Wednesday, June 10, 2015

യാത്ര

കാലത്തിന്റെ ഒഴുക്കിൽ
ഭൗതികമായ ചുഴികൾ
ആരെയും ഭ്രമിപ്പിക്കുന്ന
വർണ്ണശബളമൃദുലദലം
അതിനു പിന്നിൽ വിഷം പുരട്ടിയ മുള്ളുകൾ
ഇക്കരെ കുഴഞ്ഞമണ്ണിൽ ഒളിഞ്ഞിരിക്കുന്ന കനലും കുപ്പിച്ചില്ലും
അക്കരപ്പച്ച
ദൂരെ ഏതോ മലയിൽ കാട്ടുതീ,
ആരുടെയോ മോഹങ്ങൾ വീണ്ടും വാനോളം ഉയരുന്നു. വെറും പുകയായി
നാളെ പുലരുമ്പോഴേക്കും ആ തീ ഇങ്ങെത്താം

ഓരമ്മപെറ്റവർ ഞങ്ങൾ;
നാളത്തെ തീയിൽ വെന്തുതീർന്നേക്കാം.
സത്യത്തെയും മിഥ്യയെയും ഒരുപോലെ മറച്ച ഇരുട്ടിൽ,
ഒരു കെടാവിളക്കിന്റെ വെട്ടത്തിൽ, ഒരു വട്ടമായ് ഞങ്ങൾ ഇരുന്നു
കണ്ണടച്ചിരുട്ടാക്കി ഒരുവട്ടം ആ താരാട്ടേറ്റുപാടി.
പണ്ടമ്മ പാടിയ താരാട്ട്!
ഒരു നിമിഷം സത്യവും മിഥ്യയും ഉറങ്ങിയോ?

സ്നേഹമാണ് ഞങ്ങളുടെ അമ്മ.
ആ താരാട്ട് സ്വപ്നങ്ങളും.
കണ്ണ് തുറന്നു ഞങ്ങൾ നടന്നു
ഞങ്ങളുടെ താരാട്ടുകേട്ടുറങ്ങിയ സത്യത്തിന്റെയും മിഥ്യയുടെയും മാറിലൂടെ.

ഉറങ്ങുന്ന രാവിൽ ഉഴറാതെ ഒഴുകാൻ
പൊള്ളുന്ന പകലിൽ പതറാതെ
പറക്കാൻ
പുതിയതീരങ്ങൾ തീർക്കാൻ
കാട്ടുതീയുടെമേൽ മഴയായ് പെയ്യാൻ
ആ കെടാവിളക്കുമായ് ഞങ്ങൾ നടക്കുന്നു

2 comments:

  1. സ്നേഹമാണ് ഞങ്ങളുടെ അമ്മ!!!

    ReplyDelete
  2. സന്തോഷം അജിത്തേട്ടാ :)

    ReplyDelete