാവോളം

നിന്നെക്കുറിച്ചിനിയെന്തഴുതുവാൻ!
നീ ഇന്നലെപ്പോയ്മറഞ്ഞ സന്ധ്യ! വെറുമൊരു സന്ധ്യ

No comments:

Post a Comment