Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, March 11, 2019

ഇടവപ്പാതി

എഴുത്തിന്റെ അങ്ങാടി
ചെറുകടകൾ
വഴിവാണിഭക്കാർ

ഇടക്ക് പതിയെ പെയ്ത മഴ
നേരം എന്താണ്? അറിയില്ല
ഇടവത്തിന്റെ അരക്കെട്ടിൽ മഴ
പാതിമയക്കത്തിൽ ഇടവം

ഇടതും വലതും കച്ചവടം
കമ്പോള ടാർപ്പാളിൽ കൂരകളിൽ
മഴയുടെ മണമേറ്റു മയങ്ങുന്ന
വാക്കുകൾ, വരികൾ, കഥകൾ, ജീവിതങ്ങൾ

പുസ്തകത്തിൽ ജനിച്ചവർ
അതിൽ മരിച്ചവർ
മരിക്കാതെ മഴയായ് പെയ്യുന്നവർ

മഴ പെയ്തപ്പോൾ നാണിച്ച നേരത്തിന്റെ
അരക്കെട്ടിൽ ആരോ കോറിയിട്ടുവത്രേ -
ഇടവപ്പാതിയെന്ന്

നേരമെന്തെന്നു അറിയാതെ
ഇടവപ്പാതിയിൽ നനഞ്ഞ ഞാനും
എന്റെ കുഞ്ഞക്ഷരങ്ങളും

ചേരാതെ ചേരുന്ന അക്ഷരങ്ങൾ
തോരാതെ പെയ്യുന്ന അക്ഷരങ്ങൾ
ചോരുന്ന ചോരക്കു പെയ്യാൻ
നേരായ നേരം ഇല്ലല്ലോ

എന്റെ അക്ഷങ്ങൾക്ക് കർക്കിടകമാണ്
നനഞ്ഞ അക്ഷരങ്ങൾക്ക് ഭാരമേറുമത്രേ
അകം പുറമാക്കി അങ്ങാടിയിൽ വാക്കുപട്ടങ്ങൾ പറക്കാറുണ്ടത്രേ

മഴയത്ത് അവ പക്ഷികളാവും
ചിറക് വിരിക്കും
പിന്നെ അവരുടെ കൂട്ടിൽ
അടയിരിക്കും

ചോരുന്ന ഭാരമേറുന്ന അക്ഷരങ്ങൾ
കൂടുന്നില്ല, ചേരുന്നില്ല
മഴപെയ്യുന്ന നേരമെല്ലാം ഇടവമോ
ഇടവത്തിൽ മഴ പെയ്യുന്നതോ എന്നവർക്കറിയില്ല

വാങ്ങുവാൻ ആളില്ലാതെ
അങ്ങാടിയിൽ ഞാനും എന്റെ അക്ഷരങ്ങളും വെറുതെ പെയ്തു...

തുള്ളികളായ് ഏതോ മണൽതരികളിൽ
എന്റെ അക്ഷരങ്ങൾ അരിച്ചിറങ്ങി
നേരമറിയാതെ കുളിരിൽ നീരാവിപോലെ ഞാൻ പറന്നുയ്യർന്നു - ഒരു കവിതയായി

ഉയർന്നു പറന്നാൽ മഴപ്പന്തൽ കാണാം...
അക്ഷരങ്ങൾ അരിച്ചിറങ്ങുന്ന നേരത്തിന്റെ
അരക്കെട്ടു കാണാം...

അതിൽ ആരോ വെറുതെ അക്ഷരങ്ങൾ ചേർത്തുവെച്ച് -
വലിയൊരു വാക്കോളം ചെറുതായ കവിത കോറിവരച്ചിരിക്കുന്നു - "ഇടവപ്പാതി"



Saturday, January 6, 2018

വഴിത്താര

ഇനി നമുക്ക് കാണാം, അവിടെ വച്ച്
അവിടെവിടെയോ മറവിയുടെ വഴിത്താരയിൽ

മറക്കുവാൻ കാരണങ്ങൾ പലതുണ്ട്
ഓർമ്മയെ മൂടിവെച്ച പെട്ടിമേൽ അതെഴുതിയിരുന്നില്ല

എങ്കിലും ഇനി നമുക്ക് കാണാം
എവിടെയെന്നറിയില്ലെങ്കിലും ആ വഴിത്താരയയിൽ

അവിടെ തണലുണ്ടോ പൂവുണ്ടോ? അറിയില്ല
എങ്കിലും കാൽപ്പാടുകളുണ്ട് എന്റെയും നിന്റെയും

ഒരുമിച്ചു ചേർന്നു രണ്ടായ് പിരിഞ്ഞ കാൽപ്പാടുകളുണ്ടോ?
മരവിച്ച ഓർമ്മകൾ മറവയിയെ കാർന്നുതിന്നുന്നു

വഴിപോക്കൻ വഴുതിവീണ വഴിവക്കിൽ
വഴിചോറുണ്ണാൻ വഴിതെറ്റിപോലും വന്നില്ല വാവ്

ഇനി നമുക്ക് കാണാം; കണ്ടതൊക്കെ ഓർമ്മപ്പെട്ടിയിൽ അകപ്പെട്ട് മറഞ്ഞെങ്കിലും

മറയാത്ത ഏതോ വഴിത്താരയിൽ, ഓർമ്മയും മറവിയും രണ്ടായി പിരിയുന്ന മുക്കിൽ

ഇനി നമുക്ക് കാണാം, അവിടെവച്ച്

Monday, July 31, 2017

മിന്നാമിനുങ്ങ്


മിന്നാമിനുങ്ങ്

ഋതുക്കൾ കടന്നുവരാത്ത ഇരുട്ടിന്റെ വീടായിരുന്നു മനസ്സ്
എങ്കിലും ഇരുട്ടിനും ഒരു സുരക്ഷിതത്വമുണ്ട്

