Friday, July 3, 2015

വിഹിതം അവിഹിതം

എവിടെ നിന്നോ തുടങ്ങി എങ്ങും എത്താത്ത റോഡുകൾ എന്തിനെയൊക്കെയോ ബന്ധിപ്പിക്കുന്നു. കാറിന്റെ പിൻസീറ്റിൽ മുട്ടുകുത്തി ഹെഡ് റെസ്റ്റിനെ മുറുകെ പിടിച്ചു പിന്നിട്ട റോഡിനെ നിഷ്കളങ്കതയോടെ മീര നോക്കി. പുറകിൽ വന്ന ബൈക്കിന്റെ പിൻസീറ്റിൽ ഹെഡ്സെറ്റും ചെവിയിൽ തിരുകിയിരുന്നയാൾ അവളെ നോക്കി വാത്സല്യത്തോടെ ആണെങ്കിലും എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നു. ജയദേവൻ വണ്ടിയോടിക്കുന്നതിനിടക്ക് അയാളുടെ ഓഡി എ ഫോറിന്റെ മുകളിലെ ചില്ലിലൂടെ ഒന്നു കണ്ണോടിച്ചു. വണ്ടിയുടെ അതേ വേഗത്തിൽ പുറകോട്ടോടുന്ന മരച്ചില്ലകൾ, ഇലകൾ. അവ തീർത്ത വലയുടെ മുകളിൽ മേഘങ്ങൾ ഏതോ കാറ്റിൽ വണ്ടിയുടെ ദിശയിൽ പതുക്കെ നീങ്ങുന്നു. മേഘങ്ങൾക്കും മേലെ ആകാശത്തിന്റെ കറുപ്പ് ഏതോ നിലാവ് തീർത്ത മെത്തയിൽ കിടന്നുറങ്ങി. ഇടതുവശത്തെ വിൻഡോയിലൂടെ ചന്ദ്രനേയും കാണാമായിരുന്നു. ഒന്നും മിണ്ടാതെ ഞങ്ങൾക്ക് കൂട്ടായി ചന്ദ്രനും.
വഴിയിൽ വച്ച് ലിഫ്റ്റ് ചോദിക്കുംമ്പോൾ എനിക്ക് പോകേണ്ടിയിരുന്ന അതേ ഹോസ്പിറ്റൽ വരെ ലിഫ്റ്റ് കിട്ടുമെന്നോ ഒരു മലയാളി തന്നെ ലിഫ്റ്റ് തരുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കൂടെ ജോലി ചെയ്യുന്ന, എന്നാൽ അത്ര അടുപ്പം ഒന്നുമില്ലാത്ത ഒരു കൂട്ടുകാരനു ഡെങ്കിപ്പനി. അവനെ നാളെ ഡിസ്ചാർജ്ജാവുന്നതിന് മുമ്പ് കണ്ട് ഹാജർ വെക്കണം, അടുത്തുള്ള ആന്ധ്ര ഹോട്ടലിൽ നിന്നും ഹൈദരാബാദി ബിരിയാണി കഴിക്കണം. അങ്ങനെ കൊച്ചു കൊച്ചു ആവശ്യങ്ങളുമായ് ഔട്ടർ റിംഗ് റോഡിന്റെ അരികിൽ ഒരു നിർത്താത്ത ഇന്നോവക്കു കൈകാണിച്ചപ്പോൾ പുറകേ വന്ന ഈ ചുവന്ന ഓഡി ലിഫ്റ്റ് തരികയായിരുന്നു.
ജയദേവൻ ഒരു പ്രത്യേക സ്വഭാവക്കാരനാണെന്നു കയറിയപ്പോഴേ തോന്നി. ആദ്യം ഒന്നു പരിചയപ്പെട്ടതിനു ശേഷം ഒന്നും മിണ്ടിയില്ല. പക്ഷേ ഒരു ഓഡിയിൽ പോകുന്നൊരാൾ ലിഫ്റ്റ് തരികയെന്നു വെച്ചാൽ. നല്ല മനുഷ്യൻ. ഓട്ടോക്കാരോട് കന്നടയിലും ഹിന്ദിയിലും തർക്കിക്കേണ്ടി വന്നില്ല. ഓല കാ ബ് ബുക്ക് ചെയ്യേണ്ടി വന്നില്ല. കിട്ടിയ കാശ് കൊണ്ട് വേണെങ്കിൽ ബിരിയാണി ഒന്നു കൂടെ അടിക്കാം. ഇങ്ങനെ പലതും ചിന്തിച്ച് രാത്രിയിൽ ബാഗ്ലൂർ റോഡുകൾ ഞാൻ നോക്കിയിരുന്നു.
ട്രാഫിക്കിൽ വണ്ടി കുടുങ്ങിയപ്പോൾ ഞാൻ ചോദിച്ചു 'മോള്ടെ അമ്മ?'
'ഹോസ്പിറ്റലിൽ ആണ് ' വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ അയാൾ പറഞ്ഞു
അല്ലെങ്കിലും ഞാൻ എന്തു മണ്ടനാണ്. എല്ലാവരും പേരിന് രോഗിയെ കാണാൻ പോകുന്നവരല്ലല്ലോ. ഇപ്പോഴാണ് എനിക്ക് ചോദിക്കാൻ തോന്നിയത്! ഇനി ഭാര്യ അവിടുത്തെ ഡോക്ടറാണോ? ജോലി കഴിഞ്ഞു ഭാര്യയേയും കൂട്ടി ഡിന്നറിനു പോകാനുള്ള പോക്കാണോ. ആകെ കൺഫ്യൂഷനിലായ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. അയാളൊന്നും മിണ്ടിയില്ല. യാതൊരു ഭാവവ്യത്യാസവും ഇല്ല. സംശയം മാറണമെങ്കിൽ ചോദിക്കതന്നെ വേണം.
' എന്താ അസുഖം? ' ഇനി ഭാര്യ ഡോക്ടറാണെന്നു പറയാനാണെങ്കിൽ ചമ്മാൻ റെഡിയായി ഞാൻ ഇരുന്നു. പെട്ടെന്ന് പുറകിൽ നിന്നും മീര പറഞ്ഞു 'അയ്യേ അതു അമ്മേന്റെ ഹോസ്പിറ്റൽ ആണല്ലോ'. ആ ആറു വയസ്സുകാരിയുടെ മുന്നിൽ ചമ്മാൻ എനിക്ക് സന്തോഷമേയുണ്ടായിരുന്നുള്ളു. റെഡിയാക്കി വെച്ച ചമ്മിയ മുഖം പുറത്തെടുക്കന്നതിന് മുൻപ് കല്ലിന്റെ കാഠിന്യം തോന്നിപ്പിക്കുന്ന സ്വരത്തിൽ ജയദേവൻ പറഞ്ഞു 'ബ്രെയിൻ ട്യൂമർ '

