Sunday, October 9, 2016

ഒരു നീലിച്ചിത്രം

NFSC WARNING : some readers might find the content inappropriate
(പേർസണലായിട്ടു പറയുവാ, കുറച്ച് A ആണ് )


ബാഗ്ലൂരിലെ ഒരു തണുത്ത രാത്രി. രാത്രി അവളുടെ വശ്യത നിലാവിൽ ഒളിപ്പിച്ചിരുന്നു. മിന്നുന്ന നക്ഷത്രക്കണ്ണുകൾ. ഏതോ പരിചിതഗന്ധം ബ്രിജേഷിനെ അലട്ടുന്നുണ്ട്. ബ്രിജേഷ്, ബ്രിജുമോൻ, ബ്രിജൂട്ടൻ എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ നായകൻ ബാംഗ്ലൂരിൽ പുതുതാണ്. ബി.ട്ടെക്കും അതിന്റെ ഫ്രീ ഓഫറായ സപ്ലിയുമൊക്കെ പൊരുതി ജയിച്ച് ഇപ്പൊ ഇവിടെ ഒരു ജോലി തരപ്പെട്ടു. എങ്ങനെയും ഇനിയുള്ള കാലം അർമ്മാദിക്കണം എന്നുറപ്പിച്ചാണ് ബ്രിജുമോൻ ഇക്കുറി ഇറങ്ങിയിട്ടുള്ളത്.
ലക്ഷ്യം ഇന്ദിരാനഗറിലെ ഒരു പബ് ആണ്. അത്യാവശ്യം നല്ല ഡ്രെസ്സ് ധരിക്കാനും പെർഫ്യൂം അടിക്കാനും ബ്രിജുമോൻ മറന്നില്ല. പണ്ട് എണ്ണ തേച്ച് ഭംഗിയായ് കോതിയിരുന്ന മുടി ഇപ്പൊ ഏതോ പശവെച്ച് പൊക്കിവച്ചിട്ടുമുണ്ട്. നടക്കാനുള്ള ദൂരമേയുള്ളൂ. കുടെ ഒരു പെണ്ണുകൂടെയുണ്ടായിരുന്നെങ്കിൽ സീൻ ഒന്നു കൊഴുത്തേനെ. അവൻ ആലോചിച്ചു.
പബ്ബിൽ ഏതോ ഇംഗ്ലീഷ് പാട്ട് ഉറക്കെ കേൾക്കുന്നു. അതിനൊത്തു തുള്ളുന്ന യുവമിഥുനങ്ങൾ. ഏതോ ഡി.ജെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. അവൻ മൂലയിലെ ഒരു ടേബിളിലേക്ക് നീങ്ങി. അവിടെ ആകെക്കൂടെ ഒറ്റക്കിരിക്കുന്നത് അവനാണ്. ഒരു സർദാർജി നീളത്തിലുള്ള മെനുകാർഡ് നൽകി.
വൺ 'സെക്സ് ഇൻ ദ ബീച്ച്' അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
" ഹൈ ''
അവന്റെ വലതുവശത്തു നിന്നും വശ്യമായ ഒരു സ്ത്രീശബ്ദം. അവന്റെ ഭാഷയിൽ 'കിളിനാദം'
കോരിത്തരിച്ച് ബ്രിജു അങ്ങോട്ട് നോക്കി.
ഒരു വെളുവെളുത്ത പെണ്ണ്. അഞ്ചരയടി പൊക്കവും, നീണ്ട മുടിയും, ആരെയോ മാടിവിളിക്കുന്ന നുണക്കുഴികളും, സുന്ദരമായ കണ്ണുകളും ബ്രിജു അവളുടെ വടിവൊത്ത ശരീരവും തുടവരെ മാത്രം നീണ്ട ഒറ്റപ്പീസ് ചുവന്ന ഉടുപ്പും കണ്ടതിനു ശേഷമാണ് കണ്ടത്.
'കണ്ട്രോൾ ബ്രിജൂട്ടാ കണ്ട്രോൾ' അവൻ അവനോടുതന്നെ പറഞ്ഞു.
അവൾ വീണ്ടും പറഞ്ഞു " ഹൈ "
ഇപ്പൊഴാണു നമ്മുടെ നായകന് കുറച്ച് വെളിവ് വന്നത്.
"ഓഹ്... ഹൈ.. ഹൈ... ഹൈ "
മൂന്നു ഹൈ കൊടുത്ത് അവന്റെ വിശാലമനസ്കത പ്രകടിപ്പിച്ചു.
"ഇഫ് യൂ ഡോണ്ഡ് മൈൻഡ്, കാൻ ഐ സിറ്റ് ഹിയർ "
ബ്രിജുവിന്റെ മനസ്സിൽ ലഡുകൾ പൊട്ടിക്കൊണ്ടേയിരുന്നു.
"പിന്നെന്താ... യെസ് ഓഫ് കോർസ്"
"കാൻ ഐ ഓർഡർ ഫോർ യു?" അവൻ ചോദിച്ചു
അവൾ ചിരിക്കുക മാത്രം ചെയ്തു.
"വാട്ട് എബൗട്ട് സം സെക്സ്... ഇൻ ദ സിറ്റി?" തീർത്തും നിഷ്കളങ്കനായ ബ്രിജു ധൈര്യം സംഭരിച്ചു ചോദിച്ചു
"വൈ സം? വീ ഷാൽ ഹാവ് എ ലോട്ട് ഓഫ് ഇറ്റ്. " അവളുടെ നോട്ടത്തിലും സംസാരത്തിലും ഒരു വശ്യത അലിഞ്ഞിരുന്നു.
രണ്ടു മൂന്നു കോക്ക്ടെയിലുകളും ടെകീല ഷോട്ടും ഒരു ഫ്ലേമിങ്ങ് ഷോട്ടുമൊക്കെ കഴിഞ്ഞ് അവൾ മെല്ലെ എണീറ്റു. മെല്ലെ നടന്നു അവന്റെ അരികിലെത്തി, ചൂണ്ടുവിരലാൽ അവന്റെ നെറ്റിയിൽ നിന്നും താടിവരെ ഒരു വര വരച്ചു, ആ വിരലാൽ തന്നെ അവനെ മാടിവിളിച്ചു ഡാൻസ് കളിക്കാൻ .
ഇനി പൊട്ടാൻ ലഡുവൊന്നും ബാക്കിയില്ലെന്ന മുഖഭാവമായിരുന്നു ബ്രി ജൂട്ടന്.
ചുവന്ന കുട്ടിയുടുപ്പിട്ട വെളുത്ത സുന്ദരി. ബ്രിജൂട്ടൻ അവന്റെ വലത്തെ കൈ അവളുടെ ഇടുപ്പിൽ മുറുക്കെ പിടിച്ചു. അവളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉതിർന്നു.
"ഐ ഡിന്റ് ആസ്ക് യുവർ നേമ്" അവൻ ജിജ്ഞാസുവായി.
"ഓഹ് ഐ ആം നീലി. നീലി ദുൾഹൻ.ഫ്രം അംറിത്സർ"
"ഐ ആം റോഷൻ, റോഷൻ മേനോൻ.ഫ്രം കേരള " മനപ്പൂർവ്വം ബ്രിജേഷ് എന്നു പറയാഞ്ഞതാണ്.
അവൻ ഇടുപ്പിൽ ഒന്നു കൂടി ഇറുകിപ്പിടിച്ചു
" ബദ്മാഷ് "
" ഡബ്സ്മാഷ് ?"