ഇരുട്ടിന്റെ അറയിൽ വരിയിൽ വച്ചിരിക്കുന്ന പളുങ്കുപാത്രങ്ങൾ
ഇരുട്ടിൽ തിളങ്ങുവാനാവില്ലെങ്കിലും അവർ സുരക്ഷിതരാണ്

പളകുപാത്രങ്ങൾ നിറയെ ലഹരിയാണ്... ആരോ നുണയാതെ പോയ ലഹരി
എഴുതാതെ പോയ വരികൾ ലഹരിയായ് പളുങ്കുപാത്രങ്ങളിൽ നിറയുമ്പോൾ...

വെളിച്ചത്തിന്റെ കണികയായ് ഏതടഞ്ഞ കിളിവാതിലിലൂടെയായ് നീ വന്നു?
എന്റെ മിന്നാമിനുങ്ങേ! എഴുത്തിന്റെ ലഹരി ഇന്നൊഴുകുകയാണ്

രാവിനും പകലിനും ഋതുക്കൾക്കും യുഗങ്ങൾക്കും മീതെ,
കാലത്തിന്റെ അതിർവരമ്പുകൾക്കുമപ്പുറത്ത്

എഴുതാൻ മറന്ന കവിതയുടെ ലഹരി നുണയുകയാണിന്നെന്റെ പാടാൻ മറന്ന ചുണ്ടുകൾ...

Sunday, October 30, 2016

വിലക്കപ്പെട്ട കനി



അവളുടെ തിളങ്ങുന്ന കണ്ണുകളിൽ
തെളിഞ്ഞിരുന്ന നിശ്ചയദാർഢ്യം

അതിൽ ഒളിച്ചിരുന്ന കള്ളച്ചിരി
വാ പൊളിച്ചിരുന്ന ദാഹം

ഒരൊറ്റ ശ്വാസത്തിൽ അവന്റെ
പരിഭ്രമങ്ങളെ അവൾ ഉള്ളിലേക്കെടുത്തുവോ

അഴിച്ചിട്ട മുടിയിൽ
ഒളിച്ചിരുന്ന നിഗൂഢ ഗന്ധം

പളുങ്കുഗ്ലാസ്സിൽ ഒഴിച്ച റമ്മല്ലായിരുന്നു
അന്നവന്റെ ലഹരി

വെളുത്ത പല്ലു കടിച്ച മൂക്കിൽ
തടഞ്ഞ ഏതോ ഗന്ധമായിരുന്നു

ഉറങ്ങുന്ന മനസ്സിൽ
ഉണരുന്ന മോഹമുണ്ട്

ഉണർന്ന മോഹങ്ങൾക്ക്
ചിറകുണ്ട്, സുഖമുണ്ട്

നഖങ്ങൾ കോറിയ മേനിയിൽ
പൊടിഞ്ഞ ചോര

ചോരയും തേനാണ്
മോഹച്ചുവപ്പിന്റെ സത്താണ്

കെട്ടിപ്പുണർന്ന മോഹങ്ങൾ
ഉയർന്നു, പറന്നു

പറന്ന മോഹത്തിന്റെ ഗന്ധം
അവിടാകെ പരന്നു

കെട്ടടങ്ങി കണ്ണു തുറക്കുമ്പോൾ
അവളുടെ കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു

ഇല്ല അവനെ കാത്ത് ആരും ഇല്ല
അവൻ കള്ളം പറഞ്ഞു

ഇല്ല ഞാൻ ആരുടേയും കാമുകിയല്ല
അവളും എന്തിനോ പറഞ്ഞു

കള്ളങ്ങൾ പറഞ്ഞു കഴിഞ്ഞു ചിരിച്ചു
കെട്ടിപ്പുണർന്നകന്നു

വിള്ളൽ വീഴാത്ത ഏതോ ബന്ധങ്ങളെ
താങ്ങി വീണ്ടും കള്ളങ്ങൾ

അവനറിയാമായിരുന്നു തെറ്റവന്റേതെന്ന്
പെണ്ണിന്റെ മോഹത്തെ ഉണർത്തിയത്

അവൾക്കറിയാമായിരുന്നു തെറ്റവളുടേതെന്ന്
അവന്റെ ലഹരിയായതിന്

ഏങ്ങിലും ഇതിൽ തെറ്റെന്ത്
തെറ്റും ശരിയുമെന്ത്?