സിഗ്നൽ പച്ചയായത് എന്റെ ഭാഗ്യം. അല്ലെങ്കിൽ എന്തു ഭാവം വരുത്തണം എന്തു പറയണം എന്നൊക്കെ എനിക്ക് അറിയുമായിരുന്നില്ല. ഒരു പത്തു വയസ്സുകാരൻ സഭാകമ്പം കൊണ്ട്‌ പണ്ട് അസംബ്ലിയിൽ പരുങ്ങി നിന്നിരുന്നു. അന്നതെ ആ സഭാകമ്പം എന്നെവിട്ടു പോയിട്ടില്ല. ജയദേവൻ വണ്ടി ഓടിക്കുന്നതിന്റെ ശ്രദ്ധയിലാണ്. അയാൾക്ക് എന്റെ സിംപതിയോ ആശ്വാസവാക്കുകളോ മുഖം ചുളിച്ച് വിഷമം കാണിക്കുന്ന പ്രയോഗമോ ഒന്നും വേണ്ട. ഇനി വേണമെന്നാണെങ്കിൽത്തന്നെ അയാൾ അതൊട്ടും പ്രതീക്ഷിക്കുന്നില്ല. ഒരു പക്ഷേ ഞാനൊരു അപരിചിതനായതിനാലാവാം. എനിക്കു പക്ഷേ അയാളോടെന്തോ ഒരു ആരാധന തോന്നി.