പബ്ബിലെ ബിൽ അടക്കേണ്ടി വന്നതിൽ അവനു വിഷമം തോന്നിയില്ല. കൂടെ അവളും ഇറങ്ങി. വെറുതെ ഒന്നു ചോദിച്ചതാ
"യൂ വാണ കം വിത്ത് മീ? "
ഒരു കണ്ണിറുക്കി അവൾ പറഞ്ഞു "യെസ്സ് ഐ ഡു വാണ കം വിത്ത് യൂ"

അവന്റെ ഫ്ലാറ്റ്.
"യൂ നോ ലുംഗി? ഐ വെയർ ലുംഗി അറ്റ് ഹോം"
"ഓഹ്, ഐ ഫൈൻഡ് ഇറ്റ് സെക്സി "
"വിൽ യു ടീച്ച് മീ ഹിന്ദി? " തിരിഞ്ഞു നിന്ന് എന്തോ പറഞ്ഞ് അവൻ പാന്റ് മാറി ലുംഗിയാക്കി ടീഷർട്ട് ഊരി.
'' ഐ വിൽ ടീച്ച് യു മലയാളം'' അവൻ തുടർന്നു. പിന്നിൽ അനക്കമൊന്നുമില്ല. അവൾ വെള്ളമടിച്ചു കിറുങ്ങിവീണോ?
പെട്ടന്നവൾ ചോദിച്ചു.
"കാൻ ഐ ആസ്ക് യൂ സംമ്തിങ്ങ്? "
വീണ്ടും ആ പരിചിത ഗന്ധം റൂമിൽ നിറഞ്ഞു.
" ആസ്ക്" പാന്റ് കഴുകാനിട്ട് തിരിഞ്ഞുനോക്കാതെ അവൻ പറഞ്ഞു

"ചുണ്ണാമ്പുണ്ടോ ബ്രിജൂട്ടാ?"

ഞെട്ടിത്തിരിഞ്ഞ് അവൻ നോക്കുമ്പോൾ മുടി മുന്നോട്ടിട്ട് ചുവന്ന കണ്ണുകളും ദംഷ്ട്രങ്ങളുമായി അവൾ ചിരിച്ചു നിന്നു -നീലി.

Saturday, October 8, 2016

രാമു

ഇന്നെഴുത്താണ്.
ഇന്നത്തെ എഴുത്തിൽ കഥാപാത്രം രാമുവാണ്. അയ്യേ! ദെന്തു പേരാത്? ശരിയാണ് നല്ല അറുബോറൻ ക്ലീഷേഡ് പേര്. പക്ഷേ ഈ രാമുവിനെ എല്ലാർക്കും ഇഷ്ടമാണ്.
പണ്ട് ദൈവം അവനെ ഭൂമിയിലേക്ക് അയക്കുന്നതിന് മുൻപ് ചെവിയിൽ പറഞ്ഞത് അവന് ചെറിയ ഓർമയുണ്ട്. അങ്ങ് എതോ മലമുകളിൽ തണുപ്പിൽ പച്ചപ്പുൽ ഒരുക്കിയ മെത്തയിൽ 24 മണിക്കൂറും ഉറങ്ങിയും, ആകാശത്തെ നോക്കിയും, പാട്ടു പാടിയുമൊക്കെ ചിലവഴിക്കണമെന്നായിരുന്നു അവന്റെ ജീവിതലക്ഷ്യം. ദൈവം അങ്ങനെ ഓരോന്നൊക്കെ പറയും പക്ഷേ അതുപോലാണോ നമ്മുടെ ലോകം? നമ്മുടെ ലോകത്തിന് അതിന്റേതായ ദൈവങ്ങൾ ഉണ്ട്, പലത്, അതിന്റേതായ രീതികൾ ഉണ്ട്, വിശ്വാസങ്ങൾ ഉണ്ട്. ഇതൊക്കെ പാവം ദൈവം ഓർത്തുകാണില്ല. അല്ലെങ്കിൽ ഇങ്ങനെ ഒരു ജീവിത ലക്ഷ്യം ഒക്കെ ഉണ്ടാക്കുമോ?

എന്തായാലും രാമു പഠിച്ചു. പഠിക്കാതെ ഇവിടെ നിലനിൽക്കമെങ്കിൽ സംസാരിക്കണം. സംസാരിക്കാൻ രാമു അത്ര മിടുക്കൽ അല്ല. പഠിച്ചു പഠിച്ചു രാമു ഒരു ഡോക്ടർ ആയി. നിലനിൽക്കണ്ടേ. രാമു പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. പുഴക്കടവിൽ കളിച്ചുനടക്കേണ്ട ജോസപ്പും, മരംകേറി ചാടി മറിയേണ്ടിയുരുന്ന കുഞ്ഞുമോനും, മഴയിൽ നനഞ്ഞ് മണ്ണിൽ കുഴഞ്ഞ് ചെളിയിൽ അലിഞ്ഞ് ചിരിച്ചു കളിക്കേണ്ടിയിരുന്ന അഞ്ജുവുമൊക്കെ രാമുവിന്റെ ബാച്ച്മേറ്റ്സായിരുന്നു. എങ്കിലും ഇടക്ക് രാമുവിന്റെ സ്വപ്നങ്ങളിൽ ആ താഴ് വാരം തെളിയും. കാടു പിടിച്ചു കിടക്കുന്ന ആ ഒറ്റ മല. പിന്നെ ആ മലമുകളിലെ പച്ചപ്പുൽ വിരിച്ച കൊച്ചു സ്വർഗ്ഗം. അവിടുത്തെ കാറ്റിൽ അലിയുന്ന ഏതോ പാട്ട്. പിന്നെ അവൻ ഉണരും.