കള്ളങ്ങളുടെ ലോകം ഉറങ്ങുമ്പോൾ
സത്യത്തിന്റെ ലോകം ഉണരുന്നു

സത്യത്തിന്റെ ലോകത്തിൽ
കള്ളത്തരത്തിനു സ്ഥാനമില്ല

കള്ളങ്ങളുടെ ലോകം
അതിൽ സത്യത്തിന്റെ നിഴലാട്ടമുണ്ട്

നിഴലാട്ടത്തിന്റെ താളം സ്വപ്നം കണ്ട്
അവൻ ഉറങ്ങി

മോഹങ്ങളുടെ ലഹരിയിൽ
അലിയാൻ
സത്യത്തെ വീണ്ടും അറിയാൻ

Tuesday, September 20, 2016

ഉത്തരം താങ്ങിയ ചോദ്യച്ചിഹ്നം



നിന്റെ കണ്ണിലെ തീക്ഷണതയെ അത്രയും
എന്റെ കീറിയ ചുണ്ടാലെ ഒപ്പി ഞാൻ
നിന്റെ കുഞ്ഞിപിരികവും നെറ്റിയും
നെറ്റി ചുളിച്ചൊരാ ആയിരം ചോദ്യവും
ഇല്ല അമ്മക്ക് അതിനൊന്നുമുത്തരം
മുത്തമൊത്തിരി മാത്രമെൻ മുത്തിനായ്
നൽകിയീയമ്മ പോയിടും വൈകാതെ
ഉത്തരം താങ്ങുന്ന ചോദ്യച്ചിഹ്നമായ്

പിന്നെ എന്നുണ്ണിയെ കെട്ടിപ്പിടിച്ചു ഞാൻ
എന്റെ ലോകം കൈയീലൊതുക്കി ഞാൻ
മെല്ലെ ഉയർന്നവൻ അമ്മയെ നോക്കിയോ
കണ്ണിലെൻ ഉണ്ണിയെ നിറച്ചു ഞാൻ പോകുന്നു
കണ്ണു നിറയാതെ നോക്കണം കണ്ണാ നീ
അമ്മയുടെ കണ്ണും നിറഞ്ഞില്ല കണ്ടുവോ

പിന്നെ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ
തുള്ളി കണ്ണീരിറ്റതിൽ വീണപോൽ
ഇനി നീ പോകയീ അമ്മയെ കാണേണ്ട
അമ്മക്കു പോകുവാൻ നേരമായ് നേരമായ്

ഇല്ല പേശികൾ തോലൊട്ടുന്നു എല്ലില്ലായ്
കണ്ണിൽ ഇരുട്ടായി നാക്കും കുഴയുന്നു
ഇല്ല ഞാൻ പെണ്ണായതല്ലയെൻ തെറ്റ്
ഇല്ല കരഞ്ഞില്ല അന്നും ഇന്നും ഞാൻ
കള്ളും കഞ്ചാവും കീറിയ സാരിയിൽ
പോറിയില്ലെൻ മാനം, ഒരുനാൾ നീ അറിയേണം

മോഹങ്ങൾ തീർക്കുന്ന വാത്മീകങ്ങളിൽ
ഉറങ്ങും ഉറക്കം അന്നു ഉണർന്നമ്മ
പൊട്ടിവീഴുന്ന ചിതൽപുറ്റാം മോഹങ്ങൾ
കൂട്ടിപ്പെറുക്കി ഞാൻ വെച്ചതേയില്ലുണ്ണി
ഏതോ ലഹരിയിൽ കുതിർന്നൊരാ ചുണ്ടുകൾ
അമർന്നു നൊന്ത ശിരസ്സോ താഴ്ന്നില്ല
ചോദ്യചിഹ്നമായ് ഇന്നു ഞാൻ പോയാലും
ഉത്തരം കിട്ടാത്ത ചോദ്യമല്ലീയമ്മ

അമ്മയാം ചോദ്യത്തിനുത്തരം നീയല്ലേ
അമ്മതൻ സ്നേഹം മാത്രം ഞാൻ വയ്ക്കുന്നു
നീളത്തിലുള്ള കയറിൽ കുരുക്കായി
ഉത്തരം താങ്ങട്ടെ ഇനിയീ മാംസത്തെ
എയിഡ്സായിരുന്നാലും തൂങ്ങിമരിച്ചാലും
അറിക നിന്നമ്മ സ്നേഹമാണെന്ന്
ഉത്തരം താങ്ങുന്ന ചോദ്യചിഹ്നം ഞാൻ
ഉത്തരം കിട്ടാത്തെ ചോദ്യമില്ലെങ്കിലും

Monday, September 19, 2016

കവിതക്കറ

കവിതക്കറ

എന്തു കൊണ്ടീ ചില്ലയിൽ പൂത്തില്ല
നല്ല സുന്തര കോമള പുഷ്പങ്ങൾ
രാവിൽ ഞാനെൻ സ്വപ്ന പ്രകാശത്താൽ
മെല്ലെ പൂക്കുന്ന പൂക്കളെക്കണ്ടുവോ
ഗന്ധസൗര്യഭ്യവും ചിന്തിയ കാന്തിയും
കുഞ്ഞുപൂവിന്റെ നിഷ്കളങ്കത്വവും
കണ്ടു ഞാൻ ഇന്നലെ എന്റെ സ്വപ്നങ്ങളിൽ
മിന്നിമായുന്നുവോ മായയോ മോഹമോ

ഇല്ല മുളളില്ല സാധുവാം ചില്ലയിൽ
പണ്ടു ചൊല്ലിയ കവിതക്കറ മാത്രം
കവിതക്കറയതിൽ പറ്റിപ്പിടിച്ചിടും
നിസ്വാർത്ഥ നശ്വര സ്വപ്നധൂളികൾ
പോയ വേനലത് കോറിയ പാടുകൾ
ലാളിച്ച മഞ്ഞുതുള്ളിയോ മാഞ്ഞുപോയ്
പാടുകൾ കറകൾ പിന്നെയീ മോഹങ്ങൾ
എന്തിനോ വീണ്ടും വെറുതെ ചിരിക്കുന്നു

