Saturday, December 30, 2017

ജമീല



ബാംഗ്ലൂരിലെ ഒരു തിരക്കുള്ള പബ് ആണ്. ഒരു ബ്രേക്കപ്പിന്റെ ഹാങ്ങോവറിൽ നിന്നും നാരായണൻ തികച്ചും വിട്ടുമാറിയിട്ടില്ല. ആകെ ഒരു പുക. ജീവിതം കട്ടപ്പുക. പിന്നെ സിനിമയിലും ജീവിതത്തിലും എന്ന പോലെ വെള്ളമടി തുടങ്ങി. ആദ്യം കയ്ക്കുകയും പിന്നെ എരിയുകയും ചെയ്യുന്ന മദ്യം അയാൾക്കു പകർന്ന മഥുരം തെല്ലൊന്നുമല്ലായിരുന്നു. മിന്നിമായുന്ന ഇത്തിരിവെട്ടത്തിൽ ബോധത്തെ കുറുകെ വെട്ടുന്ന ബീറ്റ്സ് ഡി.ജെ പ്ലേ ചെയ്യുന്നുണ്ട്. അയാൾ മങ്ങിയ കാഴ്ചയോടെ താഴെ റോഡിലേക്ക് നോക്കി. റോഡിന്റെ മറുവശത്ത് ഒരു പഴയ വീട്. പൊളിഞ്ഞെങ്കിലും ഏതൊക്കെയോ കഥകൾ അത് സൂക്ഷിച്ചിരുന്ന പോലെ. എന്തിന്റെയോ ഓർമ്മക്കുറിപ്പായി മരിക്കാതെ മരിച്ച് അവൾ അങ്ങനെ തലപൊക്കി നിന്നു. അയാളെ പോലെ. പെട്ടെന്നാണ് ശ്രദ്ധിച്ചത് അവിടെ എന്തോ ഒന്നു അന്നങ്ങുന്നു. അയാൾ ചെറിയ ഭയത്തോടു തന്നെ നോക്കി നിന്നു. ഇരുട്ടിൽ നിന്നും ഒരു രൂപം മെല്ലെ പുറത്തേക്കു വരുന്നു. കറുത്ത വേഷം. കുടിച്ച മദ്യം മുഴുവൻ എതോ ദാഹമായി നാക്കിനെ ഉള്ളിലേക്ക് വലിച്ചിഴക്കുന്നത് പോലെ. അപ്പോഴാണ് അവൾ മെല്ലെ വെളിയിലേക്ക് വന്നത്. ജമീല.

സമയം രാത്രി ഏഴായിരിക്കുന്നു. എന്താണീ കുട്ടി രാത്രി ഒറ്റക്ക് ആ വീട്ടിൽ ചെയ്യുന്നത്. പർദ്ദ ധരിച്ചിരുന്നത് കൊണ്ട് കാല് നിലത്തു മുട്ടുന്നുണ്ടോയെന്ന് വ്യക്തമല്ല. നമ്മുടെ നാരായണനും കൗതുകം ലേശം കൂടുതലാണെന്ന് വെച്ചോളു. ചെക്ക് ക്ലിയർ ചെയ്ത് അയാൾ താഴെയെത്തി. റോഡിന്റെ മറുവശത്ത് അവൾ അപ്പോഴും നിൽപ്പുണ്ടായിരുന്നു. ഇടതുകൈയ്യിൽ ഒരു ചെറിയ ഡയറിയായിരിക്കണം, ഒരു പേനയും. വലതു കൈകൊണ്ട് ഫോണിൽ എന്തോ ചെയ്യുകയാണ്. രണ്ടും കല്പ്പിച്ച് നാരായണൻ റോഡ് ക്രോസ് ചെയ്ത് അവളുടെ അടുത്തേക്ക് നീങ്ങി. വെളുത്ത നിറം. നീണ്ട മുഖം. നീണ്ട തീക്ഷ്ണമായ കണ്ണുകൾ. കമ്പിവെച്ച പല്ലുകൾ. ഫോണിലേക്ക് നോക്കി ആരെയോ പഴിക്കുകയാണ്. പുറകിൽ ഒരു കോളേജ് ബാഗും ധരിച്ചിട്ടുണ്ട്. അല്ല പ്രേതമല്ല. അയാൾ അയാളോട് തന്നെ പറഞ്ഞു.
" ഹൈ " അയാൾ രണ്ടും കൽപ്പിച്ചു പറഞ്ഞു
''ഹെലോ"
"വാട്ട് യു ഡൂയിയ്ങ്ങ് ഹിയർ? ഇഫ് ഐ കാൻ ആസ്ക്"
"ജസ്റ്റ് എക്സ്പ്ലോറിങ്ങ് ദ് റുയിൻസ്''
പൊളിഞ്ഞ വീട്. അതിലുറങ്ങിക്കിടക്കുന്ന രഹസ്യങ്ങൾ. അത് കണ്ടും കാണാതെയും സങ്കൽപ്പിച്ചും അവൾ മാളികകൾ തീർത്തിരുന്നു. ഒരുതരം ഭ്രാന്ത്. ഒരു നിമിഷത്തെ നിശബദതയ്ക്കു ശേഷം അവൾ പറഞ്ഞു. "സം റുയിന്സ് ആർ മിസ്റ്റീരിയസ്ലി ബ്യൂട്ടിഫുൾ". ചില അവശേഷിപ്പുകൾക്ക് ഏതോ നിഗൂഡമായ ഭംഗിയുണ്ട്. ശരിയാണ്. അയാൾ മെല്ലെ ചിരിച്ചു. കമ്പിവെച്ച പല്ലുകൾ കാട്ടി അവൾ ചിരിച്ചു, അതെ എനിക്ക് ഭ്രാന്താണ് എന്നോണം. "മിസ്റ്ററി ഈസ് ഓൾവേസ് ബ്യൂട്ടിഫുൾ" അയാൾ വെറുതെ പറഞ്ഞു. "നോട്ട് റിയലി" അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു "വാട്ട് യു ഡൂയിങ്ങ്? ഹിറ്റിങ്ങ് ഓൺ മി?" അയാൾ ഒന്നു ചിരിച്ചതേയുള്ളു. അയാളുടെ ഭാഷയിൽ, ഒരു നല്ല തേപ്പു കിട്ടിയിരിക്കുന്ന സമയം. ഇപ്പൊ മറ്റൊരു പെണ്ണിനെക്കുറിച്ച് ആലോചിക്കാനേ വയ്യ. "നാരായണൻ" കൈനീട്ടി അയാൾ സ്വയം പരിയപ്പെടുത്തി.
"ജമീല"

