Sunday, July 26, 2015

മരണം

എങ്കിലും മരണമിതുവഴി ഒരു നാൾ വന്നിടും
മിണ്ടാതെ പറയാതെനിക്കങ്ങു പോകുവാൻ
മിണ്ടുവാൻ കരുണയോടൊരു വാക്കു തന്നെങ്കിൽ
അമ്മേയെന്നു വിളിച്ചു പുഞ്ചിരിച്ചു പോകണം
മിണ്ടാതെ ഞാൻ പിറന്നുറങ്ങിയ ഗർഭപാത്രവും
പൊട്ടിക്കരഞ്ഞുണർന്നപ്പോളൂട്ടിയ മുലപ്പാലും
പൊട്ടിത്തെറിച്ചപ്പോൾ പുഞ്ചിരിച്ച ആ ക്ഷമയേയും
വെറുതേയോർത്ത് ആ ഒരു വാക്ക് മിണ്ടണം

പിന്നെയും ഓർക്കുവാൻ മാത്ര നീ തന്നെങ്കിൽ
ആ ബലമുള്ള കരസ്പർശം ഓർക്കണം
അച്ഛന്റെ കൈകൾ പിടിച്ചിടറാതെ നടന്ന
വഴികളിൽ ഒരു മാത്ര വെറുതെ പോകണം
അവിടെപ്പതിഞ്ഞ വലിയ കാൽപ്പാടുകളിൽ
എന്റെ ചെറിയകാൽ വെച്ച്; തൊഴുതു പോകണം

ഇനിയും കുറച്ചു മാത്രകൾ തന്നെങ്കിൽ
വെറുതെയാ സന്ധ്യയിൽ പിന്നെയും പോകണം
വിരിഞ്ഞ ചമ്പകപൂക്കൾ വിരിച്ച വീഥിയിൽ
വരച്ച ചിത്രം പോലെ ചിരച്ചു നിന്നവൾ
ആദ്യ ചുംബനത്തിന്റെ പൊള്ളുന്ന സുഖവുമായ്
മരണത്തിന്റെ മറയിൽ മെല്ലെ മറയണം

വീണ്ടും മാത്രകൾ തരുമെങ്കിലെന്റെ
ജീവതപാതകൾ തിരികെ നടക്കണം
തെറ്റിയ കാലടികൾ,പഠിച്ച പാഠങ്ങൾ
പറയാത്ത വാക്കുകൾ,പാടാത്തീരടികൾ
പിഴച്ച വരികൾ,വരച്ച വരകൾ;
വെള്ളത്തിലെ വരകൾപോൽ മായുന്ന
ശരിയ്ക്കും തെറ്റിനുമിടയിൽ മായാതെയൊരു മാത്ര വെറുതെ നിൽക്കണം
പിന്നെ മായുമ്പൊഴും മരണത്തെ നോക്കി പുഞ്ചിരിക്കണം.

6 comments:

  1. മായുന്നതിനെക്കുറിച്ച്‌ ആലോചിയ്ക്കാൻ പോലും കഴിയുന്നില്ല.



    (വളരെ വലിയൊരു അക്ഷരതെറ്റ്‌ വന്ന് കൂടിയിട്ടുണ്ട്‌.)

    ReplyDelete
    Replies
    1. അക്ഷരതെറ്റുകളുടെ ഒരു വലിയ കളക്ഷൻ അല്ലേ നമ്മളെല്ലാം സുധിയേട്ടാ. വളരെ സന്തോഷം ഈ വരവിന്.

      Delete
  2. മായുമ്പൊഴും മരണത്തെ നോക്കി പുഞ്ചിരിക്കണം.
    Good

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ.

      Delete
  3. Your lines smile..
    As you smile.
    May it be alive
    All through the whole life....


    നന്നായിട്ടുണ്ട് കവിത. കവിതയെന്ന നിലയിൽ മാത്രം ആസ്വദിച്ചു. കാരണം, ഡോക്ടർക്ക് ഇതാത്മാർത്ഥമായി പാടാൻ ഇനീം ഒത്തിരി സമയം ബാക്കീണ്ട്. ട്ടാ.? :)


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. Thankyou! :)

      സമയം നമ്മുടെ കൈയ്യിലല്ലല്ലോ ഭായ്. വളരെ സന്തോഷം :)

      Delete