ചത്ത പൂവിന്റെ ഒട്ടുന്ന തേനില്ല
പൂക്കാത്ത മൊട്ടിന്റെ പൊള്ളുന്ന നോവില്ല
ഓണത്തിന്നാടിയ ഊഞ്ഞാലിൻ സ്മാരകം
ആഴത്തിലാർന്ന രണ്ടു മുറിപ്പാട്
കൊക്കിന്റെ കാഠിന്യം കാണിച്ച് നോവിച്ചും
ഇണചേർന്നും കാഷ്ടിച്ചുമെങ്ങോ പോയവർ
എങ്കിലും വീണ്ടുമാ ചില്ല ചിരിക്കുന്നു
പൊള്ളുന്ന വെയിലിലും പൂക്കുന്നു സ്വപ്നങ്ങൾ

പൂക്കാത്ത മോഹങ്ങൾ കവിതയായ് വിരിയുമോ
വിണ്ടുകീറുന്ന വരികളിൽ ചോര ചുനക്കുമോ
വാക്കുകൾ ഇലകളായ് ആടുന്ന കാറ്റിലായ്
കവിതയുടെ ഈണം കേൾക്കാതെ പോകയോ
കവിതയത് പേറുന്ന ചില്ലയുടെ മാറിലായ്
ഒട്ടിപ്പിടിച്ച കറമാത്രം ബാക്കിയായ്

ഇന്നുമീ വീഥിയിൽ ചില്ലയാം കൈനീട്ടി
നിൽക്കുന്നു ഞാനാം പൂക്കാത്ത പൂമരം
എന്റെ ചില്ലയിൽ പൂക്കണ്ട ആ പൂക്കൾ
എന്റെ കവിതയാണെന്റെ ചെമ്പൂമൊട്ട്
നിന്റെ വണ്ടുകൾ തേടുന്ന തേനല്ല
നീറുന്ന ചെഞ്ചോരയാണതിൻ നെഞ്ചത്ത്
എന്റെ കവിതകൾ പൂത്തില്ലയെങ്കിലും
പറ്റിപ്പിടിച്ചിടും കറയായ് എൻ ചില്ലയിൽ

Monday, September 5, 2016

നിന്നെക്കുറിച്ചിനിയെന്തെഴുതുവാൻ

നിന്നെക്കുറിച്ചിനിയെന്തെഴുതുവാൻ!
നീ ഇന്നലെപ്പോയ് മറഞ്ഞ സന്ധ്യ!
ഏതോ സന്ധ്യ.

ഇന്നലെ നീയാ പുഴയിലൊഴുക്കിയോ
ചെമ്മേ നീന്തിയ ചെന്തളിർ പൊട്ടുകൾ?
ഓടിയൊഴുകിയും നാണിച്ചു നാണിച്ചും
നന്നേ ചുവന്നവർ, മൗനമാം ബിംബങ്ങൾ
എങ്കിലും ഓർക്ക നീ, പൊട്ടുകൾ പൊട്ടുകൾ
മൊട്ടിട്ട തുള്ളികൾ എത്രയോ എത്രയോ
ഇപ്പുഴ കണ്ടേപോയ്

മൂകയായ് വന്നു നീ, ചിരിതൂകി വന്നു നീ
ഏതോ കുളിരേകും ചിന്തയായ് വന്നുന്നീ
എന്നോതോന്നിയ അറിയാത്ത ദാഹത്താൽ
വറ്റിയുണങ്ങിയ നാക്കിനായ് നീയേകി
സ്വർണ്ണച്ചഷകത്തിൽ തെളിനീർത്തുള്ളികൾ
പുഴയിൽ തറക്കും പോക്കുവെയിലമ്പുകൾ
ഈ പൂവമ്പുകൾ

ഇന്നാ പൊട്ടുകൾ, ഏതോ കടലിലായ്
ഏതോ തിരയിലായ് മുങ്ങുന്ന സ്വപ്നങ്ങൾ
ഏതോ ചുരമതിൽ ഉഴറിയും പതറിയും
നുരയായും പതയായും ചത്തുപൊങ്ങുമ്പൊഴും
ഇന്നുമീ പുഴയിലായ് നിന്നെയോ തേടിയോ
ചെല്ലമാം തുള്ളികൾ മൊട്ടിട്ട മോഹങ്ങൾ
പളുങ്കുബിംബങ്ങൾ


ഇന്നുനീയില്ലിവിടെ ഇല്ലനിൻഓർമ്മയും
നിൻ ചുവപ്പില്ലിവിടെ ഇല്ലതിന്നീണവും
ഇല്ലനിൻ പ്രണയമില്ലില്ലതിലെ ചതിയതും
മെല്ലെയായൂരിയകസവോ ഇല്ലനിൻ പോക്കുവെയിലാടയിന്ന്
നിൻ നഗ്നമാം മേനിമാഞ്ഞിപ്പൊ രാവായ്
രാവിന്നീണത്തിൽ ഇഴുകിയാനദിയൊഴുകി
ഇന്നീ രാവോളം