വട്ടവും ചതുരവും അല്ലാത്ത മുഖം. ട്രിം ചെയ്തൊതുക്കിയ മീശയും താടിയും. ഇരുനിറം. വലതു നെറ്റിക്കു മുകളിൽ ഏതോ പഴയ മുറിവിന്റെ ഓർമ്മപ്പെടുത്തലായി ഒരു ചെറിയ പാട്. വെട്ടിയൊതുക്കിയ കുറ്റിമുടി. ചിരിക്കുമ്പോൾ മുൻപല്ലുകൾക്കിടയിലെ വിടവിന് ഒരു പ്രത്യേക ഭംഗിതന്നെയാണ്.  ബ്രാന്റഡ് ക്രീം ഷർട്ടും കറുത്ത പാൻറും കടും ചുവപ്പ് ടൈയും. ചാരനിറത്തിലെ ബ്ലേസർ ഒരു ഹാങ്ങറിൽ പുറകിലെ വിൻഡോയ്ക്ക് സമീപം തൂക്കിയിട്ടിരിക്കുന്നു. ആരാധനയോടെ ഞാൻ ഇങ്ങനെ അയാളെ നോക്കിക്കോണ്ടിരിക്കുമ്പോൾ പെട്ടെന്നയാൾ ചോദിച്ചു "നമുക്കൊരു കാപ്പികുടിച്ചാലോ?"
'ബെസ്റ്റ്! ഭാര്യ ആശുപത്രിയിൽ കിടക്കുമ്പോഴാ അങ്ങേരുടെ കാപ്പി' ഞാൻ ആലോചിച്ചു.
"എനിക്ക് വേണമെന്നില്ല, സാറിനു വേണമെങ്കിൽ കമ്പനിക്കു ഞാൻ റെഡി" കാപ്പിയെന്നാൽ എനിക്കു ജീവനാണെങ്കിലും വല്ല സി.സി.ഡി യിലോ സ്റ്റാർബക്സിലോ ബരിസ്തയിലോ പോയാൽ പിന്നെ ബിരിയാണി കഴിക്കാൻ കാശു തികഞ്ഞില്ലെങ്കിലോ എന്നു വെച്ചു പറഞ്ഞതാണ്. ഹെബ്ബാളിന് മുമ്പ് ഏതോ ഒരു ചെറിയ ബേക്കറിയുടെ മുന്നിൽ പല ദിശയിൽ പാർക്ക് ചെയ്യപ്പെട്ട ബൈക്കുകൾക്കിടയിൽ കഷ്ടിച്ചു കാർ പാർക്ക് ചെയ്യാൻ സ്ഥലം. ഒരു പ്രയാസവുമില്ലാതെ കാർ അയാൾ അവിടെ പാർക്ക് ചെയ്തു. 'നീ സുലൈമാനല്ല ഹനൂമാനാന് ഹനൂമാൻ' എന്റെ ചിന്ത ഞാൻ ഒരു മന്ദഹാസത്തിൽ ഒതുക്കി.
" അഫ്സല്ക്കാ ഒരു സുലൈമാനി" മീരെയേയും തോളത്തുവെച്ച് മലയാളി ബേക്കറിയിലെ തിരക്കിനിടയിൽ നുഴഞ്ഞുകയറി അയാൾ പറഞ്ഞു.
"എന്തെല്ലാ! ഇങ്ങളേടാർന്നൂ?''
വലതുവശത്തെ മീശ മാത്രം പിരിച്ച അഫ്സൽ ഇക്ക. ഒന്നു മീശ പിരിച്ചു വരുമ്പോഴേക്കും അടുത്ത ഓർഡർ വരും. ജയദേവന്റെ ഉത്തരത്തിനു കാക്കാതെ ഇക്ക അടുത്താൾക്ക് അയാൾ ചോദിച്ച സിഗററ്റ് കൊടുത്തു. തിക്കിന്റെയും തിരക്കിന്റെയും ഒക്കെ പിന്നിൽ എത്തിനോക്കിയാണ് ഞാനിതൊക്കെ കണ്ടു നിന്നത്. സുലൈമാനിയുമായി ജയദേവൻ വന്നു, മീരയുടെ കയ്യിൽ ഒരു ചോക്ലേറ്റും ഉണ്ടായിരുന്നു. അടുത്ത ഡ്രൈക്ലീനിങ്ങ് കടയുടെ തിണ്ണയിൽ ഞങ്ങളിരുന്നു. ബാഗ്ലുരിൽ രാത്രിയുടെ കുളിരും പേറിവരുന്ന ഒരു പടിഞ്ഞാറൻ കാറ്റുണ്ട്. രാത്രിയിൽ എന്റെ ഫ്ളാറ്റിലെ ടെറസ്സിൽ ഒരു കിങ്ങ്സും പുകച്ച് ഞാൻ സൊറ പറയാറുള്ള എന്റെ കാറ്റ്. സുലൈമാനിയുടെ മണം ആ കാറ്റിലൂടെ മൂക്കിൽ തട്ടിയപ്പോൾ എനിക്ക് സഹിക്കാനായില്ല, എതോ  അനൈച്ഛിക ചേഷ്ട പോലെ ഞാൻ തിരക്കിനിടയിലൂടെ വിളിച്ചു പറഞ്ഞു "ഇക്കാ ഒരു ലൈം ടീ". ലൈംടീ ബാഗ്ലൂരിൽ വന്നതിനു ശേഷം എന്റെ ബലഹീനതകളുടെ പട്ടികയിൽ ഇടം തേടിയിരുന്നു.

