Tuesday, August 30, 2016

ഹോസ്പിറ്റൽ ബെഡ്

തന്തയില്ലാത്തവർ
തന്തു തേടുന്നവർ
പിച്ചയെടുത്തവർ
പുച്ഛിക്കപ്പെട്ടവർ
കീറിയൂടുപ്പുകൾ
കോറിയ മോന്തകൾ
നാറുന്ന പുഞ്ചിരി
ഊറുന്ന ദാരിദ്ര്യം
കൊഞ്ചുന്ന കുഞ്ഞുമായ്
കെഞ്ചുന്ന തള്ളകൾ
ഛർദിച്ച ഷർട്ടിലും
വർദ്ധിച്ച ഗാംഭീര്യം
റോട്ടിൽ മരിച്ചവർ
കൂട്ടിൽ കിടന്നവർ
മാനം പോയവൾ
മാനം വിറ്റവൾ
കട്ടുകുടിച്ചവർ
വട്ടുപിടിച്ചവർ
കീറിയ കീശകൾ
നീറിയ പേശികൾ
റോഡ്സൈടുറങ്ങിയോൾ
ഐയ്ഡ്സോടുണർന്നവൾ


ഭൂമിക്കു മീതെയായ്
കേമത്തിൽ പണിതീർത്ത
നാലു മതിലുകൾ
നീലച്ചുവരുകൾ
അതിനുള്ളിൽ കിടന്നോട്ടെ
ചിതയതിനും വേണ്ടാത്തോർ
എല്ലാരും കിടന്നോട്ടെ
തെല്ലൊന്നു താങ്ങു നീ
മിണ്ടാതെ മൂളാതെ
കണ്ടിട്ടും കാണാതെ
എല്ലാരും പോയാലും
തെല്ലൊന്നു താങ്ങു നീ
ഈ ഹോസ്പിറ്റൽ വാർഡിലെ
ഈറനാം നോവിനെ
പേറുന്ന നീയല്ലേ
ഊറുന്ന നന്മയും
മായാത്ത സ്നേഹവും
തായെന്ന സത്യവും!

No comments:

Post a Comment