നിന്നെക്കുറിച്ചിനിയെന്തഴുതുവാൻ!
നീ ഇന്നലെപ്പോയ്മറഞ്ഞ സന്ധ്യ! വെറുമൊരു സന്ധ്യ

Tuesday, August 30, 2016

ഹോസ്പിറ്റൽ ബെഡ്

തന്തയില്ലാത്തവർ
തന്തു തേടുന്നവർ
പിച്ചയെടുത്തവർ
പുച്ഛിക്കപ്പെട്ടവർ
കീറിയൂടുപ്പുകൾ
കോറിയ മോന്തകൾ
നാറുന്ന പുഞ്ചിരി
ഊറുന്ന ദാരിദ്ര്യം
കൊഞ്ചുന്ന കുഞ്ഞുമായ്
കെഞ്ചുന്ന തള്ളകൾ
ഛർദിച്ച ഷർട്ടിലും
വർദ്ധിച്ച ഗാംഭീര്യം
റോട്ടിൽ മരിച്ചവർ
കൂട്ടിൽ കിടന്നവർ
മാനം പോയവൾ
മാനം വിറ്റവൾ
കട്ടുകുടിച്ചവർ
വട്ടുപിടിച്ചവർ
കീറിയ കീശകൾ
നീറിയ പേശികൾ
റോഡ്സൈടുറങ്ങിയോൾ
ഐയ്ഡ്സോടുണർന്നവൾ


ഭൂമിക്കു മീതെയായ്
കേമത്തിൽ പണിതീർത്ത
നാലു മതിലുകൾ
നീലച്ചുവരുകൾ
അതിനുള്ളിൽ കിടന്നോട്ടെ
ചിതയതിനും വേണ്ടാത്തോർ
എല്ലാരും കിടന്നോട്ടെ
തെല്ലൊന്നു താങ്ങു നീ
മിണ്ടാതെ മൂളാതെ
കണ്ടിട്ടും കാണാതെ
എല്ലാരും പോയാലും
തെല്ലൊന്നു താങ്ങു നീ
ഈ ഹോസ്പിറ്റൽ വാർഡിലെ
ഈറനാം നോവിനെ
പേറുന്ന നീയല്ലേ
ഊറുന്ന നന്മയും
മായാത്ത സ്നേഹവും
തായെന്ന സത്യവും!

Monday, July 4, 2016

കുളിര്


ഇരുട്ടിന്റെ പാതയ്ക്ക് കുളിരുണ്ട്
കുളിരിന്റെ കരളിൽ നീറ്റലുണ്ട്
നീറിയ കരളും പേറിയ കുളിരിന്
പാതയോരത്തായ് ഞാനുമുണ്ട്

കുളിരിന്റെ ലാളനം വെറുതെയെന്റെ
പകലിന്റെ ഓർമ്മയെ ഉണർത്തുമ്പോഴും
അറിയാതെ നീറുന്ന കുളിരും ഞാനും
ഒരു തുള്ളി വെള്ളമായ് കേണീടുന്നു

കുളിരിന്റെ കണ്ണീരാ മുല്ലപ്പൂവിൽ
നിറങ്ങളായ് നാളെ ചിരിച്ചിടുമ്പോൾ
അരിമുല്ലപ്പൂവിൻ സുഗന്ധമൂറും
ഓർമ്മകളെന്നിൽ വെറുതെ പൂക്കും

വെറുതെയാണെങ്കിലും തിരിഞ്ഞുനോക്കെ
പിന്നിട്ട വഴിയിൽ നിൻ കാൽപ്പാടില്ല
വഴിയിലെ കുളിരിന്റെ നെഞ്ചിൽ നോക്കെ
ഒരു പ്രാർത്ഥനയായ് നീ വെറുതെനിന്നു

വഴിയില്ലാതലയുമ്പോൾ വലയാതിരിക്കാനോ
വഴിയിൽ കുളിരായ് നീ വന്നുനിന്നു?
എന്റെ വഴിയിൽ കുളിരായ് നീ വന്നുനിന്നു?

Tuesday, January 12, 2016

അറിയാത്ത തീരങ്ങൾ

അറിയാതെ വെറുതെ ചിരിച്ചു
മുറിവുകളിൽ കുളിരെന്ന പോലെ നീ വന്നു
വെയിലത്ത് നീ കുടയായില്ലെങ്കിലും
വരമ്പത്ത് വിരൽത്തുമ്പിൽ നിൻ സ്പർശം
ഒരു നിർവൃതിയായ് വാനോളമുയർന്നില്ലെങ്കിലും
ഒരു ചിരിയായ് നീ എന്നിലെ ഞാനാവുന്നു
പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്കു നാം പറന്നുയർന്നില്ലെങ്കിലും
വിരഹത്തിന്റെ ശൂന്യത എന്നെ ഭയപ്പെടുത്തുന്നുവോ
അറിയില്ല പ്രണയത്തിന്റെ പനിനീർ പൂക്കൾക്കളുടെ ലോകത്തിനപ്പുറം
ഉണ്ടായിരിക്കാം മനസ്സുകൾ ഒന്നാകുന്ന ഒരു തീരം




Saturday, July 18, 2015

നിന്നിലേക്കുള്ള ദൂരം

നിന്നിലേക്കുള്ള ദൂരമളന്നില്ല ഞാൻ
അറിഞ്ഞില്ല പിന്നിട്ട വഴിയിലെ കല്ലും മുള്ളും
പോയ നേരവും പോകാതെ പോയ ജീവനും
അറിഞ്ഞില്ല പോയി മറഞ്ഞ ചിരിയും മോഹവും

