Tuesday, April 9, 2019

ആഴം



തോണി വലത്തേക്ക് ചായുമ്പോഴും
കടലാസ് പായ്മരം തലപൊക്കി നിന്നിരുന്നു
കടലാസിൽ എന്തോ കോറി വെച്ചിരുന്നു
മോഹങ്ങളാവാം സ്വപ്നങ്ങളാവാം

പായ്മരത്തുമ്പിൽ അടരാതെ നിന്ന ഒരക്ഷരം
നനഞ്ഞ മോഹങ്ങൾക്ക് ഭാരമേറുന്നത് കണ്ടുനിന്നു

പാഴ്സ്വപ്നമെന്തെന്നു പായ്മരത്തണലിൽ ഒറങ്ങിയ വാക്കുകൾ അറിഞ്ഞില്ല
മുങ്ങുന്ന കടലാസുതോണിയിൽ
നനഞ്ഞ വാക്കുകൾ പിടഞ്ഞു

ചില വാചകങ്ങൾ കുറുകെ വെട്ടിയിരുന്നു -
ഏതോ വേലിക്കുള്ളിൽ മരിച്ച മോഹങ്ങളുടെ ദേഹമടക്കിയ വാചകങ്ങൾ

അക്ഷരങ്ങളും വാക്കുകളും ഏതോ വാചകങ്ങും
ഭാരമേറിയ സ്വപ്നങ്ങളും, സ്വപ്നഭാരങ്ങളും
കടലാസിൽ പതിഞ്ഞിരുന്ന കണ്ണീർക്കറയും കൺമഷിപ്പാടും

ഞാനും, എന്റെ ആഴങ്ങളിൽ നിറഞ്ഞ നീയും, എതോ കവിതയും
പായ്മരത്തുമ്പിലെ ഒറ്റയക്ഷരവും
അറിയാതെ മുങ്ങുന്നു

ആഴിയല്ല ഞാൻ നിന്നാഴങ്ങളിൽ നിറയാൻ, വെറും കടലാസാണ്, നിന്നെ മാത്രം എന്നിൽ വരച്ചിടാൻ - മരിക്കുന്ന അമരത്ത് ആരോ എഴുതിയിരുന്നു

മുങ്ങിത്താഴുമ്പോഴും നമ്മൾ അറിയുന്നില്ല
ഇതേതാഴിയെന്നും, അവളുടെ ആഴമെന്തെന്നും

1 comment:

  1. good..keep writing..
    There are many Web developing and designing companies in Kerala which deliver high quality,efficient,reliable and cost-effective services to its client.To choose the digital markrting in kerala is a difficult process for a client.

    ReplyDelete