ലൈംടീക്ക് ഭാവം പലതാണ്, ചായയുടെ കമർപ്പും, നാരങ്ങയുടെ പുളിപ്പും, ആ ചെറിയ മധുരവും, കുടിക്കുമ്പോൾ എന്റെ മുഖത്തിനും വല്ലാത്ത ഒരു ഭാവം വരാറുണ്ട്. ഞാൻ ജയദേവനെ നോക്കി. അയാൾ എന്തോ ചിന്തിക്കുകയാണ്. മീര എനിക്ക് ഏതു ബ്രീഡെന്നറിയാത്ത ഒരു വലിയ പട്ടിയേയും അതിന്റെ യജമാനൻ മൊട്ടത്തലയേനും നോക്കി അയാളുടെ മടിയിൽ ഇരുന്നു. എനിക്ക് പട്ടിയെ പേടിയായതിനാലും ജയദേവൻ പറഞ്ഞ രണ്ടു വാക്കുകൾ എന്നെ അലട്ടിയതിനാലും ഞാൻ അയാള തന്നെ നോക്കി. ആ രണ്ടു വാക്കുകൾ  'ബ്രെയിൻ ട്യൂമർ'.

"ഈ പടിഞ്ഞാറൻ കാറ്റ് എനിക്ക് എന്നും ഒരു സംതൃപ്തിയുടെ ഓർമ്മയാണ്" അയാൾ അതു പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞതെന്തെന്ന് മനസ്സിലാവാത്തതു കൊണ്ട് ഞാൻ ചുണ്ടിന്റെ അടുത്തുവരെ കൊണ്ടുവന്ന ഗ്ലാസ്സ് താഴ്ത്തി കൗതുകത്തോടെ അയാളെ നോക്കി. "ഞാൻ ഈ രാപ്പകൾ പണിയെടുത്തുണ്ടാക്കുന്ന കാശ് കാണുമ്പോൾ പലരും പറഞ്ഞിട്ടുണ്ട് എനിക്ക് ആർത്തിയാണെന്ന്. പക്ഷേ വിശപ്പിന്റെ സ്വാദറിഞ്ഞവനേ ആർത്തിയുടെ വേവറിയൂ. എന്റെ വിശപ്പിന്റെ ഗന്ധവും അത്താഴത്തിന്റെ സ്വാദും പലപ്പോഴും ഈ കാറ്റായിരുന്നു. താൻ പട്ടിണി കിടന്നിട്ടുണ്ടോ?''  എന്റെ ഉത്തരത്തിനു കാക്കാതെ മോളെ എന്റെ മടിയിലാക്കി അയാൾ ചാടിയെണീറ്റ് കാർ വരെ നടന്നു. ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് ചായ ഗ്ലാസ്സ് വണ്ടിപ്പുറത്ത് വെച്ച് കൈകൾ രണ്ടും ചെറുതായി നിവർത്തി മുകളിലേക്ക്‌ നോക്കി ഒന്നു ചിരിച്ചു. ആർക്കോ നന്ദി പറയുന്ന പോലെ. അഞ്ച് മിനിറ്റ് മുമ്പുവരെ അയാൾ എനിക്ക് ഒരു അപരിചിതനായിരുന്നു. പക്ഷെ ഇപ്പൊ അയാളോടെന്തോ ഒരടുപ്പം തോന്നുന്നു. പാകമറിയാത്ത എന്റെ മനസ്സിൽ ഏതോ ബിരിയാണിച്ചോറ് വെന്ത് കുഴഞ്ഞു. കുറച്ച് കമർപ്പും പുളിപ്പം ഇല്ലാതെന്തു ജീവിതം? മോളെ എണീപ്പിച്ചു കാലിഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് ഞാൻ പറഞ്ഞു "ഇക്കാ ഒരു ലൈംടീ കൂടി."