ഒരു നിശ്വാസക്കാറ്റായ് ഒരു നെടുവീർപ്പിന്റെ പാഴ്ശ്രുതിയായ്
ഒരു ഗദ്ഗദത്തിന്റെ ഇരമ്പലായ് ഒരു മോഹഭംഗത്തിന്റെ മൗനശകലമായ് നീ നടന്നകലുമ്പോഴും
അറിയുന്നില്ല ഞാൻ നിന്നിലേക്കുള്ള ദൂരം

ഒരു കരലാളനത്തിന്റെ നിറവായ്
നിന്നെ അറിഞ്ഞതില്ലെങ്കിലും
മൃദുവായ നിന്റെ ചുണ്ടുകളിൽ അറിയാതലിഞ്ഞതില്ലെങ്കിലും
നിന്നിലേക്കുള്ള ദൂരമത്രയും താണ്ടുമ്പൊഴും
എന്നെ നിനക്കറിയാതെ നൽകി ഞാനെങ്കിലും
അറിയുന്നില്ല നിന്നെയും നിന്നിലേക്കുള്ള ദൂരവും

ഹൃദയത്തിലന്ന് മൗനസ്പർശനങ്ങളായിരുന്നു
നിന്റെ നോട്ടമെങ്കിലും ഇന്ന് നടന്നു തളരുമ്പൊഴും
അറിയാതെ ഒരു സ്പർശനത്തിന്റെ പോറലായ് ഒരു കാറ്റ് വീശി
നഷ്ടമോഹപടലങ്ങൾ പേറിയ കാറ്റിനെതിരെ നടക്കുമ്പൊഴും
അറിയുന്നില്ല നിന്നെയും നിന്നിലേക്കുള്ള ദൂരവും

Monday, July 6, 2015

നിങ്ങളുടെ കവിത

എന്റെ കൈകളിൽ കവിതയുടെ ഭംഗിയില്ല
എന്റെ മനസ്സിൽ ഭാവനയുടെ തിരയാട്ടമില്ല
എന്റെയുള്ളിലെ ഓർമ്മകൾ പകരാൻ വാക്കില്ല
പിന്നെയുമീ വഴിപ്പോക്കന്റെ പിച്ചും പേയും
കേട്ടുറങ്ങിയ വഴിത്തുമ്പകൾ പൂത്തില്ല തളിർത്തില്ല
എഴുതുവാൻ അറിയില്ല പാടുവാൻ പാട്ടില്ല
ഇന്ന് പഴയതെറ്റുകൾ വെറുതേ ചികയുമ്പോഴും
ഇന്നും പുതിയവഴികൾ വീണ്ടും തിരയുമ്പോഴും
പോയവഴികളിൽ പോകാത്തവഴി തേടുമ്പൊഴും
പോയകാലത്തെ വെറുതെ തിരികെവിളിക്കുമ്പൊഴും
തിരിഞ്ഞുനോക്കാതോടുന്ന കാലത്തെയും
പോകാത്ത വഴിയിലെ എത്താത്ത കൊമ്പിനേയും
എത്തിവലിഞ്ഞു എത്താതെ പിടിക്കാനും
പിടിച്ച കൊമ്പിലിരുന്നോടുന്ന കാലത്തെ-
ക്കുറിച്ചൊരുകവിതയെഴുതിപ്പാടാനും മോഹം

വായനയില്ലാത്തയെന്റെ  ഏകാന്തതയിൽ
ഒരോക്കാനമായ് ഓർമ്മകൾ പൊന്തി വന്നു
വാക്കുകളറിയാത്ത ഈണങ്ങൾ തഴുകാത്ത-
യെന്റെയുള്ളിൽ ഏതോ വികാരം തിങ്ങിനിന്നു
എഴുതാത്ത പാടാത്ത പാട്ടായ് വിതുംമ്പിയത്
നിങ്ങൾ എനിക്ക് പകരാഞ്ഞ കവിതയോ

എങ്കിലും പോകുവാൻ ദൂരമേറെയുണ്ട്
പോകുന്നവഴികളിൽ പോകാത്തവഴി തേടേണ്ടതുണ്ട്
തെളിഞ്ഞ നെറ്റിയിൽ ചുളിവുകൾ എഴുതേണ്ടതുണ്ട്
ചുളിഞ്ഞ നെറ്റിയിൽ മുറിപ്പാട് കോറുവാനുണ്ട്
മേനി കറുക്കാനുണ്ട് മനമുറക്കാനുണ്ട്
തഴമ്പുകൾ പിറക്കാനുണ്ട് പാദങ്ങൾ വെട്ടിക്കീറുവാനുണ്ട്

പകരാത്ത കവിതകൾ നിങ്ങൾ ചൊല്ലുമ്പൊഴും
ചൊല്ലാത്ത കവിതയായ് വെയിലേറ്റു വാടുന്നു ഞാൻ

നിന്റെ ചിരി മാത്രം

ഒരു പൂവായ് വീണ്ടും വിരിയുന്ന മണവും
മണമേകിമാഞ്ഞൊരാ തളിരോർമ്മപ്പൂക്കളും.
വെറുതെയീ കണ്ണിൽ നിറയുന്ന മൗനം
അറിയാതെ കവിഞ്ഞൊരു തുള്ളിയായ് വീണുവോ

വിറയാർന്ന ഇടനെഞ്ചു നീറി മുറിഞ്ഞു-
തിരുന്ന ചുടുചോരത്തുള്ളികൾ തഴുകി-
ച്ചുവപ്പിച്ച മോഹങ്ങൾ കണ്ണാടി നോക്കവേ
ആ കണ്ണാടിയിൽ വിരിഞ്ഞതു നിന്റെ ചിരിമാത്രം.