ഉണർന്നാൽ പിന്നെ അവന് ഹോസ്പിറ്റലിൽ പോകണം. അവിടെ നല്ല നായാട്ടുകാരനാവേണ്ടിയിരുന്ന പ്ലംബർ ബഷീർ 'ആൽക്കഹോൾ റിലേറ്റഡ് ക്രോണിക്ക് ലിവർ ഡിസീസ് ഇൻ എൻകെഫലോപ്പതി' ആയി കിടക്കുകയാണ്. അയാൾക്ക് രാവിലെ എനിമ കിട്ടിയോ എന്നു നോക്കണം. ബഷീറിന്റെ എനിമയേക്കാൾ വലുതല്ലല്ലോ എന്നും കാണുന്ന സ്വപ്നം. രാമുവിന് ഈ സിദ്ധി ഉള്ള കാര്യം അധികം ആർക്കും അറിയില്ലായിരുന്നു. എനിമ അന്വേഷിക്കുന്ന സിദ്ധി അല്ല കേട്ടോ. മുഖത്തുനോക്കി ജീവിതലക്ഷ്യം പറയുന്ന സിദ്ധി.
അഞ്ജു അന്ന് ലേറ്റ് ആയാണ് വാർഡിൽ എത്തിയത്. പിന്നെ അന്നു മരിച്ച ഏതോ പേഷ്യന്റിന്റെ ഡെത്ത് നോട്ട്സ് അവൾ എഴുതുകയായിരുന്നു. രാമു സ്ക്രീനിട്ടു മറച്ച ആ ബെഡ്ഡിലേക്ക് പോയി. കരയുന്ന ബന്ധുക്കൾക്ക് നടുവിൽ ഒരു ഭാവവ്യത്യാസ സുമില്ലാതെ ധീരയായി അവൾ മരിച്ചു കിടന്നു. മരിച്ച അവളുടെ പേര് അവനറിയില്ല. ചെയ്യാതെ എന്തോ ബാക്കിവെച്ചു പോയതിന്റെ വിഷമം അവൾക്കുണ്ടോ? അറിയില്ല. രാമു അവളെ നോക്കി ചിരിച്ചു. അവൾ അനങ്ങിയില്ല. ബോഡി പാക്ക് ചെയ്യാൻ ആളുകൾ വന്നു. കവിയും രാജാവും തേരാളിയും സന്യാസിയും ആകേണ്ടിയിരുന്നവർ ആ ശവത്തേയും താങ്ങി എങ്ങോട്ടോ പോകുന്നു.
ബഷീറിന്റെ ബെഡിലേക്ക് രാമു നടന്നു. പതിവുപോലെ ഇന്നും ബഷീറവിടെയില്ല. നായാട്ടുകാരനല്ലേ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടാവും.
" ഇന്നിങ്ങള് നേരത്തേയാണല്ലോ?" ബഷീറാണ്
"ഹെപ്പാറ്റിക്ക് എൻകെഫലോപ്പതിക്കാർ എണീറ്റു നടക്കാറില്ല"
"തിരിഞ്ഞു കിടന്നുതരാം, എനിമ തന്നു എനിമ തന്നു എന്തുണ്ടാവാനാണ് ഡോക്ടറേ, ഒന്നുമില്ല, പിന്നെ നിങ്ങളെ കാണുന്നത് ഒരു രസം"
എനിമ കൊടുക്കാൻ സിസ്റ്ററെ ഓർമ്മപ്പെടുത്താനായി നേഴ്സിങ്ങ് സ്റ്റേഷനിലേക്ക് രാമു നടന്നു.
അഞ്ചു സാറിന്റെ വായിലിരിക്കുന്നതൊക്കെ വെറുതേ കേൾക്കുന്നു. അവൾ ഇന്നും എന്തോ ഒപ്പിച്ചിട്ടുണ്ട്. അല്ലെങ്കിലും അവളെ കുറ്റം പറയാൻ പറ്റില്ല രണ്ടു പേരുടെ ജോലിയല്ലേ അവൾ ചെയ്യുന്നത്. അവളുടെയും അവളുടെ മരിച്ചുപോയ കോ - പി.ജി* യുടേയും.
'മരണം ബാക്കിവെച്ചു പോയതായി എന്തെങ്കിലും ഈ ലോകത്തുണ്ടോ?' രാമു ഉറക്കെയാണു ചിന്തിച്ചത് എന്നറിഞ്ഞത് പീതാംബരന്റെ ഉത്തരം കേട്ടിട്ടാണ്
"മണ്ണാങ്കട്ട "
അതെ മരിച്ചു മണ്ണാങ്കട്ട ആയ സ്വപ്നങ്ങളാണ്, ജീവിതലക്ഷ്യങ്ങളാണ് ഈ ലോകം മുഴുവനും
"അപ്പോ നമ്മളോ പീതാംബരേട്ടാ"
"നമ്മൾ വെറും നിഴലുകൾ"
പണ്ടു കുടിച്ച പട്ടച്ചാരായത്തിന്റെ ലഹരി ഇപ്പൊഴും കണ്ണിലെ മഞ്ഞനിറമായും വാക്കിലെ അർത്ഥപ്പെരുമഴയായും വീശിയാടുന്ന കംമ്പൗണ്ടർ പീതാംബരേട്ടൻ. കടലുകൾ താണ്ടി സഞ്ചരിക്കേണ്ടിയിരുന്നയാൾ.

കാന്റീനിലെ മൂലയിലെ ടേബിൾ. പണ്ട് രാമുവും അഞ്ചുവും അവിടെ തന്നെയായിരുന്നു ഇരിക്കാറ്. ഇന്ന് അഞ്ചുവും അവളുടെ പ്രസ്തുത വരനും വീണ്ടും കുട്ടികളായി ചിരിച്ചു കളിച്ചിരിക്കുന്നു .പുഴക്കടവിൽ കളിച്ചു നടക്കേണ്ട ജോസപ്പായിരുന്നു അടുത്ത ടേബിളിൽ. മരംകേറി കുഞ്ഞുമോൻ അവന്റെ കൂടെയുണ്ട്. ജോസഫ് നീരസത്തോടെ അവളെ നോക്കി.

