Monday, July 6, 2015

നിങ്ങളുടെ കവിത

എന്റെ കൈകളിൽ കവിതയുടെ ഭംഗിയില്ല
എന്റെ മനസ്സിൽ ഭാവനയുടെ തിരയാട്ടമില്ല
എന്റെയുള്ളിലെ ഓർമ്മകൾ പകരാൻ വാക്കില്ല
പിന്നെയുമീ വഴിപ്പോക്കന്റെ പിച്ചും പേയും
കേട്ടുറങ്ങിയ വഴിത്തുമ്പകൾ പൂത്തില്ല തളിർത്തില്ല
എഴുതുവാൻ അറിയില്ല പാടുവാൻ പാട്ടില്ല
ഇന്ന് പഴയതെറ്റുകൾ വെറുതേ ചികയുമ്പോഴും
ഇന്നും പുതിയവഴികൾ വീണ്ടും തിരയുമ്പോഴും
പോയവഴികളിൽ പോകാത്തവഴി തേടുമ്പൊഴും
പോയകാലത്തെ വെറുതെ തിരികെവിളിക്കുമ്പൊഴും
തിരിഞ്ഞുനോക്കാതോടുന്ന കാലത്തെയും
പോകാത്ത വഴിയിലെ എത്താത്ത കൊമ്പിനേയും
എത്തിവലിഞ്ഞു എത്താതെ പിടിക്കാനും
പിടിച്ച കൊമ്പിലിരുന്നോടുന്ന കാലത്തെ-
ക്കുറിച്ചൊരുകവിതയെഴുതിപ്പാടാനും മോഹം

വായനയില്ലാത്തയെന്റെ  ഏകാന്തതയിൽ
ഒരോക്കാനമായ് ഓർമ്മകൾ പൊന്തി വന്നു
വാക്കുകളറിയാത്ത ഈണങ്ങൾ തഴുകാത്ത-
യെന്റെയുള്ളിൽ ഏതോ വികാരം തിങ്ങിനിന്നു
എഴുതാത്ത പാടാത്ത പാട്ടായ് വിതുംമ്പിയത്
നിങ്ങൾ എനിക്ക് പകരാഞ്ഞ കവിതയോ

എങ്കിലും പോകുവാൻ ദൂരമേറെയുണ്ട്
പോകുന്നവഴികളിൽ പോകാത്തവഴി തേടേണ്ടതുണ്ട്
തെളിഞ്ഞ നെറ്റിയിൽ ചുളിവുകൾ എഴുതേണ്ടതുണ്ട്
ചുളിഞ്ഞ നെറ്റിയിൽ മുറിപ്പാട് കോറുവാനുണ്ട്
മേനി കറുക്കാനുണ്ട് മനമുറക്കാനുണ്ട്
തഴമ്പുകൾ പിറക്കാനുണ്ട് പാദങ്ങൾ വെട്ടിക്കീറുവാനുണ്ട്

പകരാത്ത കവിതകൾ നിങ്ങൾ ചൊല്ലുമ്പൊഴും
ചൊല്ലാത്ത കവിതയായ് വെയിലേറ്റു വാടുന്നു ഞാൻ

7 comments:

  1. പൊള്ളുന്ന വെയിലല്ലേ..
    വെയിലേറ്റു വാടല്ലേ..
    വന്നീ തണലിലിരുന്നാട്ടെ.. :)


    തളരാത്ത കാവ്യയാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും. നന്നായി എഴുതി.

    ശുഭാശംസകൾ....


    ReplyDelete
    Replies
    1. ☺ പിന്നെന്താ...

      വളരെ സന്തോഷം ഭായ് ! പാക്കലാം

      Delete
  2. എങ്കിലും പോകുവാന്‍ ദൂരമേറെയുണ്ട്. മടിക്കേണ്ട, യാത്ര തുടരുക

    ReplyDelete
  3. തഴമ്പുകൾ പിറക്കാനുണ്ട് പാദങ്ങൾ വെട്ടിക്കീറുവാനുണ്ട്
    നിറങ്ങള്‍ ഇഷ്ടായി.

    ReplyDelete
    Replies
    1. സന്തോഷം റാംജിയേട്ടാ. ഈ വരവിനും വായനക്കും പിന്നെ ആ ഓർമ്മയ്ക്കും നല്ല വാക്കുകൾക്കും 😀

      Delete