Wednesday, June 24, 2015

വീഡിയോ ചാറ്റ്

രണ്ടു സ്ക്രീനുകൾ
ഒരു ബോയ്ഫ്രണ്ട്
ഒരു ഗേൾഫ്രണ്ട്
അവരുടെ വീഡിയോ ചാറ്റ്
അവരുടെ ലോകം
അവന്റെ കൗതുകം
അവളുടെ ക്ഷിപ്രവശംവദത്വം
അവളുടെ കുട്ടിക്കളി, കള്ളച്ചിരി
പരസ്യമായ രഹസ്യം

ഒളിച്ചും പതുങ്ങിയും തലയിലെ തോർത്തുമാറ്റി ഒരു പകൽ
പകലിന്റെ സമൂഹത്തിന്റെ പരിഹാസം
സന്ധ്യയുടെ മൗനം
രാത്രിയിൽ ശൂന്യതയിൽ ഒരു തുള്ളി കണ്ണൂനീര്
അതുകാണാതെ പകലിന്റെ സമൂഹം  തല തോർത്തു കൊണ്ട് ഒളിപ്പിച്ച് കണ്ണടച്ചുകിടന്നു; ഉറക്കം നടിച്ച്
പിന്നെ ആരെയൊക്കെയോ വിശ്വസിപ്പിക്കാനായ് ഒരു കൂർക്കംവലി

Thursday, June 18, 2015

ഇയർഫോണ്സ്

ചുറ്റിപ്പിടഞ്ഞും ഒട്ടിപ്പിടിച്ചും 
വടിവോടെ വളഞ്ഞും
കുരുങ്ങി ഉറങ്ങിയും
ഊരാക്കുരുക്കായി ഉണർന്നും

ഏതോ വിമൂകലോകത്തു നിന്നും എന്നെ വിളിച്ചുണർത്തി
എന്റെ നിമിഷങ്ങളെ താളത്തിലൊതുക്കി
എന്നെ ഞാനാക്കിയ പാട്ടിനെ,

ആ ഫോണിന്റെ മൂകമായ ചുണ്ടുകളിൽ നിന്നും
എന്റെ കൊച്ചു ചെവിയിലെത്തിച്ച ഇയർഫോൺസ്

നിന്റെ കുരുക്കഴിക്കാൻ, നിന്നെ സ്വതന്ത്ര്യയാക്കാൻ,
നിന്റെ പാട്ടുകേൾക്കാൻ. എപ്പോഴും എന്തിനോ തുടിക്കുന്നു  ഈ പാഴ്മനസ്സ്

Wednesday, June 17, 2015

കാത്തിരിപ്പ്

ഇന്നെന്റെ പ്രണയം ഒരു കാത്തിരിപ്പാണ്
പടവുകൾ ഏറെ കയറിവന്നെങ്കിലും
കാതങ്ങൾ എത്രയോ താണ്ടിവന്നെങ്കിലും
കാലമെത്രയോ പോയ്മറഞ്ഞെങ്കിലും
ഇന്നും എന്റെ സന്ധ്യകൾക് ചമ്പകപ്പൂവിന്റെ ഗന്ധം

വീണ്ടും വീശുന്ന കാറ്റും
പിന്നെയും നാണിച്ച സന്ധ്യയും
എതോ ചക്രവാളത്തിന്നപ്പുറം നിന്നെത്തുന്ന കിളികളും
മഞ്ഞിന്റെ മൂടുപടം മെല്ലെ മാറ്റി നാണിച്ച് സൂര്യനെ നോക്കുന്ന പൂക്കളും
നനഞ്ഞ മണ്ണിന് ചെറുചൂടേകി ഒരിക്കലും പിരിയില്ല നിന്നെയെന്നോതി
പരതുന്ന വിരലിട്ടിക്കിളിയാക്കുന്ന ആ വൻ വൃക്ഷത്തിന്റെ വേരുകളും
എന്റെ പ്രണയത്തിന്റെ സാക്ഷികൾ

എങ്കിലും ഇന്നലെ ഞാനിതെല്ലാം മറന്ന് ഏതോ തീരത്ത്‌ പോയിരുന്നു
ദൂരെ ചക്രവാളത്തിൽ ഒരു പുലരി ഒരു രാവിനെ എന്നിൽ നിന്നും മറച്ചപ്പോൾ
അറിയാതെ ഞാൻ കരുതി എന്റെ പ്രണയം എന്റെ ഉള്ളിൽ മരിച്ചുവെന്ന്

