Sunday, April 21, 2013

അമ്മ

ആകാശനീലിമയില്‍  ഒരു വെളുപ്പിന്റെ നേര്‍വര വരച്ചു കൊണ്ട് 
അനന്തമെന്നോണം പറന്നൊരു ജെറ്റിനെ കാണിച്ചു തന്നിട്ടുണ്ട് അമ്മ 

ചക്രവാളങ്ങളെ കൂട്ടിമുട്ടിച്ചു ചെറു പൊട്ടു പോലുള്ളവ അങ്ങ് 
പറന്നു പോകവേ, ഞാന്‍ വെറുതെ പറഞ്ഞു ഒരു പൈലറ്റാവുമെന്നു 

ഇന്ന്  അമ്മയോടൊപ്പം ഞാനീ ജെറ്റിലിരിക്കുമ്പോള്‍,
ഒരു പുഞ്ചിരിയുടെ ഓര്‍മയായി ആ നേര്‍വര തെളിയുന്നു ,

പൈലറ്റായില്ലെങ്കിലും അമ്മയെ ആദ്യമായി ജെറ്റില്‍ കയറ്റാനായല്ലോയെന്ന
സംപ്തൃപ്തിയോടെ ഏതോ ചക്രവാളത്തേക്കുയര്‍ന്നു ഞങ്ങള്‍ 

അബരചുംബികള്‍ ഏതോ ചെസ്സ്ബോര്‍ടിലെ കരുക്കളാകവേ
പുറകില്‍ ജെറ്റ് വെറുതെ ഒരു നേര്‍വര വരക്കവേ ഞാന്‍ എന്റമ്മയെ നോക്കി

കണ്ണുമടച്ചു സഹസ്രനാമം ചൊല്ലുകയായിരുന്നു അമ്മ 
അമ്മയുടെ പേടികണ്ട് ചെറു പുച്ച്ചത്തോടെ ഞാന്‍ ചിരിച്ചു

ചെസ്സ്ബോര്‍ടിനെ മറച്ചു കൊണ്ട് പഞ്ഞി പോലെ മേഘങ്ങള്‍ വന്നു
മാലാഖമാരെപോലെ എയര്‍ ഹോസ്റെറസ്സുകള്‍ വന്നു

യാത്രയുടെ ഏകാന്തതയില്‍ മനസ്സില്‍ ഒരു കവിതയും വന്നു 
അമ്മയോടുള്ള പുച്ച്ചം കൂടിവന്നു 

ചെസ്സ്ബോര്‍ടിലെ രാജാവും റാണിയും വീണ്ടും 30 നില കെട്ടിടങ്ങളായി 
ഞാന്‍ അമ്മയോട് ചോദിച്ചു , 

എന്തിനാ ഈ നാമം ചോല്ലണെ? ഈ പേടി എന്തിനാ?
" ഞാന്‍ എന്റുണ്ണിക്കു വേണ്ട്യല്ലേ ഈ ചൊല്ല്യത് ? "

ചക്രവാളങ്ങളെയും അലിയിച്ചു കൊണ്ട് സത്യമെന്ന 
ആ നേര്‍വര എന്നെ നോക്കി ചിരിച്ചു!!!


4 comments:

  1. വ്യത്യസ്തമായ പ്രമേയം.

    വളരെ ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
  2. അമ്മ
    ഉണ്ണി
    പ്രാര്‍ത്ഥന


    വേറാര്‍ക്കുവേണ്ടി....!!

    ReplyDelete
    Replies
    1. :)അതെ അജിത്തേട്ടാ...

      Delete