" ഡാ, അതേയ് ഞാനാലോചിക്കുകയായിരുന്നു... നമുക്കങ്ങു കെട്ടിയാലോ?"
വളരെ സിംപിളായും പവർഫുള്ളായും പണ്ട് അഞ്ചു അവളുടെ പ്രേമം പറഞ്ഞതോർത്ത് രാമുവിന് ചിരി വന്നു. റൊമാൻസിന്റെ കാര്യത്തിൽ അവൾ പുലി തന്നെയായിരുന്നു. അവളുടെ കൂടെ ഉണ്ടായിരുന്ന നാളുകൾ മറക്കാനാവില്ല. ആ പുൽതകിടിയിൽ കിടക്കുന്ന സുഖം. അവന്റെ ജീവിതലക്ഷ്യം. അതുകൊണ്ടു തന്നെ അവൻ എപ്പോഴും പറയുമായിരുന്നു 'യൂ ആർ മൗ ലൈഫ്' .ലൈഫായാലും ഡെത്തായാലും അവൾ ഇപ്പോ വേറെ ഏതോ ഒരു അമൂൽ ബേബിയെ കെട്ടുന്നു. വെളുത്തു തുടുത്തു സുന്ദരനായ ഒരാളെ വേറെ എങ്ങനെ കളിയാക്കാനാണ്? പാവം രാമു. അവൻ അവനെത്തന്നെ ഒന്നു നോക്കി. കറുത്ത ശരീരം. ഉയരവും പോര. നല്ല വൃത്തികെട്ട ചിരി. അല്ലെങ്കിലും അവളെ കുറ്റം പറയാൻ പറ്റില്ല.

"എന്റമ്മോ, താങ്ക് ഗോഡ് ഐ ഡിൻറ്റ് മാരി ഹിം. ദാറ്റ് ലൂസർ വാസ് സോ പൊസ്സസ്സീവ്. "
സംഭാഷണം തന്നെക്കുറിച്ചാണെന്നറിഞ്ഞ രാമു ഒന്നു ചിരിച്ചു. ജോസഫിന്റെ മുഖത്ത് നീരസഭാവം കൂടിവന്നിട്ടുണ്ട്. കുഞ്ഞുമോനും രാമുവിന്റെ വശത്താണ്. ഉള്ളിലെ വിഷമം അവൻ പുറത്ത് കാണിക്കാത്തതാണ്.
" അവനെ കെട്ടിയിരുന്നെങ്കിൽ ഞാൻ തീർന്നേനേ " അവൾ തുടർന്നു
" ഓ! എന്നാ തീരാനാ? ഐ വുഡ് ഹാവ് മാരീഡ് യൂ സ്റ്റിൽ. വിധവയായിരുന്നാലും നീ എന്റേതാവണ്ടേതല്ലേ?"
"അതു ചുമ്മാ. മരിച്ചവരെപ്പറ്റി കുറ്റം പറയാൻ പാടില്ല. എങ്കിലും അവനെ സഹിക്കാൻ പറ്റില്ലായിരുന്നു"
ജോസഫിനേയും കുഞ്ഞുമോനേയും നോക്കിച്ചിരിച്ചു രാമു ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഇന്നതിന് രാമുവിന്റെ പേരാണ്. "ഡോ.രാമു മെമ്മോറിയൽ ബസ് സ്റ്റോപ്പ് "

എന്നിട്ട് അവൻ ആ മലമുകളിലേക്ക് പറന്നു. ഉറങ്ങാൻ.



Tuesday, September 20, 2016

ഉത്തരം താങ്ങിയ ചോദ്യച്ചിഹ്നം



നിന്റെ കണ്ണിലെ തീക്ഷണതയെ അത്രയും
എന്റെ കീറിയ ചുണ്ടാലെ ഒപ്പി ഞാൻ
നിന്റെ കുഞ്ഞിപിരികവും നെറ്റിയും
നെറ്റി ചുളിച്ചൊരാ ആയിരം ചോദ്യവും
ഇല്ല അമ്മക്ക് അതിനൊന്നുമുത്തരം
മുത്തമൊത്തിരി മാത്രമെൻ മുത്തിനായ്
നൽകിയീയമ്മ പോയിടും വൈകാതെ
ഉത്തരം താങ്ങുന്ന ചോദ്യച്ചിഹ്നമായ്

പിന്നെ എന്നുണ്ണിയെ കെട്ടിപ്പിടിച്ചു ഞാൻ
എന്റെ ലോകം കൈയീലൊതുക്കി ഞാൻ
മെല്ലെ ഉയർന്നവൻ അമ്മയെ നോക്കിയോ
കണ്ണിലെൻ ഉണ്ണിയെ നിറച്ചു ഞാൻ പോകുന്നു
കണ്ണു നിറയാതെ നോക്കണം കണ്ണാ നീ
അമ്മയുടെ കണ്ണും നിറഞ്ഞില്ല കണ്ടുവോ

പിന്നെ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ
തുള്ളി കണ്ണീരിറ്റതിൽ വീണപോൽ
ഇനി നീ പോകയീ അമ്മയെ കാണേണ്ട
അമ്മക്കു പോകുവാൻ നേരമായ് നേരമായ്

ഇല്ല പേശികൾ തോലൊട്ടുന്നു എല്ലില്ലായ്
കണ്ണിൽ ഇരുട്ടായി നാക്കും കുഴയുന്നു
ഇല്ല ഞാൻ പെണ്ണായതല്ലയെൻ തെറ്റ്
ഇല്ല കരഞ്ഞില്ല അന്നും ഇന്നും ഞാൻ
കള്ളും കഞ്ചാവും കീറിയ സാരിയിൽ
പോറിയില്ലെൻ മാനം, ഒരുനാൾ നീ അറിയേണം

മോഹങ്ങൾ തീർക്കുന്ന വാത്മീകങ്ങളിൽ
ഉറങ്ങും ഉറക്കം അന്നു ഉണർന്നമ്മ
പൊട്ടിവീഴുന്ന ചിതൽപുറ്റാം മോഹങ്ങൾ
കൂട്ടിപ്പെറുക്കി ഞാൻ വെച്ചതേയില്ലുണ്ണി
ഏതോ ലഹരിയിൽ കുതിർന്നൊരാ ചുണ്ടുകൾ
അമർന്നു നൊന്ത ശിരസ്സോ താഴ്ന്നില്ല
ചോദ്യചിഹ്നമായ് ഇന്നു ഞാൻ പോയാലും
ഉത്തരം കിട്ടാത്ത ചോദ്യമല്ലീയമ്മ