അപ്പോഴേക്കും അവൾ ബുക്ക് ചെയ്ത ക്യാബ് വന്നിരുന്നു. ''വെയർ കാൻ ഐ ഫൈൻഡ് യു'' പോകുന്നതിനു മുന്പായി അയാൾ ചോദിച്ചു. ഒരു ഇൻസ്റ്റാഗ്രാം ഐ ഡിയും പറഞ്ഞ് അവൾ വണ്ടിയിൽ കയറി പോയി. ആ പഴയ വീടിന്റെ പടിയിൽ അയാൾ മെല്ലെ ഇരുന്നു. ഉറങ്ങിക്കിടക്കുന്ന ഏതോ കഥകൾക്ക് ജീവൻ വെക്കുന്നപോലെ. ഇടറിമരിച്ച ഏതോ ശബ്ദങ്ങൾ പ്രതിധ്വനിച്ച് ഉണരുന്നതുപോലെ. വെളിച്ചവും ശബ്ദവുമായ് മണ്ണടിഞ്ഞ രഹസ്യങ്ങൾ തെളിയുമത്രെ. അപ്പോഴല്ലേ നമുക്കത് കാണാനും കേൾക്കാനും സാധിക്കു? അയാൾ അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നു. കൂടുതലും അവളുടെ എഴുത്തുകൾ ആയിരുന്നു. രണ്ടും മൂന്നും വരിയുള്ള കോട്സ്. കൂട്ടിൽ അകപ്പെട്ട കിളിയുടെ വേദനയും, നഷ്ടപ്രണയവും, തീക്ഷ്ണമായ പ്രണയവും വിഷയങ്ങളായി. എന്തോ അവളോട് കൂടുതൽ സംസാരിക്കാൻ അയാൾക്ക് തോന്നി. അവശേഷിപ്പുകളിലെ നിഗൂഡത ഇഷ്ടപ്പെടുന്ന അവൾക്ക് അയാളെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവും അയാളും കണ്ടില്ല. മെല്ലെ അയാൾ ആ വീട്ടിലേക്ക് തിരിഞ്ഞു വെറുതെ വിളിച്ചു. 'ജമീലാ'