മീരയും ഞാനും കാറിനടുത്തേക്കു നടന്നു.
"വൈഫിന് സീരിയസ് ആണോ?" ഞാൻ അന്വേഷിച്ചു.
"വൈഫോ?" ചിരിച്ചുകൊണ്ടയാൾ പറഞ്ഞു "കൃഷ്ണ ഇവളുടെ അമ്മയാണ്, എന്റെ ഭാര്യയല്ല."
"ലൈംടീ..." അഫ്സൽക്കാ വിളിച്ചു പറഞ്ഞു.
വീണ്ടും എന്തു പറയണം എന്നറിയാത്തത്ത് കൊണ്ട് ഞാൻ ചോദിച്ചു "സാറിന്റെ ജോലി?"
"ബിസിനസ്സ് ആണ്. മെഡിക്കൽ എക്യിപ്പ്മെന്റ്സിന്റെ. വാക്യുട്ടേനർ തുടങ്ങി എം. ആർ. ഐ. മെഷീൻ വരെ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നു. പിന്നെ സിംഗപൂരിൽ മെഡിക്കൽ എക്യിപ്പ്മെന്റ്
സിന്റെ ഒരു ചെറിയ ആർ ആൻഡ് ഡി യൂണിറ്റ്. അങ്ങനെ അല്ലറ ചില്ലറ ഏർപ്പാടുകൾ. താൻ എൻജിനിയർ ആണന്നല്ലേ പറഞ്ഞത്?"..
" അതെ. മെക്കാനിക്കൽ. ഇവിടെ ആൻഡ്രോയ്ഡ് ആപ്പ്സുമായ് റിലേറ്റഡായുള്ള ജോലിയാണേ. പതുക്കെ ജോലിവിട്ട് ഗേറ്റ് കോച്ചിങ്ങിനു കേറണമെന്നുണ്ട്. എം.ബി.എ ആണോ? ആണെങ്കിൽ എനിക്ക് കുറച്ച് സംശയങ്ങൾ ചോദിക്കാനാ" ഞാൻ ഒരു ബീ.ടെക്കു കാരന്റെ ചിരി ചിരിച്ചു. 
ഒരു കട്ടൻ കൂടി പറഞ്ഞ് അയാൾ മീരയെ മടിയിലിരുത്തി കടത്തിണ്ണയിൽ ഇരുന്നു. എന്നിട്ട് ഒന്നു പുഞ്ചിരിച്ചു.
" അയാം ആൻ എം.ബി.ബി.സ് ഡ്രോപ്പൌെട്ട്. ഫൈനലിയറിർ കഴിഞ്ഞപ്പോ ഞാൻ ആ പണി നിർത്തി. ഹൗസ് സർജൻസി ചെയ്യാത്തകൊണ്ട് റെജിസ്റേഷൺ ആയില്ല."
ഞാൻ ഒന്നും മിണ്ടാതെ വാ പൊളിച്ചു നിന്നു. ഇത്തവണ എന്റെ കൺഫ്യൂഷൻ മനസ്സിലാക്കിയ അയാൾ തുടർന്നു
" ഞാനും കൃഷ്ണയും ക്ലാസ്സ്മേറ്റ്സ് ആയിരുന്നു. എന്റെ ആദ്യ പ്രണയം. ഇറ്റ് വാസ് സട്ടിൽ ആന്റ് പ്ലറ്റോണിക്ക്."
'പ്ല റ്റോണി? അതാരാണാവോ' കാര്യം കുറച്ചൊക്കെ മനസ്സിലായതുകൊണ്ടും ഒരു അവിഹിതം മണത്തതു കൊണ്ടും ഞാനൊരു കള്ളച്ചിരി പാസ്സാക്കി. 
" പട്ടിണിയും ദാരിദ്രവും കൂട്ടായുള്ള എനിക്ക് അങ്ങനെ പെണ്ണ് കിട്ടുമോ? ഷീ വാസ്, അല്ല ഷീ ഈസ്, ദ ഡോട്ടർ ഓഫ് എ റിച്ച് ഡാഡ്. എ ഫിൽതി റിച്ച് ഡാഡ്. പോയ പെണ്ണിനെ ഓർത്തു കുറേ കരഞ്ഞു. പഠിപ്പു നിർത്തി. കുടിച്ചു. വലിച്ചു. പിന്നെ കേട്ടു അവൾ സന്തോഷമായി കഴിയുന്നു എന്ന്. ഒന്നുമല്ലെങ്കിലും അവളുടെ സന്തോഷം ആയിരുന്നു ഞാൻ എന്നും ആഗ്രഹിച്ചിരിന്നുന്നത്. അതിനുശേഷം എല്ലാം ഒരു വാശിയായിരുന്നു.''
ഞാൻ ബഹുമാനത്തോടെ അയാളെ നോക്കി നിന്നു. പിന്നെ എന്റെ ഓർമ്മകൾ എന്നെ എങ്ങോട്ടേക്കോ കൊണ്ടുപോയി. ആകാശത്തേക്ക് നോക്കി ലൈംടീയുടെ അവസാനത്തെ സിപ്പ് നുണഞ്ഞു കൊണ്ട് നിൽക്കുന്ന എന്നെ കണ്ട് അയാൾ ചോദിച്ചു
"എന്ത് പറ്റി മാഷേ"
"ഒന്നുമില്ല. ഇങ്ങനെ ഓരോന്ന്..."
'' അവൾടെ പേരെന്താ?" ഏതോ ആർക്കിമിഡീസ് യുറേക്ക പറഞ്ഞോടിയ ഉത്സാഹം അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. എന്റെ നിൽപ്പും ഭാവവും കണ്ടാൽ ആർക്കും ഊഹിക്കാനാവും വിഷയം പെണ്ണാണെന്ന്.
"സതി"
"എന്നിട്ട്? എന്താ അപരിചിതരോട് പറയില്ലെന്നാണോ. അതോ പോകാൻ ധൃതി ഉണ്ടോ?"
"ഹ ഹ അപരിചിതനോ? മാഷിപ്പോ നമ്മടെ ആളല്ലേ? എന്റെ കൂടെയായിരുന്നു ബി.ടെക്ക്. അവൾ സിവിൽ ആയിരുന്നു. ഫസ്റ്റ് ഇയർ ഒരേ ക്ലാസ്സായിരുന്നു. ഇപ്പോ മംഗലാപുരത്തിനടുത്ത് എം.ടെക്ക്. പഠിക്കുന്നു. നാലു വർഷം കഴിഞ്ഞപ്പോ അതങ്ങ് പൊളിഞ്ഞു. പ്രത്യേകിച്ചു യാതൊരു കാരണവുമില്ലാതെ. ഇപ്പൊ അവൾക്ക് സ്ഥിരമയൊരു ജോലിയുള്ള ആളെ വേണം. അല്ല അവൾടെ ആവശ്യവും ന്യായമാണ്. "
