Monday, March 11, 2019

ഇടവപ്പാതി

എഴുത്തിന്റെ അങ്ങാടി
ചെറുകടകൾ
വഴിവാണിഭക്കാർ

ഇടക്ക് പതിയെ പെയ്ത മഴ
നേരം എന്താണ്? അറിയില്ല
ഇടവത്തിന്റെ അരക്കെട്ടിൽ മഴ
പാതിമയക്കത്തിൽ ഇടവം

ഇടതും വലതും കച്ചവടം
കമ്പോള ടാർപ്പാളിൽ കൂരകളിൽ
മഴയുടെ മണമേറ്റു മയങ്ങുന്ന
വാക്കുകൾ, വരികൾ, കഥകൾ, ജീവിതങ്ങൾ

പുസ്തകത്തിൽ ജനിച്ചവർ
അതിൽ മരിച്ചവർ
മരിക്കാതെ മഴയായ് പെയ്യുന്നവർ

മഴ പെയ്തപ്പോൾ നാണിച്ച നേരത്തിന്റെ
അരക്കെട്ടിൽ ആരോ കോറിയിട്ടുവത്രേ -
ഇടവപ്പാതിയെന്ന്

നേരമെന്തെന്നു അറിയാതെ
ഇടവപ്പാതിയിൽ നനഞ്ഞ ഞാനും
എന്റെ കുഞ്ഞക്ഷരങ്ങളും

ചേരാതെ ചേരുന്ന അക്ഷരങ്ങൾ
തോരാതെ പെയ്യുന്ന അക്ഷരങ്ങൾ
ചോരുന്ന ചോരക്കു പെയ്യാൻ
നേരായ നേരം ഇല്ലല്ലോ

എന്റെ അക്ഷങ്ങൾക്ക് കർക്കിടകമാണ്
നനഞ്ഞ അക്ഷരങ്ങൾക്ക് ഭാരമേറുമത്രേ
അകം പുറമാക്കി അങ്ങാടിയിൽ വാക്കുപട്ടങ്ങൾ പറക്കാറുണ്ടത്രേ

മഴയത്ത് അവ പക്ഷികളാവും
ചിറക് വിരിക്കും
പിന്നെ അവരുടെ കൂട്ടിൽ
അടയിരിക്കും

ചോരുന്ന ഭാരമേറുന്ന അക്ഷരങ്ങൾ
കൂടുന്നില്ല, ചേരുന്നില്ല
മഴപെയ്യുന്ന നേരമെല്ലാം ഇടവമോ
ഇടവത്തിൽ മഴ പെയ്യുന്നതോ എന്നവർക്കറിയില്ല

വാങ്ങുവാൻ ആളില്ലാതെ
അങ്ങാടിയിൽ ഞാനും എന്റെ അക്ഷരങ്ങളും വെറുതെ പെയ്തു...

തുള്ളികളായ് ഏതോ മണൽതരികളിൽ
എന്റെ അക്ഷരങ്ങൾ അരിച്ചിറങ്ങി
നേരമറിയാതെ കുളിരിൽ നീരാവിപോലെ ഞാൻ പറന്നുയ്യർന്നു - ഒരു കവിതയായി

ഉയർന്നു പറന്നാൽ മഴപ്പന്തൽ കാണാം...
അക്ഷരങ്ങൾ അരിച്ചിറങ്ങുന്ന നേരത്തിന്റെ
അരക്കെട്ടു കാണാം...

അതിൽ ആരോ വെറുതെ അക്ഷരങ്ങൾ ചേർത്തുവെച്ച് -
വലിയൊരു വാക്കോളം ചെറുതായ കവിത കോറിവരച്ചിരിക്കുന്നു - "ഇടവപ്പാതി"



No comments:

Post a Comment