ഇനി ജമീലയുടെ കഥയാണ്. അവൾ ജയിലിലാണ് എന്നാണവൾ പറയാറ്. ശരിയാണ്. അബുജാൻ എന്നവൾ വിളിക്കുന്ന അച്ഛൻ അവളെ പുറത്തു വിടാറില്ല. ഫോൺ കൈയ്യിൽ കൊടുക്കാറില്ല. വായനയിൽ താൽപ്പര്യം ഉള്ള അവളെ വായിക്കാനും സമ്മതിക്കാറില്ല. അവളേയും അവളുടെ ബോയ്ഫ്രണ്ട് ജോയലിനേയും ഒരുമിച്ചു കണ്ടതിൽപ്പിന്നെയാണിത്. ജോയൽ നൈസ് ആയി സീൻ വിട്ടെങ്കിലും ജമീ ഇന്നും അവളുടെ ജോയെ മറന്നിട്ടില്ല. ഇത്രയും കഥ നാരായണൻ അവളോട് ഇൻസ്റ്റയിൽ സംസാരിച്ച് മനസ്സിലാക്കി. പിന്നെ ബാംഗ്ലൂർ യൂണിവേർസിറ്റിയുടെ സിസ്റ്റൻസ് എഡുകേഷനിൽ ചേർന്ന് ഉർദു വിൽ എം.ഐ എടുക്കുകയാണ് അവൾ ഇപ്പോൾ. ശനിയും ഞായറും ഇടക്ക് ക്ലാസ്സ് ഉണ്ട്. ക്ലാസ്സെന്നും പറഞ്ഞ് അവൾ ഇറങ്ങും. അവളുടെ ലോകത്ത് പാറിപ്പറക്കും. എഴുതും. വായിക്കും. പിന്നെ തിരിച്ചു പോകും. അവളുടെ അമ്മിജാൻ അവരുടെ കൂടെയല്ല താമസം. അമ്മയും അച്ഛനും പിരിഞ്ഞെങ്കിലും ഇടക്ക് അവൾ അമ്മയെ കാണാറുണ്ട്. യാ അള്ളാഹ്! എന്റെ ഈ ബോറൻ കഥ മാത്രം സംസാരിച്ചാൽ മതിയോ? അവൾ ഇൻസ്റ്റയിൽ ചോദിക്കും.നാരായണന്റെ കഥ പറയേണ്ടതല്ല. ഉറങ്ങിയുറച്ച രഹസ്യങ്ങൾ ഉണർന്നുവരുമ്പോൾ കാണേണ്ടതാണ്. അതു കൊണ്ടുതന്നെ അയാൾ ചോദിച്ചു "ആപ്കോ എക് ദിൻ മിൽ സക്തേ ഹേ ജീ?"
"ഹാൻ ദദ്ദു ഹാൻ" അടുത്ത ക്ലാസ്സിന്റെയന്ന് കാണാമെന്ന് അവൾ സമ്മതിച്ചു. പ്രായത്തിൽ അൽപം മൂത്ത നാരായണനെ അവൾ ദദ്ദു ,മുത്തച്ഛൻ, എന്നാണ് വിളിച്ചിരുന്നത്. എവിടെ വച്ച് കാണണം എന്നതിൽ അവർക്ക് സംശയം ഒന്നുമുണ്ടായിരുന്നില്ല. ആ വീട്ടിൽ വച്ചു തന്നെ. ആ വീടും ആരെയോ തിരയുന്നുണ്ടായിരുന്നു - ജമീല.

അങ്ങനെ പറഞ്ഞ സമയത്ത് തന്നെ അവൾ വീട്ടിൽ എത്തി. നാരായണൻ എപ്പോഴും ലേറ്റ് ആണ്. വീടിന്റെ ഉറങ്ങിക്കിടന്ന രഹസ്യങ്ങൾ ഉണർന്നുവന്നു.
അവൾക്ക് എതോ നഷ്ടപ്രണയത്തിന്റെ കരച്ചിൽ അവിടെവിടെയോ നിറയുന്നതായ് കാണാമായിരുന്നു. തൂണുകൾ പൊട്ടിച്ച് ചെറിയ ചെടികൾ ഏതോ കാറ്റിലാടി. മാറാലയും ചിതലും ചുവരുകൾ താഴെ വീഴാതെ പിടിച്ചു നിർത്തിയിരിക്കുന്നുവോ? വീട്ടിലെ പല സാധനങ്ങളും പലരും എടുത്തു കൊണ്ടു പോയിരിക്കണം. ജനലുകളില്ല വാതിലുകളില്ല. ആർക്കും അകത്തു കടക്കാം. പുറത്തു പോകാം. പോകാമോ? അറിയില്ല. അവൾ ആ ഭിത്തിയിൽ മെല്ലെ കൈകൾ ഓടിച്ചു നോക്കി. അതിൽ എന്തോ കോറിയിരിക്കുന്നു. പൊടിതട്ടി അവൾ വായിച്ചു. നാരായണൻ, ജാനകി. കൊള്ളാലോ നമ്മുടെ ദദ്ദുവിന്റെ... അവളുടെ ചിന്തയേ നടുക്കും വിധം ഒരു രൂപം അവളുടെ മുന്നിൽ വന്നു. നമ്മുടെ നാരായണൻ തന്നെ. ഉറങ്ങിക്കിടന്ന എതോ രഹസ്യങ്ങൾ വെളിച്ചവും ശബ്ദവുമായി വന്നു. അവൾക്കത് കാണാമായിരുന്നു. അയാളുടെ കഥ. അത് അവൾക്കു മാത്രം അറിയാവുന്ന കഥ - നാരായണൻ. അന്ന് രാത്രി അവൾ വീട്ടിൽ എത്തി അവളുടെ ഭിത്തിയിൽ കുറേ രഹസ്യങ്ങൾ കോറിവച്ചു. അതിങ്ങനെ വായിച്ചു - ജമീല.

6 comments:

  1. Replies
    1. വളരെ സന്തോഷം സുധിയേട്ടാ

      Delete
  2. !!!!!പുതുവത്സരാശംസകൾ!!!!!

    ReplyDelete
  3. പുതുവർഷത്തിൽ വായിച്ച ആദ്യ പോസ്റ്റ് കൊള്ളാം ..ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം! പുതുവത്സരാശംസകൾ

      Delete