ബാക്കി ലൈംടീ എന്തോ ഓർത്തു കൊണ്ട് ഒറ്റ വലിക്കു തീർക്കുമ്പോൾ നാക്കുപൊളളുമെന്നോർത്തില്ല.
"എന്റെ ഭാര്യ. നോ മൈ എക്സ് വൈഫ്, ഐ ആം എ ഡിവോർസീ" പിന്നെ എന്നെ വെട്ടിച്ചുള്ള ഒറ്റ വലിക്കുള്ള ചായകുടി. 'വികാരം വന്നാൽ ഇങ്ങേരു മൊത്തം ഇംഗ്ലീഷാണല്ലാ!' ഞാനോർത്തു.
"സോ മൈ എക്സ് വൈഫ്. പാർവതി. പാർവതി മിർച്ചന്താനി. ബോബെക്കാരിയാണ്. അസാദ്ധ്യ പേരു തന്നെ അല്ലേ?"
"സംശയില്ല"
"അതെ, അവളും എന്നെ വിട്ടുപോയതാടോ. പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ. ഞാൻ ഒരു കാര്യം പറയാം. നമ്മളെ ഒരു ഓപ്ഷനായി മാത്രം കാണുന്നവരെ നമ്മളും അങ്ങനയേ കാണാവൂ. കുറ്റം പറയേണ്ടത് ഈ സിനിമകളേയാണ് ഈ കവിതകളേയും കഥകളേയുമാണ്. അവയിലെ പ്രേമം കള്ളമാണ്, അതിലെ കാൽപനികത ഭാവനയാണ്. ആരുടെയോ രണ്ടു സി.സി. തലയോട്ടിക്കുള്ളിൽ ജനിച്ച് അവിടെത്തന്നെ ശ്വാസംമുട്ടി മരിക്കുന്ന വെറും ഭാവന. ജീവിതത്തെ അതിന്റെ യാഥാർത്ഥ്യത്തിൽ അനുഭവിച്ചറിയണം. പച്ചക്ക്. പിന്നെ ഈ പ്രേമം. അതുണ്ട്. അതുണ്ടെങ്കിൽ അതൊരിക്കലും മരിക്കില്ല."
ഞാൻ എന്റെ മൊബൈൽ എടുക്കുന്നത് കണ്ട് എന്തോ മനസ്സിലായതുപോലെ ജയദേവൻ പറഞ്ഞു "എടുത്തു ചാടി ഒന്നും ചെയ്യല്ലെ!"
"എടുത്തു ചാട്ടം ഒന്നുമല്ല."
അയാൾ പൂഞ്ചിരിച്ചു.
"അതുവിട് ചായ ഒരെണ്ണം കൂടി?"
ഞാൻ ചിരിച്ചുകൊണ്ട് വേണ്ട എന്നാങ്ങ്യം കാട്ടി.
'നീ എന്റെ സതിയല്ല...' എന്നു തുടങ്ങി ഒരു പത്തുവരികളോളം വരുന്ന മെസ്സേജ് ഞാൻ മനസ്സിൽ ഓർത്തുവെച്ചിരുന്നു; സൗമ്യമായ് പിരിയാൻ. പക്ഷേ ജയദേവൻ പറയുന്നപോലെ ഇംഗ്ലീഷാണ് ഇതിനു ബെസ്റ്റെന്നു തോന്നി. ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു 'ഫ* ഓ* ' 
ചായയുടെ പൈസ കൊടുക്കാൻ പോയ ജയദേവനെ തടഞ്ഞു, മീരക്കൊരു ചോക്ലേറ്റും വാങ്ങി പൈസ കൊടുക്കുമ്പോഴേക്കും റിപ്ലൈ വന്നിരുന്നു.
'ഹൂ ദ ഹെൽ ആർ യൂ? ആ* ഹോ*!'
ഞാൻ അന്തസ്സോടെ അവളെ ബ്ലോക്ക് ചെയ്ത്, ജീവിതത്തിൽ കേൾക്കേണ്ടിയിരുന്ന കട്ടത്തെറികളിൽ നിന്നും രക്ഷിച്ചതിനു ദൈവത്തോട് നന്ദി പറഞ്ഞു. അഫ്സലിക്കയോട് വിടപറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ മീരയെന്റെ മടിയാലിയിരുന്നു. വെളുത്ത വട്ടമുഖം, പൂച്ചക്കണ്ണുകൾ, നല്ല ചിരി.
" അവൾടെ പൂച്ചക്കണ്ണ് കണ്ടോ? അതവളുടെ അച്ഛന്റേതാണ്. അർജുൻ മേനോൻ. എന്റെ ആദ്യ പ്രണയകഥയിലെ വില്ലൻ."
അയാൾ ഒന്നുറക്കെ ചിരച്ചു. ഞാൻ മീരയെ നോക്കുകയായിരുന്നു. അവൾക്കെന്തെങ്കിലും മനസ്സിലായോ എന്തോ! അവൾ മടിയിലിരുന്ന് ഏതോ ആക്ഷൻ സോംഗ് പാടി അഭിനയിക്കുകയായിരുന്നു. "അയാൾക്ക് നാട്ടിൽ വലിയ ഹോസ്പിറ്റൽ ആയിരുന്നു. കല്ല്യാണത്തിനു ശേഷം അതങ്ങു പൊളിഞ്ഞു. പിന്നെ അത് പൊക്കി കൊണ്ടുവന്നത് കൃഷ്ണയായിരുന്നു. എല്ലാ ദാമ്പത്യത്തിലും ഉണ്ടാകുന്ന ഒരു ചെറിയ വഴക്ക്. അത് വലുതായി. ഡൈവോർസൊന്നുമായില്ലെങ്കിലും, അവൾ മീരയുമായി ബാംഗ്ലൂരോട്ട് പോന്നു. അവൾ പഠിച്ച കോളേജിലേക്ക്. അയാളെ അയാളുടെ ബിസിനസ്സ് ഏൽപ്പിച്ച്. പിന്നെ ഞങ്ങൾ യാദ്രിശ്ചികമായി കണ്ടുമുട്ടി."
" സത്യം പറയാല്ലോ ഞാൻ കുറേയങ്ങ് എന്തൊക്കെയോ ആലോചിച്ചു മാഷേ"
"ആലോചിച്ചത് തെറ്റാണെന്ന് ഞാൻ പറയില്ല"

