Friday, July 31, 2015

പിൻവിളിയായ പ്രാർത്ഥന

ഇന്നെന്റെ പുലരിയിൽ ജനാലയിലെപ്പളുങ്ക് പാളിയിൽ
ഒരു സ്വർണ്ണരേഖയായ് ഒരു നിരാലമ്പദീപ്തപ്രയാണമായ്
ഒരു മൗനസുന്ദരപ്രവാഹമായ്
ഒരു പിൻവിളിയായ് ഒരു രശ്മി

അതു വന്നുണർത്തിയ ഉറക്കത്തെ തെല്ലുമടിയോടെ തിരിച്ചയക്കുമ്പൊഴും
മെല്ലെത്തുറന്ന കണ്ണുകൾ മായുന്ന ഇരുട്ടിനെ സ്നേഹിക്കുമ്പൊഴും
അറിയാതെ ആ വിളി ഞാൻ കാതോർത്തു...

ഒരു വെയിലിന്റെ പ്രവാചകയോ ഒരു പകലിന്റെ പൈതലോ
ഒരിരുട്ടിന്റെ കഴുത്തിലാഴ്ന്നിറങ്ങിയ വാൾമുനയോ ആ രശ്മി,
പോയ ഉറക്കത്തെത്തിരികെ വിളിക്കാതെ ജനാലപ്പടിക്കൽ നോക്കുമ്പോൾ

അവിടെ വെളിച്ചം വരച്ച് വെച്ചതൊരുജ്ജ്വലമൂകപ്രാർത്ഥന
പ്രാർത്ഥനയില്ലാത്ത മാനസപാതയിലെ ഏകാന്തപഥികന്റെ
രാത്രികൾ മായ്ക്കുവാൻ ഒരു മന്ത്രദീക്ഷ
വെറുതെയൊരു മുന്നറിയിപ്പായ് ഒരു പേടിയായ് വീണ്ടും ഒരു പ്രതീക്ഷ.

2 comments:

  1. പ്രതീക്ഷകളുടെ, പ്രാർഥനകളുടെ പ്രകാശത്താൽ തുടങ്ങട്ടെ ഓരോ പുലരികളും.

    നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete
  2. പ്രകാശരശ്മികള്‍ പരക്കട്ടെ!!

    ReplyDelete