അമ്മയാം ചോദ്യത്തിനുത്തരം നീയല്ലേ
അമ്മതൻ സ്നേഹം മാത്രം ഞാൻ വയ്ക്കുന്നു
നീളത്തിലുള്ള കയറിൽ കുരുക്കായി
ഉത്തരം താങ്ങട്ടെ ഇനിയീ മാംസത്തെ
എയിഡ്സായിരുന്നാലും തൂങ്ങിമരിച്ചാലും
അറിക നിന്നമ്മ സ്നേഹമാണെന്ന്
ഉത്തരം താങ്ങുന്ന ചോദ്യചിഹ്നം ഞാൻ
ഉത്തരം കിട്ടാത്തെ ചോദ്യമില്ലെങ്കിലും

Monday, September 19, 2016

കവിതക്കറ

കവിതക്കറ

എന്തു കൊണ്ടീ ചില്ലയിൽ പൂത്തില്ല
നല്ല സുന്തര കോമള പുഷ്പങ്ങൾ
രാവിൽ ഞാനെൻ സ്വപ്ന പ്രകാശത്താൽ
മെല്ലെ പൂക്കുന്ന പൂക്കളെക്കണ്ടുവോ
ഗന്ധസൗര്യഭ്യവും ചിന്തിയ കാന്തിയും
കുഞ്ഞുപൂവിന്റെ നിഷ്കളങ്കത്വവും
കണ്ടു ഞാൻ ഇന്നലെ എന്റെ സ്വപ്നങ്ങളിൽ
മിന്നിമായുന്നുവോ മായയോ മോഹമോ

ഇല്ല മുളളില്ല സാധുവാം ചില്ലയിൽ
പണ്ടു ചൊല്ലിയ കവിതക്കറ മാത്രം
കവിതക്കറയതിൽ പറ്റിപ്പിടിച്ചിടും
നിസ്വാർത്ഥ നശ്വര സ്വപ്നധൂളികൾ
പോയ വേനലത് കോറിയ പാടുകൾ
ലാളിച്ച മഞ്ഞുതുള്ളിയോ മാഞ്ഞുപോയ്
പാടുകൾ കറകൾ പിന്നെയീ മോഹങ്ങൾ
എന്തിനോ വീണ്ടും വെറുതെ ചിരിക്കുന്നു

ചത്ത പൂവിന്റെ ഒട്ടുന്ന തേനില്ല
പൂക്കാത്ത മൊട്ടിന്റെ പൊള്ളുന്ന നോവില്ല
ഓണത്തിന്നാടിയ ഊഞ്ഞാലിൻ സ്മാരകം
ആഴത്തിലാർന്ന രണ്ടു മുറിപ്പാട്
കൊക്കിന്റെ കാഠിന്യം കാണിച്ച് നോവിച്ചും
ഇണചേർന്നും കാഷ്ടിച്ചുമെങ്ങോ പോയവർ
എങ്കിലും വീണ്ടുമാ ചില്ല ചിരിക്കുന്നു
പൊള്ളുന്ന വെയിലിലും പൂക്കുന്നു സ്വപ്നങ്ങൾ

പൂക്കാത്ത മോഹങ്ങൾ കവിതയായ് വിരിയുമോ
വിണ്ടുകീറുന്ന വരികളിൽ ചോര ചുനക്കുമോ
വാക്കുകൾ ഇലകളായ് ആടുന്ന കാറ്റിലായ്
കവിതയുടെ ഈണം കേൾക്കാതെ പോകയോ
കവിതയത് പേറുന്ന ചില്ലയുടെ മാറിലായ്
ഒട്ടിപ്പിടിച്ച കറമാത്രം ബാക്കിയായ്

ഇന്നുമീ വീഥിയിൽ ചില്ലയാം കൈനീട്ടി
നിൽക്കുന്നു ഞാനാം പൂക്കാത്ത പൂമരം
എന്റെ ചില്ലയിൽ പൂക്കണ്ട ആ പൂക്കൾ
എന്റെ കവിതയാണെന്റെ ചെമ്പൂമൊട്ട്
നിന്റെ വണ്ടുകൾ തേടുന്ന തേനല്ല
നീറുന്ന ചെഞ്ചോരയാണതിൻ നെഞ്ചത്ത്
എന്റെ കവിതകൾ പൂത്തില്ലയെങ്കിലും
പറ്റിപ്പിടിച്ചിടും കറയായ് എൻ ചില്ലയിൽ

Wednesday, September 7, 2016

ഹോനായിയും പേരേരയും


ഹോനായി
ഒരിടത്തൊരു ഹോനായി ഉണ്ടായിരുന്നു. ജോൺ ഹോനായി.  പേരിലെ വില്ലത്തരമൊന്നും മൂപ്പരുടെ കൈയ്യിലില്ല. ലുക്കാണെങ്കിൽ തീരെയില്ല. ആകെക്കൂടെയുള്ളത് ഒരു ഗമണ്ഡൻ പേരാണ്. അങ്ങനെ ഹോനായിക്ക് ഇരുപത് വയസ്സ് തികഞ്ഞുകാണണം, അപ്പോഴാണ് അവനോട് ആദ്യമായി ഒരു പെണ്ണ് ചോദിച്ചത്. അല്ല ചോദിച്ചില്ലല്ലോ. പറയിപ്പിച്ചു എന്നു വേണം പറയാൻ. ആ കുപ്ലാംകുഴിയിലെ അമ്മൂമ നീട്ടി ഒരു ചോദ്യം ചോദിച്ചു 'വൈ ഡോൺട് യു ടെൽ മീ ഇടിയറ്റ്?' അമ്മൂമ നല്ല ബെസ്റ്റ് ആളാണ്. അമ്മൂമ എന്ന് പറഞ്ഞാ നമ്മുടെ ഹോനിയെക്കാളും ഒരു ആറു മാസം പ്രായം കൂടും. ഒരേ ക്ലാസ്സ് ആണ്. അമ്മൂമ പക്ഷേ പഞ്ചാബിയാണ്. നല്ല വെളുത്ത  ബോഡിയും ആവശ്യത്തിനു വട്ടും.  ഹോനായി ആദ്യം അന്തം വിട്ട് വണ്ടറടിച്ചു നിന്നെങ്കിലും, പിന്നെ ക്ലിക്കായി. ഇതു മറ്റേതാ - പ്രേമം. പിന്നെ  രണ്ടും കൽപ്പിച്ച് അങ്ങ് അടിച്ചുവിട്ടു. യെസ് ഐ ലൗ യു.