ഹോസ്പിറ്റലിൽ പാർക്ക് ചെയ്ത് കാറിന് വെളിയിൽ ഇറങ്ങുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു. " മാഡത്തിന് സീരിയസ് ആണോ?"
"ഒരിക്കൽ എന്റെ നെഞ്ചിലെ രോമങ്ങൾ ഒരു കൈപ്പിടിയിലാക്കി അവളുടെ അടുത്തേക്ക് എന്നെ വലിച്ചുനീക്കി, എന്റെ ഹൃദയത്തെ പിടിച്ചെടുക്കുമ്പോലെ, എന്നിട്ടവൾ ചോദിച്ചു 'ഞാനും കൂടെ പോയാൽ മീരക്കാരെങ്കിലും ഉണ്ടാകുമോ?'. ഞാൻ ഒന്നു പുഞ്ചിരിച്ചേയുള്ളൂ. അവൾക്ക് മനസ്സിലായിക്കാണണം. അവർ സസ്പെക്റ്റ് ചെയ്യുന്നത് ജി.ബി.എം എന്നൊരു ക്യാൻസർ ആണ്. അതാണെങ്കിൽ സർജറിയും റേഡിയേഷനും കീമോയും ഒക്കെ വേണം. സീരിയസ് ആണ്. അതല്ലെങ്കിലും സർജറി വേണ്ടിവരും. സർജറി കഴിഞ്ഞാൽ പക്ഷേ കുറേ കുറവുകൾ വരാം. കാലുകൾ ചലനമറ്റേക്കാം. അല്ലെങ്കിലും ജീവിതത്തിൽ എന്താ ഒരു ഗ്യാരൻറി?"
ഇതൊക്കെ പറയുമ്പോഴും അയാളുടെ ശബ്ദം ഇടറിയിരുന്നില്ല.

