ഇരുട്ടിന്റെ പാതയ്ക്ക് കുളിരുണ്ട്
കുളിരിന്റെ കരളിൽ നീറ്റലുണ്ട്
നീറിയ കരളും പേറിയ കുളിരിന്
പാതയോരത്തായ് ഞാനുമുണ്ട്
കുളിരിന്റെ ലാളനം വെറുതെയെന്റെ
പകലിന്റെ ഓർമ്മയെ ഉണർത്തുമ്പോഴും
അറിയാതെ നീറുന്ന കുളിരും ഞാനും
ഒരു തുള്ളി വെള്ളമായ് കേണീടുന്നു
കുളിരിന്റെ കണ്ണീരാ മുല്ലപ്പൂവിൽ
നിറങ്ങളായ് നാളെ ചിരിച്ചിടുമ്പോൾ
അരിമുല്ലപ്പൂവിൻ സുഗന്ധമൂറും
ഓർമ്മകളെന്നിൽ വെറുതെ പൂക്കും
വെറുതെയാണെങ്കിലും തിരിഞ്ഞുനോക്കെ
പിന്നിട്ട വഴിയിൽ നിൻ കാൽപ്പാടില്ല
വഴിയിലെ കുളിരിന്റെ നെഞ്ചിൽ നോക്കെ
ഒരു പ്രാർത്ഥനയായ് നീ വെറുതെനിന്നു
വഴിയില്ലാതലയുമ്പോൾ വലയാതിരിക്കാനോ
വഴിയിൽ കുളിരായ് നീ വന്നുനിന്നു?
എന്റെ വഴിയിൽ കുളിരായ് നീ വന്നുനിന്നു?
No comments:
Post a Comment