പിന്നങ്ങോട്ട് ഹോനായി ആളാകെമാറി. ഹിന്ദി പഠിച്ചു. ഇടക്കിടക്ക് ഠീക്ക് ഹേ, ആ രാം സേ എന്നൊക്കെ പറയാൻ തുടങ്ങി. കേട്ടാൽ മലയാളം പോലെ തോന്നുമെങ്കിലും അവൻ അവന്റെ യുള്ളിൽ തന്നെ അവൻ വളർന്ന് വളർന്ന് ഒരു ഷാറൂഖ് ഖാനായ് മാറിയിരുന്നു. ആദ്യചുംബനവും അതിന്റെ പൊള്ളുന്ന സുഖവും ആലിംഗനങ്ങളും കൂടിയാപ്പോൾ അവൻ ആർത്തുല്ലസിച്ചു. ഇപ്പോഴാണ് ഈ പേരിന് ഒരു കട്ടി വെച്ചത്. പക്ഷെ അമ്മൂമ വെച്ചത് അവനിട്ടായിരുന്നു. അമ്മൂക്ക് ഒന്നിളകി...വട്ടേ. ആ ഇളക്കത്തിൽ അമ്മൂമ ക്ലാസിലെ കവിയും  സ്വയം പ്രഖ്യാപിത ഇന്റലക്ചലുമായ നിശ്ചലിന്റെ ഗേൾഫ്രണ്ടായി. ഹോ ഗയാ. സബ് നിശ്ചൽ ഹോ ഗയാ. എല്ലാം നിശ്ചൽ  കൊണ്ടുപോയി. അവൻ അവനോട് തന്നെ പറഞ്ഞു.
പിന്നെ ഹോനായി നിരാശാ കാമുകനായി കുറച്ചു നടന്നു. കുടിച്ചു. വലിച്ചു. കുറച്ചു നാൾ ജിമ്മിൽ പോയി,  മുട്ടയുടെ വെള്ള കഴിച്ചു, പ്രോട്ടീൻ ഷെയ്ക്ക് കുടിച്ചു. മസിൽ വന്നില്ലെങ്കിലെന്താ. ഓരോ പുഷപ്പിലും അവളേം നിശ്ചലിനേയും ശ്വാസം മുട്ടിച്ചില്ലേ? മനസ്സിലെങ്കിലും.
കാലം വീണ്ടും കടന്നു പോയി. ഹോനായി ജിം വർക്കൗട്ടൊക്കെ നിർത്തിയെങ്കിലും, വലിയും കുട്യും  നിർത്തിയേയില്ല. പോരാത്തതിന് കഞ്ചാവും അത്യാവശ്യത്തിനുണ്ട്. കഞ്ചാവ് അടിച്ചത് വാശിപ്പുറത്താണ്. നിശ്ചലിനേക്കാൾ നന്നായി എഴുതാൻ. നമ്മുടെ ഹോനായി ഇപ്പോൾ വല്യ എഴുത്തുകാരൻ കൂടിയാണ്. ഫേസ്ബുക്കിലെ ഹോനായിയുടെ പോസ്റ്റുകൾ വളരെ ഫേമസ് ആണ്. പക്ഷേ  കുപ്ലാംങ്കുഴിയും അമ്മൂമ്മയും അങ്ങു പുരോഗമിച്ചിരുന്നു. അമ്മൂമ്മ ഇപ്പൊ ഒരു സിംഗപ്പൂർ- മലയാളി എൻ.ആർ.ഐ ചെക്കന്റെ കൂടെ ലിവ് ഇൻ ആണ്. അവന്റെ മുടിഞ്ഞ ഇംഗീഷ് കേട്ടാൽ പണ്ട് ചങ്ങനാശേരി അഭിനയയിൽ കാശ് കൊടുത്ത് ടെർമിനേറ്റർ കണ്ട ഓർമ്മ വരും.
അങ്ങനെ കഞ്ചാവടിച്ച്

 'പഞ്ചപാണ്ടവൻമാർ സഞ്ചിഭാണ്ടങ്ങളിൽ ഇഞ്ചിതോണ്ടിയിട്ടു പിന്നെ കഞ്ചാവും'

എന്ന കാവ്യ ശില്പം രചിച്ച് എഫ് ബി യിൽ പോസ്റ്റ് ചെയ്യുമ്പോഴാണ്, കഞ്ചാവിന്റെ  പുകമറക്കു പിന്നിൽ അവൾ തെളിഞ്ഞു വന്നത്. അവന്റെ മാലാഖ. ഇപ്പൊ ഒരു  ഫ്രണ്ട് റിക്വസ്റ്റിന്റെ രൂപത്തിലാണ്. 'ശകുന്തള'.


ഈ മുനികുമാരിക ഹോനായിയുടെ കളിക്കൂട്ടുകാരിയായിരുന്നു. അപ്പൻ ഹോനായിയും ശകുന്തളയുടെ താതകണ്വനും കൂട്ടുകാരായിരുന്നു. ഇനി സിനിമയിലെ പോലെ അവർ ഇവരുടെ വിവാഹം നേരത്തെ ഉറപ്പിച്ചു വെച്ചിട്ടുണ്ടോ? അറിയില്ല. ആക്രാന്തം മൂത്ത് ഹോനായി റിക്വസ്റ്റ്  അക്സെപ്റ്റ് ചെയ്തു. അങ്ങ് ദൂരെ മദ്രാസിലെ ഏതോ ഹോസ്റ്റൽ മുറിയിൽ ശകുന്തള ഒരു ചുവന്ന പ്ലാസ്റ്റിക് കുടം പിടിച്ച് അവനെ അവളുടെ ചിമ്മുന്ന മാൻമിഴികളാൽ നോക്കിപ്പിടഞ്ഞ് 'നാഥാ...' എന്നു വിളിച്ച് ഒരു ദീർഘനിശ്വാസം വിട്ടതാണോ ഒരു കാറ്റായ് അടിച്ചത്? അവൻ ചിന്തിച്ചു. ദൈവം അവനെ ഒന്ന്  ഊതിയതാണ്  കാറ്റായടിച്ചതെന്ന് അവൻ വളരെ വൈകിയാണ് മനസ്സിലാക്കിയത്.

പിന്നെ ദീർഘദൂര പ്രണയത്തിന്റെ നാളുകളായിരുന്നു. സെൽഫികളും വീഡിയോ ചാറ്റും വിരഹത്തെ കളിയാക്കി.  ഇടക്ക് രണ്ടു മൂന്നു വട്ടം അവർ കണ്ടുമുട്ടുകയും ഉണ്ടായി. അത് വീണ്ടും  സംഭവിച്ചു. ശകുന്തള ഒരു സുപ്രഭാതത്തിൽ ഹോനായിയുടെ സീനിയർ ആയ ഫിബിന്റെ കൂടെ ഒളിച്ചോടി. ഹോനായി തപോഭൂവിലെ താതകണ്വനെ പ്രാസം ചേർത്തും ചേർക്കാതെയും പലവട്ടം സ്മരിച്ചു. വീണ്ടും കഞ്ചാവടിച്ചു. കവിതയെഴുതി.