എങ്കിലും ഏതോ മാമലയുടെ കാഠിന്യത്തിൽ പിറന്ന ആ കാറ്റിന്റെ ആലസ്യവും
പിന്നെയും ചുവന്ന സന്ധ്യയുടെ പരിഭവഭാവവും
ആ ദേശാടനക്കിളിയുടെ വിരഹത്തിന്റെ ചിറകടിയും
മഞ്ഞിന്റെ കുളിരിൽ കുളിച്ച പൂവിന്റെ നിശ്വാസമായ ഗന്ധവും
ആ മരത്തിന്റെ വേരിൽ നാണിച്ചൊതുങ്ങിയ മണ്ണിന്റെ ചുവപ്പും
ഉള്ളിലുറങ്ങിയ പ്രണയത്തെ വെറുതെ വിളിച്ചുണർത്തുന്നു
എന്റെയുള്ളിൽ പ്രണയം വീണ്ടും ഉണരുന്നു
മറ്റൊരു കാത്തിരിപ്പായ്

Tuesday, June 16, 2015

പ്രേതം

പണ്ടെനിക്ക് കൂട്ടായി ഒരു നിഴലെങ്കിലുമുണ്ടായിരുന്നു

പണ്ടു വീശിയ കാറ്റിന്റെ വിരലുകൾ കുളിരേകിയിരുന്നു

പണ്ടത്തെ പൂവിന്റെ ഗന്ധത്തിൽ ഓർമ്മകൾ പൂത്തിരുന്നു

പണ്ടാ മഴത്തുള്ളികൾ കൺചിമ്മി പ്രണയത്തിന്റെ വർണ്ണങ്ങൾ തെളിച്ചിരുന്നു

വെറുതെ പ്രേതമായ് എല്ലാം ത്വജിച്ച് അലയുമ്പോഴും

ഒറ്റപ്പെടലിന്റെ ശുന്യതയിൽ കൂരിരുട്ടിൽ ഇരിക്കുമ്പോഴും

നഷ്ടസ്വർഗ്ഗത്തിലെ കൊച്ചു പൂന്തോട്ടത്തിൽ,

ഇഷ്ടമുള്ളതൊക്കെയും ഓർക്കാതെ ഓർക്കുമ്പോഴും

ഓർമ്മയില്ലെങ്കിലും മറവിയുമില്ലിന്നെനിക്ക്

എന്റെ കാൽപ്പാടുകൾ നോക്കി കാലത്തിന്റെ എതിരെ അലയുന്നു

വന്നവഴികളത്രയും തിരികെ നടക്കുമ്പോഴും

എന്റെ ചിരിയും കരച്ചിലും നോവും നിഴലും

തിരിച്ചുകിട്ടിയെങ്കിലെന്നറിയാതെ ആശിച്ചുപോകുന്നു

Sunday, June 14, 2015

പരകായപ്രവേശം

ഇരട്ടകളായിരുന്നു നമ്മൾ
പിന്നീട് ഞാൻ മരിച്ചു
നീ എന്റെ കൂടെപ്പിറക്കേണ്ടിയിരുന്നവൻ

നീ ഒരു ഭ്രൂണമായ് ഏതോ ഉറക്കം ഉറങ്ങുകയായിരുന്നു
വിധിയുടെ മാറാല ആ ഗർഭപാത്രത്തിൽ നിറഞ്ഞിരുന്നു
ആ വലയിൽ എന്റെ ജീവനില്ലാത്ത ഭ്രൂണം

പൊട്ടക്കിണറ്റിലെ തവളയെപോലെ,
ഈ കൊച്ചു ഗർഭപാത്രമാണുലകം എന്നു നീ കരുതി

പ്രേതമാണെങ്കിലും നിന്റെയീ ചേട്ടനറിയാം സ്നേഹമാണ്, സംരക്ഷണമാണ് നിന്റെ ലോകം;
നമ്മുടെ അമ്മയുടെ ഗർഭപാത്രം!

പ്രേതമാണെങ്കിലും നിന്റെയീ ചേട്ടനറിയാം നമ്മൾ ഒരു ശരീരവും രണ്ടാത്മാവുമെന്ന്

ഇനി പരകായപ്രവേശം

ഞാൻ നിന്നിൽ ജീവിക്കും, നീ ഉറങ്ങുമ്പോൾ ഒരു കവിതയായ് ഉണരാൻ

ഞാനം നീയും നമ്മുടെ ശരീരവും ഉറവിന്റെ വികൃതികൾ.

Saturday, June 13, 2015

ഞാൻ എന്ന ആവർത്തനവിരസത

ഞാൻ നിന്റെ ആവർത്തനവിരസത
പ്രണയത്തിന്റെ വർണ്ണചിത്രം തീർക്കാനെനിക്കറിയില്ല
എങ്കിലും ഇന്നലെ സന്ധ്യയിൽ മൂകമായ ആകാശത്തോട്
ഞാൻ എന്റെ പ്രണയം പറഞ്ഞു
അവളുടെ മുഖം ചുവന്നു തുടുത്തു

Sunday, June 7, 2015

മൂകസാക്ഷി

ഞാൻ ഒരു മതിലാണ് 

എന്റെ ഇടതുവശത്ത് ലേബർ റൂം

വലതുവശത്ത് ഐ.സി.യു

എന്നെ മാറോളം മറയ്ക്കുന്ന ടൈലുകൾ രണ്ട് വശത്തും ഉണ്ട്

അവർ ഇടക്ക് കുശലം പറയാറുണ്ട്

ജനനത്തിന്റെയും മരണത്തിന്റെയും കഥകൾ

ഞാൻ മൂകസാക്ഷി