ഹോസ്പിറ്റലിന്റെ മൂന്നാം നിലയിലെ മുറിയിലേക്ക് എന്നെ ക്ഷണിച്ചു. ലിഫ്റ്റിൽ വച്ച് ഞാൻ ഒന്നും മിണ്ടിയില്ല. കഴിഞ്ഞ അര മണിക്കൂർ എന്നെ വല്ലാതെ മാറ്റിയത് പോലെ. ലക്ഷ്യമില്ലാതെ ഒഴുകുന്ന റോഡുകളെ ബന്ധിപ്പിക്കുന്ന ഇടവഴികൾ. ആരും ശ്രദ്ധിക്കാതെ പോകുന്ന ഇടവഴികൾ. കൃഷ്ണയെ ഒന്നു കാണണം എന്നെ നിക്കുണ്ട്. ജയദേവന്റെ കണ്ണുകളിൽ അവർക്കൊന്നും വരില്ല എന്ന ഉറച്ച വിശ്വാസം ഉണ്ട്. മീരയുടെ കണ്ണുകളിൽ അമ്മയിവിടുത്തെ വല്ല്യ ഡോക്ടറാണെന്നും, ഡൂട്ടി കഴിഞ്ഞ് ഉറങ്ങുകയാണെന്നുമുള്ള വിശ്വാസം ഉണ്ട്. ചില കള്ളങ്ങൾ നമുക്ക് സത്യങ്ങളെക്കാളേറെ വിശ്വസിക്കാം. അവ മനസ്സിലുറപ്പിച്ച് ആക്ഷൻ സോങ്ങുകൾ പാടാം. അഭിനയിക്കാം. ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ ഏതോ ഇടവഴിയുടെ അറ്റത്തെത്തിയതുപോലെ. "ജയേട്ടാ ഞാൻ വരുന്നില്ല. പിന്നീട് എപ്പോഴെങ്കിലും കാണണം! ഞാൻ അങ്ങനെ എല്ലാരേം ഏട്ടാ എന്നു വിളിക്കാറില്ല." 
പതിവുപോലെ ഒരു ചിരി മാത്രം ഉത്തരം. ജീവിതത്തിന്റെ റോഡുകളിൽ ഇനിയും ഒരുപക്ഷേ ഞാൻ ജയേട്ടനെ കണ്ടേക്കാം. അദ്ദേഹം വിശ്വസിക്കുന്നത് പോലെ കൃഷ്ണയ്ക്ക് ഒന്നും സംഭവിക്കില്ലായിരിക്കാം. പക്ഷേ വിധിയുടെ ചുവപ്പു സിഗ്നൽ എനിക്ക് പേടിയാണ്. ഞാൻ ജയേട്ടനെപ്പോലെ വെയിലുകൊണ്ടും വിയർത്തും കറുത്ത് കട്ടിപിടിച്ച് ഉറഞ്ഞ് ഒരാണായിട്ടില്ല.
മീരക്കൊരു  ഫ്ലൈയിങ്ങ് കിസ്സ് കൊടുത്ത് അതേ ലിഫ്റ്റിൽ താഴോട്ട് ഇറങ്ങാൻ നേരം ജയേട്ടൻ ചോദിച്ചു. " ചോദിക്കാൻ മറന്നു. പേര്?''
"ബൽറാം "
ഞങ്ങൾക്കിടയിൽ ലിഫ്റ്റിന്റെ വാതിലുകളടഞ്ഞു.

6 comments:

  1. കഥയും എഴുതുമല്ലേ? കൊള്ളാം!

    ReplyDelete
    Replies
    1. വളരെ സന്തോഷം അജിത്തേട്ടാ!

      Delete
  2. നന്നായ്ട്ടുണ്ട്‌.കഥയിൽ നല്ല ഭാവിയുണ്ട്‌.എഴുതൂ

    ReplyDelete
    Replies
    1. ഇതിൽപരം എന്തു സന്തോഷം. നന്ദി സുധിഭായ്

      Delete
  3. ധാരാളം നല്ല പ്രയോഗങ്ങള്‍ വായിക്കാനായി കഥയില്‍ ഉടനീളം.
    തുടരുക.

    ReplyDelete
    Replies
    1. വളരെ വളരെ വളരെ സന്തോഷം റാംജിയേട്ടാ! ☺

      Delete