Monday, August 22, 2016

താരാട്ട്

വിശപ്പിന്റെ സ്വാദ് നാക്കിൽ അലിഞ്ഞ്, തലയിൽ ഒരു മയക്കത്തെ ഉണർത്തുന്നുണ്ട്. ഡപ്പാങ്കുത്ത് പാടിക്കൊട്ടിയാടി ഉത്സവം ആഘോഷിക്കുന്ന തമിഴ് മക്കൾ. റോഡിന്റെ മറുവശത്ത് മുഷിഞ്ഞ് നാറിയ വസ്ത്രവുമായി അവർ ഇരിപ്പുണ്ട്. കഴുകീട്ടോ മാറീട്ടോ മാസങ്ങളായിക്കാണും. റോഡ് സൈഡിലും, പ്ലാറ്റ്ഫോമിലും, ഗവ. ഹോസ്പിറ്റൽ തിണ്ണയിലും കിടന്ന് അഴുക്കായവ. സാരി ഒന്നുകൂടെ മുറുക്കിയുടുത്തു, വിശപ്പിനെ ഞെരിച്ചു കൊല്ലുംവിധം. ചെളിയും വിയർപ്പും ചേർന്നു സിമന്റു കൊണ്ടെന്നപോലെ ഉറപ്പിച്ച മുടിപടലങ്ങളെ നന്നേയിളക്കി തലയൊന്നു ചൊറിഞ്ഞു. ഒന്നു ചിരിച്ചു. പിന്നെ ഭ്രാന്തമായ് ആകാശത്തേക്ക് നോക്കി. അവർക്ക് പിറക്കാതെപോയ നാലു മക്കളെ ആദ്യം ഓർത്തു. എട്ടു ഗർഭങ്ങളിൽ നാലെണ്ണം അബോർഷനായിരുന്നു. ബാക്കിനാലും അവരുടെ ഭാര്യമാരും കഴിച്ചുറങ്ങിക്കാണും.

രണ്ട് ഒളിച്ചോട്ടങ്ങൾ. ഒന്ന് ഏതോ ലോകത്തിൽ നിന്ന് അവരെ ഇപ്പോഴും നോക്കുമെന്നു അവർ വിശ്വസിക്കുന്ന ഭർത്താവൊപ്പം മദിരാശിയിലേക്ക് വണ്ടി കയറിയത്. രണ്ട് അഗതികൾക്കായി ജോസഫ് നടത്തി വരുന്ന വൃദ്ധസദനത്തിൽ നിന്ന്. അന്നും ഇന്നും അവർ സ്വതന്ത്യയാണ്.

വീട്ടാത്ത കടങ്ങളുടെ ആഴം അവരുടെ പെറ്റ് തളർന്ന ഗർഭപാത്രത്തിന്റെ  ശിഥിലമായ പാളികൾക്കുള്ളിൽ അനന്തമായ് വളർന്നു കൊണ്ടേയിരുന്നു. ഏതോ ഡപ്പാങ്കുത്തിന്റെ താളത്തിൽ പണ്ടു പാടിയ താരാട്ടിന്റെ ഈണം ചേർത്ത് വെച്ച് അവർ അവരെ ഉറക്കി.

No comments:

Post a Comment