' പുകഞ്ഞുകത്തി നിറഞ്ഞുകുത്തി  ഉറച്ചുണർത്തി
നീ കഞ്ചാവേ... നീയാണെൻ മസ്തിഷ്കവും മസ്തിഷ്ക പ്രക്ഷോപണവും '


പെരേര
ഇനി പെരേര. സേറ പെരേര. ആളിച്ചിരി ഫേമസ് ആണ്. ആർ.ജെ  സേറ. പലരുടേയും പകലുകൾക്ക് ശുഭാപ്തിവിശ്വാസത്തിന്റെ പോസിറ്റീവ്  എനർജി നൽകുന്നവൾ. എങ്കിലും നമുക്ക് അവളെ ഹോനായി വിളിക്കുന്നപോലെ മിസ്റ്റർ പെരേര എന്നു വിളിക്കാം. പെരേര ആംഗ്ലോ ഇന്ത്യൻ ആണ്. നല്ല ശുദ്ധമായ കൊച്ചി ഭാഷയിൽ മലയാളവും ഇംഗ്ലീഷും പറയുന്നവൾ.  കാണാപ്പാഠം പഠിച്ച് റേഡിയോയിൽ പുലമ്പുന്നതുപോലയേയല്ല ആള്. ശുദ്ധ തറയാണ്. കുശുമ്പും അസൂയയും വക്രബുദ്ധിയും അവൾ കഴിഞ്ഞേ വേറെ ആർക്കെങ്കിലും ഉള്ളൂ. എങ്കിലും ഹോനായി പറയുന്നത് സത്യമാണ് ആളൊരു പാവമാണ്. പെരേരയുടെ ജീവിതത്തിൽ ഈ പറയുന്നപോലെ പ്രണയവും തേപ്പും അധികമൊന്നുമുണ്ടായിട്ടില്ല. 'ആൾക്ക് അയിനൊന്നും ടൈമില്ലാന്നേയ്' തൃശ്ശൂരു വളർന്ന കഷണ്ടിക്കാരൻ അപ്പൻ പെരേര പറയും. പക്ഷേ, ഏതു പെരേരയയേയും പോലെ അവളുടേയും ടൈം വന്നു. അത്  പറയാം.
പെരേര ലുക്കിൽ മോശമല്ല. സായിപ്പിന്റെ വെളുപ്പ്, തവിട്ട്  കൃഷ്ണമണികളുള്ള വലിയ കണ്ണുകൾ, വട്ടമുഖം. പിന്നെ പേരിനും നല്ല കട്ടിയുണ്ടല്ലോ. ഹോനായിയെ പോലെ കഞ്ചാവടിയും ഇല്ല.

ഹോനായിയും പെരേരയും 

ഹോനായി അവന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പട്ടി 'മാക്സി'ന് ബിസ്കറ്റ് വാങ്ങാനായി സൂപ്പർ മാർക്കറ്റിൽ കയറിയതാണ്. പെരേര അവളുടെ പട്ടി 'ലൂക്കി'നായും. ധൃതിയിൽ പെഡിഗ്രീ പാക്കറ്റ് എടുത്ത് രണ്ടു ദിശയിലേക്ക് തിരിഞ്ഞു നടക്കുമ്പോഴാണ് അവർ അറിഞ്ഞത് അവർ രണ്ടു പേരും ഒരു പാകറ്റിന്റെ രണ്ടറ്റത്തായി പിടിച്ചു നിൽക്കുകയാണെന്ന്. എവരി പെരേര ഹാസ് ഹെർ ഡേ എന്നു പറഞ്ഞതെത്ര സത്യമാണ്. പ്രണയം അവളെത്തേടിയും എത്തിയിരുന്നു. ഹോനായിയും പെരേരയും നോക്കിനിന്നു: അറിയാതെ. അവരുടെ ഇടയിലെ പട്ടിബിസ്കറ്റ് കവറിലെ നായ പോലും തെല്ലൊന്നു നാണിച്ചു. പട്ടിബിസ്കറ്റ് അവളെയേല്പ്പിച്ച് ഹോനായി തിരിഞ്ഞു നടക്കുമ്പോൾ കഞ്ചാവില്ലാതെ അവന്റെയുള്ളിൽ ഒരു കവിത വിരിഞ്ഞു. അതവൻ എഫ്.ബിയിൽ പോസ്റ്റ് ചെയ്തില്ല. എന്തായാലും നന്നായി.
അടുത്ത ദിവസം അവൻ അതേസമയം പട്ടിസാമഗ്രികൾ വച്ചിരിക്കുന്നയിടത്തിൽ അവളെ തേടി പോയി. ഹോനായിയെ പെരേര മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അവൾ ഒരു വലിയ പെഡിഗ്രീ കവറും തൂക്കി അവിടെ നിന്നിരുന്നു. അവളുടെ റീബോക്ക്  ഷൂവിനുള്ളിൽ അവൾ കാൽനഖം കൊണ്ട് ഒരു വര വരച്ചോ. അറിയില്ല.
പിന്നെ ഹോനായിയുടെ മാവ് വീണ്ടും പൂത്തു. ഇടക്ക് കുപ്ലാംങ്കുഴിയിലെ അമ്മൂമ അവിടുന്നു തന്നെയുള്ള ഒരു ചേട്ടനെ കല്യാണം കഴിച്ചിരുന്നു. ശുഭം.

ഇല്ല. അങ്ങനെ അങ്ങ് ശുഭമാകുമോ? ഇല്ല. ഒരു ആഗ്ലോ ഇന്ത്യനെ കെട്ടാൻ അപ്പൻ ഹോനായി അനുവദിക്കണ്ടേ? ആകെ സീൻ ആയി. അങ്ങനെ പെരേര അവളുടെ ആദ്യ പ്രേമത്തിന്റെ അന്തിക്കൂദാശ ചൊല്ലി. ഹോനായി കഞ്ചാവടിനിർത്തിയെന്നാണ് കേൾവി. എങ്കിലും കവിതകൾ വരാറുണ്ട്.
' അന്തിച്ചുവപ്പിൻ ചന്തമൂറും  ചുന്തരിപ്പെണ്ണെ നീ എങ്ങു പോയി?'

