Wednesday, June 17, 2015

കാത്തിരിപ്പ്

ഇന്നെന്റെ പ്രണയം ഒരു കാത്തിരിപ്പാണ്
പടവുകൾ ഏറെ കയറിവന്നെങ്കിലും
കാതങ്ങൾ എത്രയോ താണ്ടിവന്നെങ്കിലും
കാലമെത്രയോ പോയ്മറഞ്ഞെങ്കിലും
ഇന്നും എന്റെ സന്ധ്യകൾക് ചമ്പകപ്പൂവിന്റെ ഗന്ധം

വീണ്ടും വീശുന്ന കാറ്റും
പിന്നെയും നാണിച്ച സന്ധ്യയും
എതോ ചക്രവാളത്തിന്നപ്പുറം നിന്നെത്തുന്ന കിളികളും
മഞ്ഞിന്റെ മൂടുപടം മെല്ലെ മാറ്റി നാണിച്ച് സൂര്യനെ നോക്കുന്ന പൂക്കളും
നനഞ്ഞ മണ്ണിന് ചെറുചൂടേകി ഒരിക്കലും പിരിയില്ല നിന്നെയെന്നോതി
പരതുന്ന വിരലിട്ടിക്കിളിയാക്കുന്ന ആ വൻ വൃക്ഷത്തിന്റെ വേരുകളും
എന്റെ പ്രണയത്തിന്റെ സാക്ഷികൾ

എങ്കിലും ഇന്നലെ ഞാനിതെല്ലാം മറന്ന് ഏതോ തീരത്ത്‌ പോയിരുന്നു
ദൂരെ ചക്രവാളത്തിൽ ഒരു പുലരി ഒരു രാവിനെ എന്നിൽ നിന്നും മറച്ചപ്പോൾ
അറിയാതെ ഞാൻ കരുതി എന്റെ പ്രണയം എന്റെ ഉള്ളിൽ മരിച്ചുവെന്ന്

എങ്കിലും ഏതോ മാമലയുടെ കാഠിന്യത്തിൽ പിറന്ന ആ കാറ്റിന്റെ ആലസ്യവും
പിന്നെയും ചുവന്ന സന്ധ്യയുടെ പരിഭവഭാവവും
ആ ദേശാടനക്കിളിയുടെ വിരഹത്തിന്റെ ചിറകടിയും
മഞ്ഞിന്റെ കുളിരിൽ കുളിച്ച പൂവിന്റെ നിശ്വാസമായ ഗന്ധവും
ആ മരത്തിന്റെ വേരിൽ നാണിച്ചൊതുങ്ങിയ മണ്ണിന്റെ ചുവപ്പും
ഉള്ളിലുറങ്ങിയ പ്രണയത്തെ വെറുതെ വിളിച്ചുണർത്തുന്നു
എന്റെയുള്ളിൽ പ്രണയം വീണ്ടും ഉണരുന്നു
മറ്റൊരു കാത്തിരിപ്പായ്

2 comments:

  1. വായിച്ചു
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ

      Delete