Tuesday, June 28, 2016

ഓർമ്മയുടെ അക്ഷരങ്ങൾ

നാമന്ന് അക്ഷരങ്ങൾ മാത്രമായിരുന്നു
ഒരു വാക്കിന്റെ അർത്ഥപ്പെരുമയില്ലാതെ,
ഒരു വാചകന്റെ അർത്ഥമാനങ്ങൾക്കതീതമായ്,
വെറുതെ നറുശബ്ദങ്ങളായ് വെറും ബിംബങ്ങളായ്,
ഒഴുകിയ ഓർമ്മകൾ, അക്ഷരങ്ങൾ.

വാക്കുകളുടെ ഞെരുക്കങ്ങളിൽ
കൽപ്പിച്ച അർത്ഥങ്ങളിൽ
അനർത്ഥമായ വാചകങ്ങളിൽ
അവാച്യമായ അനുഭൂതികളുടെ
ഏച്ചുവെച്ച പ്രതിബിംബങ്ങളായ്
നാം മാറിയതെന്തിന്

ഇന്നുമെന്റെ പുസ്തകത്താളുകൾ
ശൂന്യമാണ്
അതിൽ വാക്കില്ല, വാചകമില്ല, അർത്ഥമില്ല, അനർത്ഥമില്ല
അതിന്റെ മീതെ പറന്നുനടക്കുന്ന അക്ഷരങ്ങളുടെ ഓർമ്മകൾ മാത്രം
ഒരിക്കലും താഴെ വീണു വാക്കുകളാവാത്ത ഓർമ്മകൾ മാത്രം

No comments:

Post a Comment