ചിലത് പെരേക്കുള്ള സന്ദേശങ്ങൾ പോലെ തോന്നും

 'ഓണത്തിനു മുന്നെ ഞായറാഴ്ച്ച ഞാനെത്തുമ്പോൾ ആ ഓട്ടുരുളി ഇപ്പോഴും കമഴ്ന്നിരിക്കുമോ?'





ഹോനായിയും പെരേരയും നമ്മളോരോരുത്തരുമാണ്. ജീവിതത്തിൽ അറിയാതെ അടുത്തവർ. പറയാതെ അകന്നവർ. അവർ ഇപ്പോഴും എവിടെയൊക്കെയോ ജീവിക്കുന്നു. പെരേര സന്തോഷമായിരുന്നാൽ ഹോനായിയും ഹോനായി സന്തോഷമായിരുന്നാൽ പെരേരയും ഹാപ്പിയാണ്.  ഹോനായി എഫ് ബി യിൽ എഴുതിയ പോലെ

 'പ്രാണസഖി ആത്മസഖി ആകണമെന്നില്ല. ആത്മസഖി പ്രാണസഖിയും. അഥവാ ആയാൽ, മനുഷ്യാ നീ ഭാഗ്യവാനാകുന്നു '


ശുഭം. ശരിക്കും.

Monday, September 5, 2016

നിന്നെക്കുറിച്ചിനിയെന്തെഴുതുവാൻ

നിന്നെക്കുറിച്ചിനിയെന്തെഴുതുവാൻ!
നീ ഇന്നലെപ്പോയ് മറഞ്ഞ സന്ധ്യ!
ഏതോ സന്ധ്യ.

ഇന്നലെ നീയാ പുഴയിലൊഴുക്കിയോ
ചെമ്മേ നീന്തിയ ചെന്തളിർ പൊട്ടുകൾ?
ഓടിയൊഴുകിയും നാണിച്ചു നാണിച്ചും
നന്നേ ചുവന്നവർ, മൗനമാം ബിംബങ്ങൾ
എങ്കിലും ഓർക്ക നീ, പൊട്ടുകൾ പൊട്ടുകൾ
മൊട്ടിട്ട തുള്ളികൾ എത്രയോ എത്രയോ
ഇപ്പുഴ കണ്ടേപോയ്

മൂകയായ് വന്നു നീ, ചിരിതൂകി വന്നു നീ
ഏതോ കുളിരേകും ചിന്തയായ് വന്നുന്നീ
എന്നോതോന്നിയ അറിയാത്ത ദാഹത്താൽ
വറ്റിയുണങ്ങിയ നാക്കിനായ് നീയേകി
സ്വർണ്ണച്ചഷകത്തിൽ തെളിനീർത്തുള്ളികൾ
പുഴയിൽ തറക്കും പോക്കുവെയിലമ്പുകൾ
ഈ പൂവമ്പുകൾ

ഇന്നാ പൊട്ടുകൾ, ഏതോ കടലിലായ്
ഏതോ തിരയിലായ് മുങ്ങുന്ന സ്വപ്നങ്ങൾ
ഏതോ ചുരമതിൽ ഉഴറിയും പതറിയും
നുരയായും പതയായും ചത്തുപൊങ്ങുമ്പൊഴും
ഇന്നുമീ പുഴയിലായ് നിന്നെയോ തേടിയോ
ചെല്ലമാം തുള്ളികൾ മൊട്ടിട്ട മോഹങ്ങൾ
പളുങ്കുബിംബങ്ങൾ


ഇന്നുനീയില്ലിവിടെ ഇല്ലനിൻഓർമ്മയും
നിൻ ചുവപ്പില്ലിവിടെ ഇല്ലതിന്നീണവും
ഇല്ലനിൻ പ്രണയമില്ലില്ലതിലെ ചതിയതും
മെല്ലെയായൂരിയകസവോ ഇല്ലനിൻ പോക്കുവെയിലാടയിന്ന്
നിൻ നഗ്നമാം മേനിമാഞ്ഞിപ്പൊ രാവായ്
രാവിന്നീണത്തിൽ ഇഴുകിയാനദിയൊഴുകി
ഇന്നീ രാവോളം

നിന്നെക്കുറിച്ചിനിയെന്തഴുതുവാൻ!
നീ ഇന്നലെപ്പോയ്മറഞ്ഞ സന്ധ്യ! വെറുമൊരു സന്ധ്യ

Tuesday, August 30, 2016

ഹോസ്പിറ്റൽ ബെഡ്

തന്തയില്ലാത്തവർ
തന്തു തേടുന്നവർ
പിച്ചയെടുത്തവർ
പുച്ഛിക്കപ്പെട്ടവർ
കീറിയൂടുപ്പുകൾ
കോറിയ മോന്തകൾ
നാറുന്ന പുഞ്ചിരി
ഊറുന്ന ദാരിദ്ര്യം
കൊഞ്ചുന്ന കുഞ്ഞുമായ്
കെഞ്ചുന്ന തള്ളകൾ
ഛർദിച്ച ഷർട്ടിലും
വർദ്ധിച്ച ഗാംഭീര്യം
റോട്ടിൽ മരിച്ചവർ
കൂട്ടിൽ കിടന്നവർ
മാനം പോയവൾ
മാനം വിറ്റവൾ
കട്ടുകുടിച്ചവർ
വട്ടുപിടിച്ചവർ
കീറിയ കീശകൾ
നീറിയ പേശികൾ
റോഡ്സൈടുറങ്ങിയോൾ
ഐയ്ഡ്സോടുണർന്നവൾ


ഭൂമിക്കു മീതെയായ്
കേമത്തിൽ പണിതീർത്ത
നാലു മതിലുകൾ
നീലച്ചുവരുകൾ
അതിനുള്ളിൽ കിടന്നോട്ടെ
ചിതയതിനും വേണ്ടാത്തോർ
എല്ലാരും കിടന്നോട്ടെ
തെല്ലൊന്നു താങ്ങു നീ
മിണ്ടാതെ മൂളാതെ
കണ്ടിട്ടും കാണാതെ
എല്ലാരും പോയാലും
തെല്ലൊന്നു താങ്ങു നീ
ഈ ഹോസ്പിറ്റൽ വാർഡിലെ
ഈറനാം നോവിനെ
പേറുന്ന നീയല്ലേ
ഊറുന്ന നന്മയും
മായാത്ത സ്നേഹവും
തായെന്ന സത്യവും!